Connect with us

National

ഗോഡ്‌സെയെ മഹത്വവത്കരിച്ച ബി ജെ പി. എം പി വിവാദത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ മഹത്വവത്കരിച്ച ബി ജെ പി എം പി സാക്ഷി മഹാരാജ് വിവാദക്കുരുക്കില്‍. മഹാരാഷ്ട്രയില്‍ ശൗര്യ ദിവസ് എന്ന പരിപാടിയില്‍ നടന്ന ഗോഡ്‌സെ അനുസ്മരണ ചടങ്ങിലാണ് എം പിയുടെ വിവാദ പ്രസ്താവന. ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്നാണ് അദ്ദേഹം പരിപാടിയില്‍ പറഞ്ഞത്. ബി ജെ പി എം പിയുടെ പ്രസ്താവനയെ തുടര്‍ന്ന് രാജ്യസഭ സ്തംഭിച്ചു. പ്രസ്താവന വിവാദമായതോടെ സാക്ഷിമഹാരാജ് പ്രസ്താവന പിന്‍വലിച്ച് തടിയൂരി.
നാഥുറാം ഗോഡ്‌സെ ദേശീയവാദിയായിരുന്നെന്നും എന്നാല്‍ മഹാത്മാഗാന്ധി രാജ്യത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തുവെന്നുമാണ് സാക്ഷി മഹാരാജ് ചടങ്ങില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന കോണ്‍ഗ്രസ് അംഗം ഹുസൈന്‍ ദല്‍വായ് ആണ് രാജ്യസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
ആഗ്രയില്‍ നടന്ന മത പരിവര്‍ത്തനവും ഇപ്പോഴത്തെ ഗോഡ്‌സെ അനുസ്മരണവും ബി ജെ പിയുടെ നടപടി ആണെന്നും സംഭവം സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് കത്തയച്ചതായും ദല്‍വായ് സഭയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രസ്താവനയെ ഏറ്റുപിടിച്ച് മറ്റ് പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങളും രംഗത്തെത്തിയതോടെ സഭയില്‍ പ്രക്ഷുബ്ധാവസ്ഥയായി. സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി ചില പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍മാന്റെ ചെയറിനരികത്തെത്തി. പ്രതിപക്ഷ അംഗങ്ങളുടെ നടപടിയില്‍ രോഷാകുലനായ പാര്‍ലിമെന്ററികാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി പ്രസ്താവനയുമായി രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ ഘാതകരെ ഒരര്‍ഥത്തിലും സര്‍ക്കാര്‍ പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി പ്രസ്താവന നടത്തിയിട്ടും പ്രതിപക്ഷ ബഹളം ശമിക്കാത്തതിനെ തുടര്‍ന്ന് ചെയര്‍മാന്‍ പി ജെ കുര്യന്‍ സഭ ഉച്ച വരെ നിര്‍ത്തിവെച്ചു.
ഉച്ചക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷ ബഹളത്തിന് ശമനമുണ്ടായില്ല. ഇതിനെ തുടര്‍ന്ന് സഭ പത്ത് മിനുട്ട് വീണ്ടും നിര്‍ത്തിവെച്ചു. ഇടവേളക്ക് ശേഷം വീണ്ടും ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസിലെ ആനന്ദ് ശര്‍മ ഈ വിഷയത്തില്‍ സഭ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സഭ നടപടികള്‍ മുന്നോട്ട് പോകണമെന്നാണ് പ്രതിപക്ഷത്തിന്റെ താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഒച്ചപ്പാടിന് അല്‍പ്പം ശമനമുണ്ടായത്. തുടര്‍ന്ന് പാര്‍ലിമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവും പ്രസ്താവന നടത്തി. ഗാന്ധി വധവുമായി ബന്ധപ്പെട്ടവരെ പുകഴ്ത്തുന്നത് ഒരാളും അംഗീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രസ്താവന വിവാദമായതോടെയാണ് സാക്ഷി മഹാരാജ് പ്രസ്താവന പിന്‍വലിച്ച് രംഗത്തെത്തിയത്.
താന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി കാണുന്നില്ലെന്നും മഹാരാജ് പറഞ്ഞു. നേരത്തെ ആര്‍ എസ് എസ് മുഖപത്രമായ കേസരിയില്‍ നെഹ്‌റുവിനെ ആയിരുന്നു ഗോഡ്‌സെ വധിക്കേണ്ടിയിരുന്നതെന്ന ലേഖനം ബി ജെ പി യെ വിവാദത്തിലാഴ്ത്തിയിരുന്നു.

---- facebook comment plugin here -----