Connect with us

Articles

അഭിനവ ദുശ്ശാസനന്മാരും സാംസ്‌കാരിക ഫാസിസവും

Published

|

Last Updated

സാംസ്‌കാരിക ഫാസിസത്തിന്റെ ത്രിശൂലങ്ങളുമായി ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ സംഘ്പരിവാര്‍ ശക്തികള്‍ അഴിഞ്ഞാടുകയായിരുന്നു. ചുംബന സമരക്കാെര വസ്ത്രാക്ഷേപം നടത്താനെത്തിയ അഭിനവദുശ്ശാസനന്മാരുടെ ഗുണ്ടാവിളയാട്ടത്തിനാണ് ചരിത്രപ്രസിദ്ധമായ കോഴിക്കോട് നഗരത്തിന് സാക്ഷിയാകേണ്ടിവന്നത്. ചുംബന സമരത്തോടും സദാചാര പോലീസിംഗിനെതിരായ പ്രതിഷേധരൂപങ്ങളോടും യോജിപ്പും വിയോജിപ്പും ഉണ്ടാകാം. ഒരു ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശത്തെ മധ്യകാലിക മൂല്യബോധത്തില്‍ നിന്ന് ചോദ്യം ചെയ്യുന്ന സംഘ്പരിവാറിന്റെ ഫാസിസ്റ്റ് രീതിയോട് ഒരു ജനാധിപത്യവാദിക്കും രാജിയാകാനാകില്ല. ശ്രീരാമസേനയുടെ കേരളപതിപ്പായ ഹനുമാന്‍ സേനയുടെ അരങ്ങേറ്റമായിരിക്കാം പോലീസിന്റെ പൂര്‍ണസഹായത്തോടെ കഴിഞ്ഞ ദിവസം നടന്നത്. സദാചാരഗുണ്ടായിസത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ യുവതീയുവാക്കളെ ആക്രമിക്കുകയും മൃഗീയമായി മര്‍ദിക്കുകയുമായിരുന്നു. സദാചാരത്തിന്റെ സംരക്ഷണച്ചുമതല സ്വയം ഏറ്റെടുത്ത ഈ സാമൂഹിക വിരുദ്ധര്‍ പോലീസിന്റെ മൗനാനുവാദത്തോടുകൂടിയാണ് ചുംബനസമരത്തില്‍ പങ്കെടുക്കാനെത്തിയവരെ കയ്യേറ്റം ചെയ്തെതന്നതാണ് ഏറ്റവും രോഷജനകമായിട്ടുള്ളത്. സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരേയും കലാകാരന്മാരേയും തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ചുംബനസമരക്കാരോട് സംഘ്പരിവാര്‍ ശക്തികളും പോലീസും കാട്ടുന്ന നിഷ്ഠൂരമായ കടന്നാക്രമണത്തില്‍ പ്രതിഷേധിച്ച തിരക്കഥാകൃത്ത് ദീദി ദാമോദരനെയും അവരുടെ ഭര്‍ത്താവും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദിനെയും പോലീസ് നോക്കിനില്‍ക്കെയാണ് ശിവസേനക്കാര്‍ കൈയേറ്റം ചെയ്തത്.
മൊഫ്യൂസില്‍ ബസ്സ്റ്റാന്റില്‍ നിന്നും നഗരത്തിന്റെ പലഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന യുവതീയുവാക്കളെ കേട്ടാലറയ്ക്കുന്ന തെറികൊണ്ട് അഭിഷേകം ചെയ്യുകയായിരുന്നു പ്രബുദ്ധകേരളത്തിലെ നിയമപാലകര്‍. വിവിധ സംഘടനകളുടെ ഭാഗത്തുനിന്നുയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസിന് സമരക്കാരെ വിട്ടയക്കേണ്ടിവന്നു. ഗുഹാ ജീവികളെപ്പോലെ ഇരുട്ടില്‍ ഒളിഞ്ഞുനിന്ന സംഘ്പരിവാറുകാര്‍ പുറത്തിറങ്ങിയവരെ ഭീകരമായി മര്‍ദിക്കുകയാണുണ്ടായത്. മുതലക്കുളത്ത് വനിതാ പ്രവര്‍ത്തകരെ മര്‍ദിക്കുന്നതില്‍ പ്രതിഷേധിച്ച സാംസ്‌കാരിക പ്രവര്‍ത്തകരെ പോലും സംഘ്പരിവാറുകാര്‍ വളഞ്ഞിട്ട് കൈകാര്യം ചെയ്യുകയായിരുന്നു.
