Connect with us

Ongoing News

കെ എസ് ആര്‍ ടി സിയില്‍ 14 രൂപക്ക് മേലുള്ള ടിക്കറ്റിന് സെസ്

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ യാത്രനിരക്കിനൊപ്പം സെസ് ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന റോഡ് ട്രാന്‍സ് കോര്‍പറേഷന്‍ സെസ് ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മറ്റിക്ക് വിട്ടു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച ബില്ലില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചര്‍ച്ചയൊന്നും നടന്നില്ല. 14 രൂപക്ക് മുകളില്‍ വരുന്ന യാത്രനിരക്കിനൊപ്പമാണ് സെസ് ഈടാക്കുക. 15 മുതല്‍ 24 രൂപ വരെയുള്ള ടിക്കറ്റിന്മേല്‍ ഒരു രൂപയും 25 മുതല്‍ 49 രൂപ വരെ രണ്ട് രൂപയും 50 മുതല്‍ 74 വരെയുള്ള ടിക്കറ്റിന് മൂന്ന് രൂപയും 75 മുതല്‍ 99 രൂപ വരെയുള്ള ടിക്കറ്റിന് നാല് രൂപയും 100 രൂപക്ക് മുകളില്‍ പത്ത് രൂപയും സെസ് പിരിക്കും.
കെ എസ് ആര്‍ ടി സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി തയ്യാറാക്കിയ പാക്കേജിന്റെ ഭാഗമായാണ് ഇത്. സെസ് നല്‍കുന്ന യാത്രക്കാര്‍ക്ക് വ്യക്തിപര അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സെസ് നിരക്ക് ഏത് സമയത്തും കുറക്കാനും കൂട്ടാനും സര്‍ക്കാറിന് അധികാരമുണ്ടാകും. പ്രതിവര്‍ഷം 160 കോടി രൂപ സെസ്സിലൂടെ കെ എസ് ആര്‍ ടി സിക്ക് അധികവരുമാനം ലഭിക്കും.