Connect with us

International

വിശ്വസിക്കാനാകാത്ത ക്രൂരതകളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Published

|

Last Updated

ലണ്ടന്‍: തീവ്രവാദികളെന്ന് സംശയിക്കുന്നവരെ ക്രൂരപീഡനങ്ങള്‍ക്കിരയാക്കിയ സി ഐ എ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന്, അമേരിക്കയുടെ ഏറ്റവും അടുത്ത രാജ്യമായ ബ്രിട്ടന്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തി. നടപടിയെ ശക്തമായി എതിര്‍ത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ജനങ്ങള്‍ക്ക് വിശ്വസിക്കാനാകാത്ത വിധം ക്രൂരമായ പീഡനങ്ങളാണ് സി ഐ എ നടത്തിയതെന്നും വിശദീകരിച്ചു.
പീഡനം തെറ്റാണ്. അത് എല്ലായ്‌പ്പോഴും അങ്ങനെ തന്നെയാണ്. സുരക്ഷിതമായ ലോകത്തിന് വേണ്ടി ആഗ്രഹിക്കുന്ന, തീവ്രവാദികളെ പരാജയപ്പെടുത്തണമെന്ന് താത്പര്യപ്പെടുന്ന നമ്മള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ നമ്മുടെ ധാര്‍മിക പിന്തുണ നഷ്ടപ്പെട്ടുപോകും. രാജ്യം സുഖകരമായി മുന്നോട്ടുപോകാന്‍ ആവശ്യമായ ധാര്‍മിക പിന്തുണ നഷ്ടപ്പെടുന്നത് അപകടമാണ്. ഇത് എല്ലാവരും കൃത്യമായി മനസ്സിലാക്കിയിരിക്കണം. സെപ്തംബര്‍ 11ന് ശേഷം നടന്ന സി ഐ എയുടെ ക്രൂരമായ ദണ്ഡന രീതികള്‍ തെറ്റായിരുന്നു. സി ഐ എ ഈ വിഷയത്തില്‍ തെറ്റ് ചെയ്‌തെന്ന വസ്തുത നാം തിരിച്ചറിയണം. ഗിബ്‌സണ്‍ അന്വേഷണവുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നുവരികയാണ്. പക്ഷേ പ്രധാനമന്ത്രിപദത്തിലിരിക്കുന്ന താന്‍, ഇത്തരം ചോദ്യം ചെയ്യലുകളുമായി ബന്ധപ്പെട്ട് ഭാവിയിലെ പരിപാടികള്‍ എന്തായിരിക്കണമെന്ന് ബന്ധപ്പെട്ട ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. എന്തായാലും പീഡനങ്ങള്‍ നടത്തുന്നത് തെറ്റായ കാര്യമാണെന്ന് എല്ലാവരും തിരിച്ചറിയാന്‍ സമയമായിരിക്കുന്നുവെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.