പോലീസിന്റെ സംഘ്പരിവാര്‍ അനുകൂലനിലപാടുകളും ആധുനിക ജനാധിപത്യ സമൂഹത്തിലെ നിയമപാലകര്‍ക്ക് അഭികാമ്യമല്ലാത്ത യാഥാസ്ഥിതിക മനോഭാവവുമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. സംഘ്പരിവാറിന്റെ ഗുണ്ടായിസത്തേയും മുന്‍കൂട്ടി പ്രഖ്യാപിച്ച് നടത്തിയ ചുംബനസമരമെന്ന പ്രതിഷേധകൂട്ടായ്മയേയും സമീകരിച്ച് രണ്ടും ക്രമസമാധാനപ്രശ്‌നമുണ്ടാക്കുന്നു എന്ന നിലപാടാണ് പോലീസ് തുടക്കംമുതലേ സ്വീകരിച്ചത്. ഒരു ജനാധിപത്യസമൂഹത്തില്‍ പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ഒരു വിഭാഗം സദാചാരഗുണ്ടകള്‍ നിയമം കൈയിലെടുത്ത് നേരിടാനെത്തിയപ്പോള്‍ പോലീസ് നിസ്സംഗത പാലിക്കുകയായിരുന്നു. ഹനുമാന്‍ സേനയുടെയും ശിവസേനയുടെയും പേരില്‍ ചുംബനസമരക്കാരെ വസ്ത്രമഴിച്ച് നഗ്നരാക്കി നടത്തിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നേരെത്തെതന്നെ നഗരത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടും പോലീസ് ഈ സാമൂഹികവിരുദ്ധശക്തികള്‍ക്കുനേരെ ഒരു നടപടിയും എടുത്തില്ല. ഇപ്പോള്‍ സിറ്റി പോലീസ് കമ്മീഷണര്‍ സമരക്കാരെ കുറ്റപ്പെടുത്തി സംഘ്പരിവാറുകാരുടെ ആക്രമണത്തിന് ന്യായീകരണം ചമച്ചുകൊടുക്കുകയാണ്. സദാചാര ഗുണ്ടായിസത്തെ തടയുന്നതിനു പകരം അതിനെതിരായി പ്രതിഷേധിക്കുന്നവരെ മാത്രം കുറ്റവാളികളാക്കി വേട്ടയാടുകയാണ് പോലീസ് ചെയ്തത്.
