Connect with us

Ongoing News

'കാട്ടുപോത്തി'നെ തുരത്താന്‍ ഉമ്മന്‍ ചാണ്ടിയുടെ ആറ്റംബോംബ്‌

Published

|

Last Updated

തിരുവനന്തപുരം: ഗണേഷ്‌കുമാര്‍ അഴിച്ചുവിട്ട “കാട്ടുപോത്തു”കളെ തളക്കാന്‍ ഇനിയുമായിട്ടില്ല. കൊമ്പ് കുലുക്കി സഭയില്‍ താണ്ഡവമാടുകയാണവ. അറിയാവുന്ന ചട്ടങ്ങളെല്ലാം പ്രയോഗിച്ച് നോക്കി ഡെപ്യൂട്ടി സ്പീക്കര്‍. പ്രതിപക്ഷം തന്നെ നിര്‍വീര്യമാകുന്ന ആറ്റംബോംബാണ് ഉമ്മന്‍ ചാണ്ടി എടുത്തെറിഞ്ഞത്. കാട്ടുപോത്തുകള്‍ക്ക് പ്രതിപക്ഷം നല്‍കിയ കാലിത്തീറ്റയെക്കുറിച്ച് വി കെ ഇബ്‌റാഹീംകുഞ്ഞും പറഞ്ഞു നോക്കി. പക്ഷേ, വരുതിയിലാകുന്ന ലക്ഷണമൊന്നുമില്ല. തളക്കാന്‍ ഇനി ഒരു മാര്‍ഗമേയുള്ളു. അത് വി എസ് അച്യുതാനന്ദന്‍ പറഞ്ഞ് കൊടുത്തു. ഗണേഷ് കുമാര്‍ തന്നെ നേരത്തെ നിര്‍ദേശിച്ചതാണ്. വിദഗ്ധരും കാര്യശേഷിയുമുള്ള നിയമസഭാസാമാജികര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയെ വെക്കുക. രണ്ട് പക്ഷത്ത് നിന്നും പ്രത്യേകം പരിശീലനം നേടിയവരെയാണ് നിയോഗിക്കേണ്ടത്. ഭരണപക്ഷത്തിന് ഭൂരിപക്ഷമായാലും കുഴപ്പമില്ല.
നിര്‍ദേശം സര്‍ക്കാറിന് സ്വീകാര്യമായില്ല. പ്രതിപക്ഷം തൃപ്തരുമായില്ല. ഇതോടെ മാരിടൈം ബോര്‍ഡ് ബില്ല് ചുട്ടെടുക്കേണ്ടി വന്നു. സെസ് എന്ന ഓമനപ്പേരിട്ട് കെ എസ് ആര്‍ ടി സി യാത്രക്കാരെ പിഴിയാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രൂപപ്പെടുത്തിയ ബില്‍ ചര്‍ച്ച കൂടാതെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കും വിട്ടു. രാഹുല്‍ ഗാന്ധി പങ്കെടുത്ത കെ പി സി സി നിര്‍വാഹക സമിതിയില്‍ പങ്കെടുക്കാന്‍ കഴിയുമോയെന്ന ആധിയില്‍ കഴിഞ്ഞ ഭരണപക്ഷത്തിന് സഭ നേരത്തെ പിരിഞ്ഞത് വലിയ ആശ്വാസവുമായി.
ഗണേഷ് പൊട്ടിച്ച ബോംബിലെ ചീളുകള്‍ ചേര്‍ത്തുവെച്ചാണ് വി എസ് സുനില്‍കുമാര്‍ ഇന്നലെ അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സോളാര്‍ മുതല്‍ ബാര്‍ കോഴ വഴി പൊന്നാനി ബൈപ്പാസിന്റെ ടെന്‍ഡര്‍ എക്‌സസ് വരെയുള്ള സകലമാന കാര്യങ്ങളും ഉദ്ധരിച്ചായിരുന്നു അവതരണം. മുപ്പതിനായിരം കോടിയുടെ അഴിമതി കേരളത്തില്‍ നടക്കുന്നുണ്ടെന്ന രമേശ് ചെന്നിത്തലയുടെ ലേഖനം ഉദ്ധരിച്ചായിരുന്നു തുടക്കം. വിജിലന്‍സില്‍ പണ്ടേ സുനിലിന് വിശ്വാസമില്ല, കൂട്ടിലടച്ച തത്ത ആയത് കൊണ്ടല്ല. കാക്കാലന്റെ കയ്യിലെ കുരങ്ങായതാണ് കാരണം. ചാടാന്‍ പറഞ്ഞാല്‍ ചാടി കളിക്കും, ചാഞ്ചാടാന്‍ പറഞ്ഞാല്‍ ചാഞ്ചാടും, ചത്തപോലെ കിടക്കാന്‍ പറഞ്ഞാല്‍ അതും ചെയ്യും. മന്ത്രിമാരുടെ ഓഫീസില്‍ മൊത്തം കച്ചവടമാണ്. ബജറ്റ് വിറ്റാണ് കെ എം മാണി നിത്യജീവിതം മുന്നോട്ട് നീക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞുവെച്ചു.
