ഷാര്‍ജ തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം വൈകി യാത്രക്കാര്‍ വലഞ്ഞു

Posted on: December 11, 2014 6:00 pm | Last updated: December 11, 2014 at 6:58 pm

ഷാര്‍ജ: ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ വലച്ചു.

കഴിഞ്ഞ ദിവസം രാത്രി 12.05ന് പുറപ്പെടേണ്ട വിമാനമാണ് നാല് മണിക്കൂര്‍ വൈകി പുറപ്പെട്ടത്. ബോഡിംഗ് പാസ് കൈപറ്റി യാത്രക്ക് ഒരുങ്ങി നില്‍ക്കുന്നതിനിടെ വിമാനം രണ്ട് മണിക്കൂര്‍ വൈകുമെന്നും അറിയിപ്പ് ലഭിക്കുകയായിരുന്നുവെന്ന് യാത്രക്കാരനായ കൊല്ലം സ്വദേശി മോഹനന്‍ പറഞ്ഞു. കാരണം ആരാഞ്ഞപ്പോള്‍ വിമാനത്തിന്റെ ടയറുകള്‍ക്ക് കേടുണ്ടെന്നായിരുന്നുവത്രെ ബന്ധപ്പെട്ടവരുടെ മറുപടി.
രണ്ട് മണിക്കൂറിന് ശേഷം വിമാനം പുറപ്പെടാത്തതിനെ തുടര്‍ന്ന് വിവരം അന്വേഷിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ കൂടി വൈകുമെന്നായിരുന്നു മറുപടിയെന്ന് ദുബൈ എയര്‍ പോര്‍ട്ടില്‍ ജീവനക്കാരനും ഷാര്‍ജയില്‍ താമസക്കാരനുമായ മോഹനന്‍ പറഞ്ഞു. വിഷമത്തിലായ യാത്രക്കാര്‍ വീണ്ടും കാരണം ചോദിച്ചപ്പോള്‍ ടെക്‌നീഷ്യന്മാര്‍ വരാനുണ്ടെന്നായിരുന്നു മറുപടിയെന്നും ഇയാള്‍ പറഞ്ഞു. പിന്നീട് പുലര്‍ച്ചെ 4.05 മണിക്കാണത്രെ വിമാനം പറന്നത്.
സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് യാത്രക്കായി എത്തിയിരുന്നത്. അത്യാവശ്യം നാട്ടിലെത്തേണ്ടവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ മണിക്കൂറുകളോളം വൈകിയത് ഇവരെയൊക്കെയും വിഷമിപ്പിച്ചു.