സമരക്കാരെ മര്‍ദിക്കാന്‍ ഹനുമാന്‍ സേനക്കാര്‍ തയ്യാറെടുത്തു നില്‍ക്കുന്നതുകണ്ടിട്ടും പോലീസ് അവരെ തടയാന്‍ ഒന്നും ചെയ്തില്ല. സമരക്കാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് കയ്യേറ്റം നടത്തിയ ഹനുമാന്‍ സേനക്കാരെ നേരിടുന്നതിനുപകരം പോലീസ് സമരക്കാര്‍ക്കും ജനങ്ങള്‍ക്കും നേരെ തിരിയുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരേയും സംഭവസ്ഥലത്തുണ്ടായിരുന്ന കലാകാരന്മാരെയും തള്ളിമാറ്റാനും അവര്‍ക്കു നേരെ ബലം പ്രയോഗിക്കുവാനുമാണ് പോലീസ് ഔത്സുക്യം കാണിച്ചത്. മൊഫ്യൂസില്‍ ബസ്സ്റ്റാന്റ് പരിസരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന സിനിമാ പ്രവര്‍ത്തകരെവരെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. ബസ്സ്റ്റാന്റിലെ ആള്‍ക്കൂട്ടത്തില്‍പ്പെട്ടുപോയ ദമ്പതികളെവരെ സംഘ്പരിവാറുകാരും പോലീസുകാരും വെറുതെവിട്ടില്ല. അവരെല്ലാം ചുംബന സമരത്തില്‍ പങ്കെടുക്കാന്‍ വന്നവരാണെന്ന ധാരണയില്‍ കൈയേറ്റം ചെയ്യുകയും പോലീസ് അടിച്ചോടിക്കുകയുമായിരുന്നു. സദാചാരഗുണ്ടകള്‍ സമരക്കാര്‍ക്കും ജനങ്ങള്‍ക്കും നേരെ ആക്രോശങ്ങള്‍ മുഴക്കി ഭീകരത സൃഷ്ടിക്കുകയായിരുന്നു.
ജനങ്ങളില്‍ ഭയം സൃഷ്ടിച്ച് ജയഭേരി മുഴക്കുക എന്നത് ഫാസിസത്തിന്റെ പ്രദര്‍ശനപരമായ രീതിശാസ്ത്രമാണ്. ജര്‍മന്‍ നഗരങ്ങളില്‍ ഹിറ്റ്‌ലറുടെ സ്റ്റോംകൂപ്പേഴ്‌സ് ഇതുപോലെയൊക്കെയായിരുന്നു അഴിഞ്ഞാടിയത്. സവര്‍ണ- പുരുഷാധിപത്യമൂല്യങ്ങളുടെ സന്മാര്‍ഗ പോലീസായ ഹനുമാന്‍ സേനക്കൊപ്പം രമേശ് ചെന്നിത്തലയുടെ പോലീസും സമരക്കാരെ ഏകപക്ഷീയമായി വേട്ടയാടുകയായിരുന്നു. കാക്കിയെ കാവിവത്കരിക്കുകയാണോയെന്ന് സംശയിച്ചാല്‍ ആരേയും കുറ്റപ്പെടുത്താനാകില്ല. സദാചാര പോലീസിങ്ങിന്റെയും ജനങ്ങളെ പേടിപ്പിച്ച് നിര്‍ത്തുന്നതിന്റേതുമായ ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കെതിരെ സാംസ്‌കാരിക രാഷ്ട്രീയമണ്ഡലത്തിലെ പലരും കുറ്റകരമായ മൗനം പാലിക്കുകയാണ്. സാംസ്‌കാരിക ഫാസിസത്തിനുനേരെ വേണ്ടത്ര ഗൗരവത്തില്‍ മലയാളിയുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നില്ല.
ഈയൊരു അവസ്ഥ 1930-കളിലെ ഭീതിദമായ ജര്‍മന്‍ സാഹചര്യങ്ങളില്‍ എഴുതപ്പെട്ട നിയോമുള്ളറുടെ കവിതയെയാണ് ഓര്‍മ്മിപ്പിക്കുന്നത്; അവര്‍ കമ്യൂണിസ്റ്റുകാരെ തേടിവന്നു/ ഞാനൊന്നും മിണ്ടിയില്ല/ കാരണം ഞാനൊരു കമ്യൂണിസ്റ്റുകാരനായിരുന്നില്ല/ അവര്‍ തൊഴിലാളി പ്രവര്‍ത്തകരെ തേടിവന്നു/ ഞാനൊന്നും മിണ്ടിയില്ല/ കാരണം ഞാനൊരു തൊഴിലാളി പ്രവര്‍ത്തകനായിരുന്നില്ല/ അവര്‍ ജൂതന്മാരെ തേടിവന്നു/ ഞാനൊന്നും മിണ്ടിയില്ല/ കാരണം ഞാനൊരു ജൂതനായിരുന്നില്ല/ അവര്‍ കത്തോലിക്കരെ അനേ്വഷിച്ചുവന്നു/ ഞാനൊന്നും മിണ്ടിയില്ല/ കാരണം ഞാനൊരു പ്രൊട്ടസ്റ്റന്റ്കാരനായിരുന്നു/ അവസാനം അവരെന്നെ തേടിവന്നു/ അപ്പോഴേക്കും എനിക്കു വേണ്ടി സംസാരിക്കാന്‍ ആരും അവശേഷിച്ചിരുന്നില്ല.
