സി പി ഐക്കെതിരായ പരാമര്‍ശം; മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു

Posted on: December 12, 2014 12:08 am | Last updated: December 11, 2014 at 11:08 pm

തിരുവനന്തപുരം: സി പി ഐ ലോക്‌സഭാ സീറ്റ് വിലക്ക് വിറ്റെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെച്ചൊല്ലി നിയമസഭയില്‍ ബഹളം. ക്രമപ്രശ്‌നത്തിലൂടെ സി ദിവാകരന്‍ വിഷയം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചെങ്കിലും പരാമര്‍ശം രേഖയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ഒരു മണിക്കൂറിലധികം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ഇരുപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ പരാമര്‍ശം രേഖയില്‍ നിന്ന് നീക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ബുധനാഴ്ചയാണ് മുഖ്യമന്ത്രി നിയമസഭയില്‍ സി പി ഐക്കെതിരെ രൂക്ഷവിമര്‍ശം നടത്തിയത്.
ഇന്നലെ ചോദ്യോത്തരവേള കഴിഞ്ഞ ഉടന്‍ സി പി ഐ നിയമസഭാ കക്ഷി നേതാവ് സി ദിവാകരന്‍ ക്രമപ്രശ്‌നം ഉന്നയിക്കാന്‍ ശ്രമിച്ചു. അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിച്ച ശേഷം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും സി പി ഐ അംഗങ്ങള്‍ വഴങ്ങിയില്ല. മുഖ്യമന്ത്രി തന്നെ ഒരു പാര്‍ട്ടിയെ അധിക്ഷേപിച്ച് സംസാരിച്ചത് അപമാനമാണെന്നും പദപ്രയോഗം സഭാരേഖയില്‍ നിന്ന് ഒഴിവാക്കി പ്രശ്‌നം പരിഹരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഭരണപരമായ അഴിമതി ചൂണ്ടിക്കാട്ടുമ്പോള്‍ എന്ത് അനാവശ്യവും വിളിച്ചുപറയാമെന്ന നിലപാട് ശരിയല്ലെന്ന് സി ദിവാകരന്‍ പറഞ്ഞു. ആരോപണത്തിന് മറുപടി പറയുന്നതിന് പകരം പാര്‍ട്ടിയെ അധിക്ഷേപിച്ചത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം അടിയന്തരപ്രമേയം പരിഗണിച്ചപ്പോള്‍ ഉയര്‍ന്ന ഒരു സംശയം ഉന്നയിക്കുകയാണ് ചെയ്തതെന്നും ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ലെന്നും വേദനിപ്പിച്ചെങ്കില്‍ ഖേദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, പരാമര്‍ശം രേഖയില്‍ നിന്ന് നീക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
മുഖ്യമന്ത്രിയുടെ പരാമര്‍ശം മാധ്യമങ്ങളില്‍ വന്നുകഴിഞ്ഞു. ഇനി പിന്‍വലിക്കുന്നതില്‍ കാര്യമില്ല. മുഖ്യമന്ത്രിയുടെ പരാമര്‍ശവും ഖേദപ്രകടനവും രേഖയിലുണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതോടെയാണ് സഭാനടപടികള്‍ നിര്‍ത്തിവെച്ചത്.