Connect with us

Articles

ചുംബന കാലത്തെ ന്യൂജനറേഷന്‍

Published

|

Last Updated

പതിനഞ്ച് വര്‍ഷം മുമ്പത്തെ കഥ. ഗള്‍ഫില്‍ നിന്നും വരുന്ന പിതാവിനെ സ്വീകരിക്കാന്‍ കുടുംബക്കാരോടൊപ്പം മകന്‍ എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു. മകന്റെ മൂന്നാം വയസ്സിലായിരുന്നു അയാള്‍ വിദേശത്തേക്ക് പറന്നത്. ആറ് വര്‍ഷത്തിനു ശേഷം തിരിച്ചുവരുമ്പോള്‍ മകന്റെ വയസ്സ് ഒമ്പതായിട്ടുണ്ട്. “മോനേ നിനക്ക് എന്തു പറ്റി?” ഞാന്‍ പോകുമ്പോള്‍ നിനക്ക് രണ്ട് ചെവിയുണ്ടായിരുന്നല്ലോ? ചെവിക്ക് എന്തുസംഭവിച്ചു. നോക്കിയപ്പോഴല്ലേ ഗുട്ടന്‍സ് പിടികിട്ടിയത്. മകന്‍ ചെവിയുടെ മുകളില്‍ തലമുടി നീട്ടി തൂക്കിയിട്ടതു കാരണം രണ്ട് ചെവിയും മൂടിയിരുന്നു.
ഇത് അന്നത്തെ കഥ – തലമുടി വികൃതമാക്കുന്നതിന്റ രീതി മാറിവന്നു. കാലം മാറുമ്പോള്‍ കോലം മാറണമല്ലോ എന്ന ചിന്തയില്‍ തലമുടി ക്രോപ്പ് ചെയ്യാന്‍ തുടങ്ങി. കരിക്ക് വെട്ടിയതു പോലെ ഇരു ഭാഗവും ചെത്തിയെടുത്തു. പിന്നെയും കാലം മുന്നോട്ട് നീങ്ങി. നെറ്റിയുടെ മുകളില്‍ മുന്‍ഭാഗത്തേക്ക് മുടി കൂട്ടിവെക്കാന്‍ തുടങ്ങി. ഇപ്പോഴിതാ ന്യൂ ജനറേഷന്‍ വിഷന്‍. മരം കൊത്തിയുടെ തല പോലെ മേല്‍പ്പോട്ട് മുടികള്‍ വളര്‍ത്തി തല തിരിഞ്ഞ ചില ശൈലികള്‍ വന്നുതുടങ്ങി. ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത സംസ്‌കാരത്തിന്റെ പേര് ന്യൂ ജനറേഷനെന്നായിമാറി. മുടി, താടി, മീശ ഇവയിലെല്ലാം ന്യൂ ജനറേഷന്‍ (കൗമാരക്കാര്‍) അതീവശ്രദ്ധാലുക്കളാണ്.
മുടിവളര്‍ത്തുന്നതിലോ വെട്ടുന്നതിലോ മാത്രമല്ല ന്യൂ ജനറേഷന്‍ ശ്രദ്ധ കൊടുക്കുന്നത്. അതിന് ചായം പിടിപ്പിക്കുന്നതിനും “ബ്യൂട്ടി”യാക്കുന്നതിനും വേണ്ടി പരിശ്രമിച്ചു. മുടി ആകര്‍ഷകമാക്കാന്‍ 2000 മുതല്‍ 6000 രൂപ വരെ ബ്യൂട്ടി പാര്‍ലറുകളില്‍ നല്‍കുന്ന പുതുതലമുറക്കാരുണ്ട്. ഡ്രസ് കോഡിലും പ്രത്യേക ശ്രദ്ധയൂന്നുന്നവരാണിവര്‍. ലോകാത്ഭുതം പോലെ ഒരു നൂലില്‍ മാത്രം താങ്ങി നില്‍ക്കുന്ന തരത്തില്‍ തുടയുടെ മുകളില്‍ ബന്ധിച്ചിരിക്കുന്ന പാന്റ്‌സ് ധരിച്ച് ഊരുചു റ്റുന്ന ന്യൂജനറേഷന്‍ വേഷം കെട്ടല്‍ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നു. വില കൂടിയ വസ്ത്രങ്ങളില്‍ അഭിനിവേശം കാണിച്ച് ആഡംബര ജീവിതം നയിക്കുന്നു. ഇന്ന് ജീവിതം ആനന്ദമാക്കാം എന്ന സന്ദേശം നല്‍കി അടിപൊളിജീവിതത്തെ ഇഷ്ടപ്പെടുന്നവരാണ് ന്യൂജനറേഷന്‍. മറ്റൊന്നു കൂടി ന്യൂജനറേഷനില്‍ വര്‍ധിച്ചുവരുന്നുണ്ട്. ബൈക്കില്‍ അതിസാഹസിക കാണിക്കുന്ന പുതുതലമുറ. മുന്‍ ചക്രം പൊക്കി കുതിരച്ചാട്ടം നടത്തുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ കാണാവുന്നതാണ്. അതിവേഗം ഹരമാക്കിമാറ്റുന്നു. ന്യൂജനറേഷന്റെ അശ്രദ്ധയും അതിസാഹസികതയും കാരണം അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതില്‍ നിയന്ത്രണം വരുത്താന്‍ രക്ഷിതാക്കള്‍ക്ക് ധൈര്യമില്ല. കാരണം ന്യൂ ജനറേഷനല്ലേ! ചില രക്ഷിതാക്കള്‍ തന്നെ ഇതില്‍ അഭിമാനിക്കുന്നവരുമാണ്. തന്റെ മകന്‍ പത്താം വയസ്സില്‍ ഡ്രൈവിംഗ് പഠിച്ചെന്ന് അന്തസ്സ് നടിക്കുന്നവരുമുണ്ടല്ലോ? മാത്രമോ പത്ത് വയസ്സുള്ള മകന് പിറന്നാള്‍ സമ്മാനമായി നല്‍കുന്നത് കോടികള്‍ വിലയുള്ള കാര്‍. ന്യൂ ജനറേഷന്‍ ഫാദര്‍.!
“എനിക്ക് വേണം, ഇപ്പോള്‍ തന്നെ വേണം” എന്നതാണ് ന്യൂ ജനറേഷന്റെ മനോഭാവം. സെല്‍ഫോണും ത്രിജി ഇന്റര്‍നെറ്റുമൊക്കെ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കണം. കാത്തിരിപ്പിന് സമയമില്ല. വിത്തിറക്കി വിളവെടുക്കാന്‍ പത്ത് വര്‍ഷം കാത്തിരിക്കാന്‍ ന്യൂ ജനറേഷനെ കിട്ടില്ല. എളുപ്പ വഴികളിലേക്ക് കുറുക്കുവഴികള്‍ സ്വീകരിക്കുന്നവര്‍ നിരവധി. അങ്ങനെ മണല്‍ മാഫിയയും ലഹരിവില്‍പ്പനയും പെണ്‍വാണിഭവും പെരുകി. കൃഷിയിടങ്ങളില്‍ വിത്തിറക്കാന്‍ ന്യൂജനറേഷനെ കിട്ടുന്നില്ല. ഷെയര്‍ മാര്‍ക്കറ്റിലും മണിചെയിന്‍ ബിസിനസിലും പണമിട്ട് ലാഭം കാത്തിരിക്കുന്നവര്‍ കൈ നനയാതെ മീന്‍ പിടക്കുന്നു. അതായത് മടിയന്മാരുടെ കൂട്ടായ്മ. അതിനൊരു സംഘടനയെക്കുറിച്ച് ആലോചിക്കേണ്ട സമയമാണിപ്പോള്‍. യുവ തലമുറക്ക് പ്രകൃതി വേണ്ട. പുറമെ നിന്ന് വരുന്ന വിഷാംശംങ്ങള്‍ തിന്നാന്‍ താത്പര്യം. കബ്‌സ മുതല്‍ കുഴി മന്തി വരെ ന്യൂ ജനറേഷന്റെ ആഹാരങ്ങളാണ്. മലയാളികളില്‍ അധ്വാന ശീലം കുറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്നതിന്റെ മൂന്നിലൊന്ന് ഇവിടെ ചെയ്താല്‍ സമ്പാദ്യമുണ്ടാക്കാന്‍ പറ്റുന്നതേയുള്ളു.