ഫാസിസ്റ്റ് വേട്ടക്കുനേരെ നിശ്ശബ്ദരായിപ്പോകുന്ന ഒരു ജനതയുടെ ദുരന്തപൂര്‍ണമായ അവസാനത്തെക്കുറിച്ചാണ് നിയോമുള്ളര്‍ പ്രവചനാത്മകമായി ഓര്‍മിപ്പിക്കുന്നത്. ഇതിന് സമാനമായ സാമൂഹിക മനോഭാവമാണ് മലയാളിയെ ഇപ്പോള്‍ ഭരിക്കുന്നത് എന്നുതോന്നുന്നു. ജനാധിപത്യത്തേയും അക്രമരാഷ്ട്രീയത്തേയും കുറിച്ച് വാചാലരാകുന്ന പല ബുദ്ധിജീവികളും “മൗനം വിദ്വാന് ഭൂഷണം” എന്ന മട്ടിലാണ്. ഓരോ വ്യക്തിയുടെയും സ്വകാര്യ ജീവിതത്തിലേക്ക്, വീടുകളിലേക്ക് സദാചാരത്തിന്റെ ത്രിശൂലവുമായി ഏതുസമയത്തും സംഘ്പരിവാര്‍ ശക്തികള്‍ കടന്നുവന്നേക്കാം. ഫാസിസം ഏകപക്ഷീയതകളുടെയും സ്വേച്ഛാധിപത്യത്തിന്റെയും സംസ്‌കാരത്തെയാണ് അടിച്ചേല്‍പ്പിക്കുന്നത്. ഇന്ത്യയിലത് പുരുഷാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായ ബ്രാഹ്മണ്യ സംസ്‌കാരമാണ്. അധസ്ഥിതരേയും സ്ത്രീകളേയും പൊതുഇടങ്ങളില്‍ നിന്നും ആട്ടിയോടിക്കുന്ന വര്‍ണാശ്രമ ധര്‍മമാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനം. ബ്രാഹ്മണ്യത്തിലും ചാതുര്‍വര്‍ണ്യത്തിലുമുള്ള കടുത്ത വിശ്വാസദാര്‍ഢ്യമാണ് ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ഹിന്ദുത്വ പ്രത്യയശാസ്ത്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുളളത്. ആര്‍ഷ പാരമ്പര്യത്തിന്റെ അനന്തരാവകാശികള്‍ ബ്രാഹ്മണരാണെന്ന വിശ്വാസപ്രമാണത്തിന്റെ മഹത്വവത്കരണമാണ് സംഘ്പരിവാര്‍ ശക്തികള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്.
