മേഖലയില്‍ 2020ല്‍ 1.7 കോടി അവസരങ്ങള്‍ ആവശ്യമായി വരുമെന്ന്

Posted on: December 10, 2014 6:06 pm | Last updated: December 10, 2014 at 6:06 pm

jobദുബൈ: അറബ് മേഖലയില്‍ 2020 ആവുമ്പോഴേക്കും 1.7 കോടി തൊഴിലവസരങ്ങള്‍ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട്. മേഖലയിലെ തൊഴിലില്ലായ്മക്ക് പരിഹാരമുണ്ടാക്കാന്‍ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ മുന്നിട്ടിറങ്ങണമെന്ന് ഇതേക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ അറബ് വിജ്ഞാന റിപ്പോര്‍ട്ട് എടുത്തു പറയുന്നു. മേഖലയില്‍ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നത് പ്രതിശീര്‍ഷ വരുമാനം ഗണ്യമായി കുറയുന്നതിലേക്ക് നയിക്കുന്നുണ്ടെന്ന് അറബ് നോളജ് ഡയറക്ടറും കോഓഡിനേറ്ററുമായ ഡോ. ഗെയ്ത് ഫാരിസ് വ്യക്തമാക്കി.
ദുബൈയില്‍ സംഘടിപ്പിച്ച വിജ്ഞാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കളില്‍ 50 ശതമാനത്തില്‍ അധികം തൊഴില്‍രഹിതരായിരിക്കുന്ന ഭീതിതമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. മേഖലയിലെ ജനസംഖ്യയുടെ നല്ലൊരു ഭാഗം യുവജനങ്ങളാണ്. യുവാക്കളില്‍ പകുതിയില്‍ അധികവും 25 വയസിന് താഴെയുള്ളവരാണ്. മൊത്തം ജനസംഖ്യയില്‍ 33 ശതമാനം മാത്രമാണ് 15 വയസിന് താഴെയുള്ളവരെന്നും അദ്ദേഹം വിശദീകരിച്ചു.