മണിക്കൂറുകളോളം വാട്‌സപ്, ഫെയ്‌സ്ബുക്ക് എന്നിവയില്‍ തപസ്സിരുന്ന് കമന്റുകളും ലൈക്കുകളും ഷെയറുകളും കാത്തിരിക്കുന്നു. ചിലര്‍ ചൂണ്ടയിട്ട മുക്കുവെനപ്പോലെ ഇരയെ കാത്തിരിക്കുന്നു. അതുവഴി കഴിവും, ക്രിയേറ്റിവിറ്റിയും നഷ്ടപ്പെടുത്തുന്ന ഒരു ന്യൂ ജനറേഷന്റെ സൃഷ്ടിപ്പ് ഇവിടെ നടക്കുന്നു. ആധുനിക സൗകര്യങ്ങള്‍ അനാവശ്യമായി ഉപയോഗപ്പെടുത്തുന്ന ന്യൂ ജനറേഷന്‍ അവരുടെ ക്രിയാത്മകതയെയും ഭാവനയെയും നശിപ്പിക്കുന്നു. പഠനത്തില്‍ താത്പര്യം കുറഞ്ഞുവരാനും പാഠ്യേതര വിഷയത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കാനും ഫെയ്‌സ് ബുക്, വാട്‌സപ് തുടങ്ങിയ മീഡിയകള്‍ വഴി തെളിയിക്കുന്നു.
ന്യൂ ജനറേഷന്റ പെരുമാറ്റം പഠന വിധേയമാക്കുമ്പോള്‍ മര്യാദ, മുഖാമുഖ സംസാരം തുടങ്ങിയവ കുറഞ്ഞു വരുന്നതായി കാണുന്നു. കുട്ടി ജനിച്ച് ആറ് മാസമായതു മുതല്‍ ടാബ്‌ലറ്റ്, മൊബൈല്‍ ഉപയോഗിച്ച് തുടങ്ങുന്നു. ഗെയിം, കാര്‍ട്ടൂണ്‍, ചാറ്റിംഗ് തുടങ്ങിയവയില്‍ മുഴുകുമ്പോള്‍ അതിഥിയെ സ്വീകരിക്കാനെങ്ങനെ കഴിയും? മറ്റുള്ളവരോട് മുഖാമുഖം സംസാരിക്കാനെങ്ങനെ കഴിയും? നാല് പേര്‍ കൂടിയിരിക്കുന്നിടത്ത് മുഖാമുഖ സംസാരങ്ങള്‍ നടക്കുന്നില്ല. പകരം വാട്‌സപ്, ഫെയ്‌സ്ബുക് ചാറ്റിംഗ് നടക്കുകയാണ്. സാമൂഹിക ബാധ്യതകള്‍ നഷ്ടപ്പെടുന്നു. പ്രണയവും ലഹരി ഉപയോഗവും ന്യൂ ജനറേഷന്റെ ട്രെന്റാണ്. ന്യൂജനറേഷന്‍ ഫാമിലിക്കിന്ന് മക്കളെ നോക്കാന്‍ സമയമില്ലല്ലോ. പൊതു സമൂഹം തെറ്റെന്ന് കണ്ടിരുന്ന പല കാര്യങ്ങളും ശരിയുടെ പുതുവേഷം അണിഞ്ഞെത്തുന്നതാണ് ന്യൂജനറേഷന്‍ രീതി. ചുംബനം സ്വകാര്യതയുടെ സ്‌നേഹ ശാസ്ത്രമാണ്. ചുംബനം ഒരു സമര മുറയായി സ്വീകരിക്കുമ്പോള്‍ അതിന് പ്രോത്സാഹനം നല്‍കാനും ചിലരുണ്ട്. പരീക്ഷിക്കപ്പെടുന്ന തെറ്റുകള്‍ക്ക് സ്വീകാര്യത കിട്ടുമ്പോള്‍ തിന്മയുടെ സമരമുറകള്‍ വീണ്ടും വര്‍ധിക്കുമെന്നര്‍ഥം. വേഷത്തിലും സംസാരത്തിലും സ്വഭാവത്തിലും ഇടപെടലിലും ന്യൂ ജനറേഷന്റെ കോലങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ മറ്റൊരു രൂപഭാവഭേദങ്ങള്‍ കാണാം നമുക്ക്; നെക്സ്റ്റ് ജനറേഷനില്‍.