Connect with us

Wayanad

വിദ്യാര്‍ഥികളുടെ യാത്രാപ്രശ്‌നത്തിന് സ്‌പെഷ്യല്‍ സ്‌ക്വാഡ് രംഗത്ത്

Published

|

Last Updated

കല്‍പ്പറ്റ:വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമായി ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് നിരീക്ഷണം ആരംഭിച്ചു.
സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്കായി അനുവദിച്ച ഫെയര്‍ സ്‌റ്റേജ് കണ്‍സഷന്‍ നിബന്ധനകള്‍ പാലിക്കാതെ കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് മീനങ്ങാടി ഗവ. പോളിടെക്‌നിക് വിദ്യാര്‍ഥി അജീഷ് സുതാര്യകേരളം സെല്ലില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചത്.
ഡിസംബര്‍ ഒന്നിന് എ ഡി എം. പി വി ഗംഗാധരന്റെ അധ്യക്ഷതയില്‍ നടന്ന സുതാര്യകേരളം പ്രതേ്യക അദാലത്തിലാണ് വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിന് ആര്‍.ടി.ഒ.യുടെ കീഴില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കിയത്.
ജില്ലയില്‍ വിവിധ റൂട്ടുകളില്‍ ഓടുന്ന സ്വകാര്യ ബസ്സുകളില്‍ നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകളില്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ആര്‍ ടി ഒയുടെ ശ്രദ്ധയില്‍പ്പെട്ടു.
സ്വകാര്യ ബസ്സിലെ ജീവനക്കാര്‍ വിദ്യാര്‍ഥികളോട് അപമര്യാദയോടെ പെരുമാറുന്നുവെന്നും ബസ്സുകാരുടെ മത്സരപാച്ചിലില്‍ സ്‌കൂള്‍ കുട്ടികളെ ബസ്സില്‍ കയറ്റാത്ത സാഹചര്യങ്ങള്‍ ഉണ്ടെന്നും ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. തിരക്ക് കുറഞ്ഞ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റില്‍ ഇരുന്നാല്‍ ജീവനക്കാര്‍ ഫുള്‍ ചാര്‍ജ് ഈടാക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും ബസ്സില്‍ കയറ്റാറില്ലെന്നും മീനങ്ങാടി പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ പറഞ്ഞു.
ബസ്സ് ജീവനക്കാരുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ കാരണം വൈകിട്ട് കൃത്യസമയത്ത് വീട്ടില്‍ എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്ന് ഒരു കൂട്ടം പെണ്‍കുട്ടികള്‍ ആര്‍ ടി ഒ യോട് വിശദമാക്കി.
സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ബസ്സ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ. പി ഐ സത്യന്‍ അറിയിച്ചു.
ജോയിന്റ് ആര്‍ ടി ഒ. പിഎന്‍ സുരേഷ്‌കുമാര്‍, സുതാര്യകേരളം കോര്‍ഡിനേറ്റര്‍ എസ് ശരണ്‍ലാല്‍, എം വി ഐ ദിനേശ്ബാബു, അസി. എം വി ഐ പി ആര്‍ മനു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.