അര്‍ധവാര്‍ഷിക പരീക്ഷ നാളെ ആരംഭിക്കും: മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സജ്ജമാകാന്‍ സമയം ലഭിച്ചില്ല

Posted on: December 11, 2014 10:10 am | Last updated: December 11, 2014 at 10:10 am

പേരാമ്പ്ര: ജനറല്‍ കലണ്ടറനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളോടൊപ്പം മുസ്‌ലിം കലണ്ടര്‍ പ്രകാരമുള്ള സ്‌കൂളുകളിലും ഒരേ ദിവസം അര്‍ധവാര്‍ഷിക പരീക്ഷ നടത്തുന്നത് മൂലം ഈ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് സജ്ജമാകാനുള്ള സമയം പരിമിതമാകും.
നാളെയാണ് സംസ്ഥാനത്തെ പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അര്‍ധ വാര്‍ഷിക പരീക്ഷ ആരംഭിക്കുന്നത്. ജനറല്‍ കലണ്ടറനുസരിച്ച് ജൂെൈല 28 മുതല്‍ ആഗസ്റ്റ് നാല് വരെ പാദ വാര്‍ഷിക പരീക്ഷ നടന്ന കുട്ടികള്‍ക്ക് നാല് മാസത്തിലേറെ കഴിഞ്ഞാണ് അര്‍ധ വാര്‍ഷിക പരീക്ഷ നടക്കുന്നത്.
എന്നാല്‍, മുസ്‌ലിം കലണ്ടറനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളില്‍ ഒക്‌ടോബര്‍ 15 നാണ് പാദ വാര്‍ഷിക പരീക്ഷ അവസാനിച്ചത്. ഇതിനുശേഷം നവംബറിലും ഈ മാസവും വിവിധ മേളകളും അതിനുള്ള പരിശീലനവുമൊക്കെയായി വളരെ കുറച്ച് പഠന ദിനങ്ങള്‍ മാത്രമാണ് ലഭിച്ചത്.
അതുകൊണ്ടുതന്നെ പാഠഭാഗങ്ങള്‍ തീരേണ്ടതുമുണ്ട്. മാത്രമല്ല, മുസ്‌ലിം കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് ഒരു മാസം റമസാന്‍ അവധിയും ഇതിനിടക്ക് വന്നതിനാല്‍ പാദവാര്‍ഷിക പരീക്ഷക്ക് ശേഷം ഒരു മാസത്തെ പ്രവൃത്തി ദിനം മാത്രമാണ് ലഭിച്ചത്. മുമ്പ് മുസ്‌ലിം സ്‌കൂളുകള്‍ക്ക് അര്‍ധവാര്‍ഷിക പരീക്ഷ പ്രത്യേകമായി ജനുവരി അവസാനം നടത്താറായിരുന്നു പതിവ്.
കഴിഞ്ഞ വര്‍ഷമാണ് രണ്ട് വിഭാഗത്തിനും പരീക്ഷ ഒരേ സമയത്താക്കിയത്. ഇത് പ്രതിഷേധത്തിനിടയാക്കുകയും ചെയ്തിരുന്നു.