പ്രമോദ് മുത്തലിക്കിനെ പോലുളള നവ മനുവാദികളാണ് സംഘ്പരിവാറിന്റെ നിയോലിബറല്‍ കാലത്തെ പ്രത്യയശാസ്ത്ര-പ്രയോഗപദ്ധതികളുടെ ആസൂത്രകരും കാര്‍മികരും. അവര്‍ക്ക് ദേശീയതലത്തില്‍ തന്നെ സംഘ്പരിവാര്‍ വിചാര കേന്ദ്രങ്ങളുടെ മേല്‍നോട്ടവുമുണ്ട്. ശ്രീരാമസേനയിലൂടെ പ്രമോദ്മുത്തലിക്കുമാര്‍ നടപ്പാക്കുന്ന സദാചാരപോലീസിംഗ് ചാതുര്‍വര്‍ണ്യത്തിന്റെ കിരാതപ്രയോഗമാണ്. സ്ത്രീയുടെ സ്വാതന്ത്ര്യവും വ്യക്തിത്വവും അംഗീകരിച്ചുകൊടുക്കാത്ത കടുത്ത മനുവാദമാണ് സംഘ്പരിവാറിന്റെ സദാചാര പോലീസിംഗിന്റെ ആശയപരമായ അന്തര്‍ധാര. അപരമത വിദേ്വഷത്തിലധിഷ്ഠിതമായ സദാചാര പോലീസിങ്ങാണ് അമിത്ഷായെ പോലുള്ളവര്‍ ദേശീയതലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലൗജിഹാദ് ക്യാമ്പയിന്‍. അത്യന്തം അധഃസ്ഥിത- സ്ത്രീവിരോധത്തിലധിഷ്ഠിതമായ ക്യാമ്പയിനാണ് സംഘ്പരിവാര്‍ രാജ്യവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നത്. കൗമാരത്തില്‍ പിതാവിനാലും യൗവനത്തില്‍ ഭര്‍ത്താവിനാലും വാര്‍ധക്യത്തില്‍ പുത്രന്മാരാലും സംരക്ഷിക്കപ്പെടേണ്ടവള്‍ മാത്രമാണ് സ്ത്രീ. ഗീതയില്‍, ചാതുര്‍വര്‍ണ്യത്തിന്റെ പിതൃത്വം ഏറ്റെടുത്തുകൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ വ്യക്തമാക്കിയത് ശൂദ്രനെന്ന പോലെ സ്ത്രീയും നീചജന്മമാണെന്നാണ്. ഇഹത്തിലും പരത്തിലും രക്ഷയില്ലാത്ത നീചജന്മങ്ങള്‍. ശൂദ്രരെ എന്ന പോലെ സ്ത്രീകളേയും പൊതുഇടങ്ങളില്‍ നിന്നും ആട്ടിയകറ്റുന്ന അധികാരപ്രയോഗമാണ് സംഘ്പരിവാറിന്റെ സദാചാരപോലീസിംഗ്. ചാതുര്‍വര്‍ണ്യ പ്രത്യയശാസ്ത്രമാണ് ഇന്ന് കേരളത്തിലെ തെരുവുകളില്‍ സദാചാരഗുണ്ടായിസമായി യുവതീയുവാക്കളെ വേട്ടയാടുന്നതെന്നകാര്യം ജനാധിപത്യശക്തികള്‍ തിരിച്ചറിയണം. മതനിരപേക്ഷവും ജനാധിപത്യപരവുമായ നിലപാടുകളില്‍ നിന്നാകണം ചുംബനസമരം ഉള്‍പ്പെടെയുള്ള പ്രതിഷേധ രൂപങ്ങളെ വിലയിരുത്തേണ്ടത്. സ്ത്രീപുരുഷ ബന്ധത്തേയും ലിംഗനീതിയേയും സംബന്ധിച്ച ശരിയും ശാസ്ത്രീയവുമായ വീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടേ സാംസ്‌കാരിക ഫാസിസത്തിനെതിരായ ജനാധിപത്യ മുന്നേറ്റങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ കഴിയൂ എന്ന കാര്യം ചുംബനസമരത്തില്‍ പങ്കെടുക്കുന്ന യുവതീയുവാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. പരിവര്‍ത്തനോന്മുഖമായ വിപ്ലവരാഷ്ട്രീയത്തിന്റെ ഭാഗമായിട്ടേ സദാചാരപോലീസിംഗിനെതിരായ പ്രതിഷേധസമരങ്ങള്‍ അര്‍ഥപൂര്‍ണമായതലങ്ങളില്‍ മുന്നോട്ടുകൊണ്ടുപോകാനാകൂ.