ഒന്നര കോടി രൂപക്ക് പാര്‍ലിമെന്റ് സീറ്റ് വിറ്റ് ലോകായുക്തയില്‍ നിന്ന് നടപടിനേരിടുന്ന പാര്‍ട്ടിക്കാരന്‍ ഇതെല്ലാം പറയുമ്പോള്‍ അല്‍പ്പം നാണം വേണമെന്നുള്ള മുഖ്യമന്ത്രിയുടെ മറുപടി അല്‍പ്പം പ്രഹരശേഷി ഉള്ളതായിരുന്നു. ആരെങ്കിലും പറയുന്നത് സഭയില്‍ എഴുന്നള്ളിച്ച് വന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും. മുഖ്യമന്ത്രിയുടെ പ്രതികരണം ഭരണപക്ഷം ഡസ്‌കിലടിച്ച് പിന്തുണച്ചപ്പോള്‍ പ്രതിരോധിക്കാന്‍ സി പി ഐക്കാര്‍ മാത്രം എഴുന്നേറ്റതും ശ്രദ്ധേയമായി. ഇബ്‌റാഹീംകുഞ്ഞിനെ പോലെ എല്ലാവരോടും നീതി പുലര്‍ത്തുന്ന ഒരാളെക്കുറിച്ച് അപഖ്യാതി പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സ്വന്തം മണ്ഡലത്തിലെ ആലംതുരുത്ത് പാലത്തിന് പണം ചോദിച്ച് തന്റെ മുന്നില്‍ വന്ന് കരഞ്ഞതിന്റെ കണ്ണീര് ഉണങ്ങുംമുമ്പ് സുനില്‍കുമാര്‍ ആക്ഷേപവുമായി വന്നത് വി കെ ഇബ്‌റാഹീംകുഞ്ഞിനെ ഇരുത്തിച്ചിന്തിപ്പിച്ചു. ആലംതുരത്ത് പാലത്തിന്റെ കാര്യം ഇനി നന്നായി ആലോചിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും നല്‍കി. കെ ടി ജലീലും പി ശ്രീരാമകൃഷ്ണനും ഇ ടി മുഹമ്മദ് ബഷീറും ഒരുമിച്ച് ആവശ്യപ്പെട്ടപ്പോഴാണ് പൊന്നാനി ബൈപ്പാസിന്റെ എസ്റ്റിമേറ്റ് പുതുക്കിയത്. കൊല്ലം ഇരുമ്പ് പാലത്തിന്റെ അപ്രോച്ച് റോഡിന് റിവൈസ്ഡ് എസ്റ്റിമേറ്റ് വേണമെന്ന് ഗുരുദാസന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇനി സൂക്ഷിച്ചേ അനുമതി കൊടുക്കൂവെന്നും മന്ത്രി നിലപാടെടുത്തു.
ഇബ്‌റാംഹീംകുഞ്ഞിനോട് വി എസ് അച്യുതാനന്ദന് തെല്ലും വ്യക്തിവിരോധമില്ല. ഉന്നയിച്ച കാര്യത്തില്‍ അന്വേഷണം വേണം. വി പി കൃഷ്ണമാചാരിയെക്കുറിച്ച് ഭരണപക്ഷത്ത് നിന്ന് ഫിറോസ് ഗാന്ധി ആരോപണം ഉന്നയിച്ചപ്പോള്‍ അന്വേഷിച്ചതാണ് കീഴ്‌വഴക്കം. അതിനാല്‍ നിയമസഭാസമിതിയെ വെച്ചുള്ള അന്വേഷണം പ്രഖ്യാപിക്കാന്‍ വി എസ് നിര്‍ദേശിച്ചു. പറയാനുള്ളതെല്ലാം മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ അടുത്ത നടപടികളിലേക്ക് കടന്നു. പ്രതിപക്ഷം നടുത്തളത്തിലേക്കും