Gulf
ദുബൈയില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖല കുതിപ്പില്‍; മരിടൈമില്‍ ഉയരുന്നത് 19 ടവറുകള്‍
ദുബൈ: സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ നിന്നു മോചനം നേടി മുന്നേറുന്ന ദുബൈയില്‍ ഉയരുന്നത് 19 ടവറുകള്‍. നഗരത്തിലെ ആഢംബര കെട്ടിടങ്ങളുടെ മുഖ്യ മേഖലകളില്‍ ഒന്നായ ദുബൈ മരിടൈമിലാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലക്ക് ഊര്‍ജം പകരുന്ന ഗോപുരങ്ങളോട് കൂടിയ അംബരചുംബികള്‍ നിര്‍മിക്കുന്നത്. 2019 ഓടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
എക്‌സ്‌പോ 2020 ആവുമ്പോഴേക്കും ഈ മേഖലയില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കുന്നതോടെ ദുബൈ മറീനപോലെ അംബരചുംബികളുടെ സാന്ദ്രത കൂടിയ പ്രദേശങ്ങളില്‍ ഒന്നായി മരിടൈം മേഖല മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 19 ടവറുകളിലും മൊത്തം 22.7 ലക്ഷം ചതരുശ്ര മീറ്റര്‍ വിസ്തൃതിയാവും ഉണ്ടാവുക. മേഖലയില്‍ ലക്ഷ്യമിടുന്ന മറ്റ് പദ്ധതികള്‍ കൂടി പൂര്‍ത്തിയാവുന്നതോടെ താമസത്തിനും വാണിജ്യത്തിനും ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള 53 ടവറുകള്‍ ഉണ്ടാവുമെന്ന് ഡ്രൈഡോക്‌സ് വേള്‍ഡ് ആന്‍ഡ് മരിടൈം വേള്‍ഡ് ചെയര്‍മാന്‍ ഖമീസ് ജെ ബുആമിന്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് ഏറ്റവും മികച്ചവ തിരഞ്ഞെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും തങ്ങളുടെ ബജറ്റിന് അനുയോജ്യമായ രീതിയിലുള്ളവ തിരഞ്ഞെടുക്കാന്‍ സാധിക്കും. ദുബൈയില്‍ വീണ്ടും ഒരു വിലയിടിവിന് സാധ്യതയുണ്ടെന്ന ചില കോണുകളില്‍ നിന്നുയരുന്ന അഭിപ്രായത്തെ അദ്ദേഹം തള്ളിക്കളഞ്ഞു.
ദുബൈ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റില്‍ യാതൊരു വിധത്തിലുള്ള പ്രൈസ് കറക്ഷനും സാധ്യതയില്ല. രാജ്യാന്തര തലത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നു വരുന്നത് ശുഭസൂചകമായ വാര്‍ത്തകളാണ്. അതിന്റെ ഗുണഫലങ്ങള്‍ ദുബൈ കമ്പോളത്തിലും അനുഭവപ്പെടുമെന്ന് തീര്‍ച്ച. ദുബൈ മരിടൈം സിറ്റിയുടെ രണ്ടാംഘട്ട പശ്ചാത്തല വികസനം ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. താമസത്തിനായുള്ള 19 ടവറുകളാണ് ഉള്‍പെടുത്തിയിരിക്കുന്നത്.
40 കോടി ദിര്‍ഹം മുതല്‍ 70 കോടി ദിര്‍ഹം വരെ ചെലവഴിച്ചാണ് ഓരോ ടവറും പൂര്‍ത്തീകരിക്കുക. 2015ന്റെ ആദ്യ മൂന്നു മാസത്തിനിടയില്‍ 11 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അധികം വൈകാതെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നവര്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




