Connect with us

Kozhikode

കുടിവെളള വിതരണ പദ്ധതിക്ക് ഏഴ് ലക്ഷത്തിന്റെ ഭരണാനുമതി

Published

|

Last Updated

കോഴിക്കോട്: വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ അടുപ്പില്‍, കെട്ടില്‍ പണിയ കോളനികളിലെ കുടിവെളള വിതരണ പദ്ധതിക്ക് കോര്‍പസ് ഫണ്ടില്‍ നിന്നും ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതിയായതായി ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. പട്ടികവര്‍ഗ ഉപപദ്ധതി അംഗീകരിക്കുന്നതിനുള്ള ജില്ലാതല വര്‍ക്കിംഗ് ഗ്രൂപ്പ് അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കലക്ടര്‍.
വടകര വാട്ടര്‍ അതോറിറ്റി പി എച്ച് ഡിവിഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. നരിക്കുനി ഗ്രാമപഞ്ചായത്തിലെ വരിങ്ങിലോറമല കോളനി റോഡ് നിര്‍മാണത്തിന് 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പ് ഭരണാനുമതിക്കായി ശിപാര്‍ശ ചെയ്തു.
പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പറശ്ശേരി കോളനി റോഡ്, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറ- കൊരങ്ങത്തുംപാറ മാങ്കുന്ന് റോഡ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ കാക്കണഞ്ചേരി എസ് ടി കോളനി റോഡ് എന്നിവക്ക് അഞ്ച് കോടിയുടെ ഭരണാനുമതി നല്‍കി. കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമല കോളനിയില്‍ ഹാംലറ്റ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ്, നടപ്പടികള്‍, സാംസ്‌കാരികനിലയ നവീകരണം, കക്കൂസ് എന്നിവ നിര്‍മിക്കുന്നതിന് ഒരു കോടിയുടെ ഭരണാനുമതിക്ക് സംസ്ഥാനതല വര്‍ക്കിംഗ് ഗൂപ്പിന് ശിപാര്‍ശ ചെയ്യും. ഹാംലറ്റ് വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ കോളനികളില്‍് റോഡ്, നടപ്പാതകള്‍, കുടിവെളള വിതരണപദ്ധതികള്‍, വീട് നവീകരണം, കക്കൂസ് എന്നിവ ക്ക് ഒരുകോടി രൂപയുടെ ഭരണാനുമതിക്ക് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു.