Connect with us

Editorial

ഉദ്ദേശ്യശുദ്ധി സംശയാസ്പദം

Published

|

Last Updated

കെ ബി ഗണേഷ്‌കുമാര്‍ വാക്കുപാലിച്ചു. പ്രമുഖരായ രണ്ട് അഴിമതിക്കാരുടെ പേരുകള്‍ നിയമസഭ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന മുന്‍ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ചൊവ്വാഴ്ച അദ്ദേഹം സഭയില്‍ ഉന്നയിച്ചത്. പൊതുമരാമത്ത് മന്ത്രി യുടെ ഓഫീസ് കേന്ദ്രീകരിച്ചു കോടികളുടെ അഴിമതികളാണ് അരങ്ങേറുന്നതെന്നും ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ വന്‍അഴിമതിക്കാരാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. അഴിമതിയില്‍ മുങ്ങിക്കുളിച്ചവരാണ് മന്ത്രിമാരില്‍ പലരും. അവര്‍ ആരൊക്കെയെന്ന് വ്യക്തമായ തെളിവുകളോടെ താമസിയാതെ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
അഴിമതി പുറത്തുകൊണ്ടു വരേണ്ടതും പൊതുജന മധ്യത്തില്‍ തുറന്നു കാണിക്കേണ്ടതും അനിവാര്യമാണ്. അത്തരം ശ്രമങ്ങള്‍ അഭിനന്ദാര്‍ഹവുമാണ്. എന്നാല്‍, ഗണേഷ് കുമാര്‍ തന്റെ വെളിപ്പെടുത്തലിന് സ്വീകരിച്ച രീതിയും സ്വഭാവവും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. തൊട്ടടുത്ത ദിവസം നടന്ന ഒരഴിമതിയെക്കുറിച്ചല്ല, മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുമ്പ് അനുഭവപ്പെട്ട കാര്യങ്ങളാണ് അദ്ദേഹം മിനിയാന്ന് നിയമസഭ മുമ്പാകെ അവതരിപ്പിച്ചത്. എന്തു കൊണ്ട് ഇത്രയും കാലം ഇതുമൂടി വെച്ചു? ശുദ്ധഗതിക്കാരനും സദാചാര രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്നു അദ്ദേഹമെങ്കില്‍ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ നടക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ച് അപ്പോള്‍ തന്നെ ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? അഴിമതി ബോധ്യപ്പെട്ടിട്ടും യഥാസമയം വെളിപ്പെടുത്താതെ മറച്ചു വെക്കുന്നത് അഴിതിക്ക് പോത്സാഹനം നല്‍കലാണ്.മാത്രമല്ല, യു ഡി എഫിന്റെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ്- ബി യുടെ പ്രമുഖനായ നേതാവും യു ഡി എഫ് ടിക്കറ്റില്‍ മത്സരിച്ച് നിയമസഭയിലെത്തിയ വ്യക്തിയുമാണ് അദ്ദേഹം. ആ നിലയില്‍ മുന്നണി യോഗത്തില്‍ ഉന്നയിക്കുകയോ, വകുപ്പ് മന്ത്രിയെയോ മുഖ്യമന്ത്രിയെയോ നേരിട്ടു ധരിപ്പിക്കുകയോ ആയിരുന്നു മര്യാദ. അതിനൊന്നും മുതിരാതെ വകുപ്പ് മന്ത്രിയെയും യു ഡി എഫിനെയും വെട്ടിലാക്കി നിയമസഭയില്‍ നേരിട്ട് ഉന്നയിച്ചത് സംശയാസ്പദമാണ്. സ്വന്തം പാര്‍ട്ടി നേതാവും പിതാവുമായ ആര്‍ ബാലകൃഷ്ണ പിള്ളക്ക് പോലും അദ്ദേഹത്തെ തള്ളിപ്പറയേണ്ടി വന്നത് ഇതുകൊണ്ടാണ്.
അഴിമതിക്കാരുടെ പേരുകള്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചത്് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെതിരെ വിജിലന്‍സ് നടപടി വന്നയുടനെയാണ്. ഉദ്യോഗസ്ഥരില്‍ പലരും തന്നേക്കാള്‍ വലിയ താപ്പാനകളാണെന്ന സൂരജിന്റെ പ്രസ്താവനക്ക് പിന്തുണയേകി നടത്തിയ ഈ പ്രഖ്യാപനം നഷ്ടപ്പെട്ട തന്റെ മന്ത്രിപദവി സമ്മര്‍ദ തന്ത്രത്തിലൂടെ തിരിച്ചുപിടിക്കാനാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. ആദ്യഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് നഷ്ടമായ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താന്‍ അദ്ദേഹം തീവ്രശ്രമം നടത്തിവരികയായിരുന്നുവെന്നത് രഹസ്യമല്ല. ഈ സമ്മര്‍ദതന്ത്രം ഫലിക്കാതെ വന്നതിന്റെ നിരാശയിലാണ് പുതിയ വെളിപ്പെടുത്തലുണ്ടായതെന്ന് നിരീക്ഷിക്കുന്നവരുണ്ട്.
അതേസമയം, വസ്തുതാപരമാണ്് തന്റെ ആരോപണമെന്നും തളിവ് ഹാജരാക്കാന്‍ സന്നദ്ധമാണെന്നും ഗണേഷ് കുമാര്‍ തറപ്പിച്ചു പറയുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം അനിവാര്യമാണ്. അദ്ദേഹം പേര് വെളിപ്പെടുത്തിയ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ മുമ്പും അഴിമതിയാരോപണത്തിന് വിധേയമായിട്ടുമുണ്ട്. ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതി വ്യാപകമാവുകയും കൈക്കൂലിക്കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടിക്കടി വിജിലന്‍സിന്റെ പിടിയിലാകുകയുമാണ്. അഴിമതി മുക്തമായ ഒരു രംഗവും രാജ്യത്തില്ല. പഞ്ചായത്ത് തലം മുതല്‍ പാര്‍ലിമെന്റ് വരെ അഴിമതി വ്യാപിച്ചു കിടക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ കൈക്കൂലിയില്ലാതെ ഒരു സേവനവും ലഭിക്കാത്ത സ്ഥിതിവിശേഷം. സര്‍ക്കാറില്‍ നിന്ന് അവകാശപ്പെട്ട കാര്യങ്ങള്‍ നേടിയെടുക്കാന്‍ 50 ശതമാനം ഇന്ത്യക്കാര്‍ക്കും കൈക്കൂലി നല്‍കേണ്ടി വരുന്നുവെന്നാണ് “ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍” നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. നാട്ടിലുടനീളം അഴിമതി വിരുദ്ധ സെല്ലുകളുണ്ടെങ്കിലും അവ നോക്കുകുത്തികളാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്താന്‍ പ്രതിജ്ഞാബദ്ധമാകേണ്ട ഉദ്യോഗസ്ഥ കൂട്ടായ്മക്ക് പകരം സത്യസന്ധരായ ഉദ്യോഗസ്ഥരെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ മാഫിയക്കാണ് സര്‍വമേഖലകളിലും ആധിപത്യം. അഴിമതിക്ക് അവസരം നിഷേധിക്കപ്പെടുന്ന ഒരു ഭരണ സാഹചര്യത്തെപ്പറ്റി ചിന്തിക്കുന്നത് പോലും അവര്‍ക്ക് മടുപ്പുളവാക്കും. വിവിധ പാര്‍ട്ടികളിലായി ഭിന്നിച്ചു നില്‍ക്കുന്ന പൊതുജനത്തിന് പാര്‍ട്ടി താത്പര്യങ്ങളില്‍ കവിഞ്ഞ് രാജ്യത്തെ കാര്‍ന്നുതിന്നുന്ന ഈ ദുര്‍ഭൂതത്തെക്കുറിച്ചു ബോധവുമില്ല. അഴിമതി ആരോപിതര്‍ക്കെതിരായ സത്യസന്ധമായ അന്വേഷണവും തദനുസാരമായ തുടര്‍ നടപടികളുമാണ് അഭിശപ്തമായ ഈ അവസ്ഥക്ക് പരിഹാരം.

Latest