Connect with us

Kerala

കത്തുമായി ഗണേഷ്; പ്രത്യേകം നല്‍കിയതല്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിനെക്കുറിച്ച് പരാതിപ്പെട്ട് കത്ത് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെ കെ ബി ഗണേഷ്‌കുമാര്‍ അത് പുറത്ത് വിട്ടു. എന്നാല്‍, ഗണേഷ് നല്‍കിയത് അഴിമതി ആരോപണം ഉന്നയിച്ചു തന്ന പ്രത്യേക കത്തായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്നീട് പ്രതികരിച്ചു. പ്രത്യേക കത്തല്ലാത്തതിനാല്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ.് എം എല്‍ എമാര്‍ക്ക് താന്‍ പ്രത്യേകം കത്തയച്ചിരുന്നു. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് കത്തിലൂടെ ആവശ്യപ്പെട്ടത്. ആ കത്തിനുള്ള മറുപടിയിലാണ് നിയമസഭയില്‍ ഉന്നയിച്ച അഴിമതി ആരോപണം ഗണേഷ് ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എം എല്‍ എമാരില്‍ നിന്ന് ലഭിച്ച കത്തുകള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് കൈമാറാനായി ഓഫീസില്‍ ഏല്‍പ്പിച്ചു. അഴിമതി ആരോപണം ഉന്നയിച്ചു കത്ത് തന്നിരുന്നതായി നിയമസഭയില്‍ ഗണേഷ് കുമാര്‍ പറഞ്ഞപ്പോഴാണ് കത്ത് ഇതാണെന്ന് മനസ്സിലായത്. അഴിമതി ആരോപണം ഉന്നയിച്ചു നല്‍കിയ പ്രത്യേക കത്തായിരുന്നെങ്കില്‍ അതു പരിശോധിക്കുമായിരുന്നു. തന്റെ ശ്രദ്ധയിലും അതുപെടുമായിരുന്നു. അഴിമതി ആരോപണം ഉന്നയിച്ചു പ്രത്യേകം നല്‍കിയ കത്ത് അല്ലെന്നു ഗണേഷ്‌കുമാര്‍ തന്നെ ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക കത്തല്ലാത്തതിനാല്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest