Malappuram
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പങ്കാളിത്തം ഉറപ്പുവരുത്തുന്നില്ല: മാധവ് ഗാഡ്ഗില്‍

മലപ്പുറം: പശ്ചിമഘട്ട സംരക്ഷണത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് ജന പങ്കാളിത്തം ഉറപ്പുവരുത്തുന്നില്ലെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും അവ നടപ്പാക്കുന്നതിലും നൂറുശതമാനം ജനകീയ പങ്കാളിത്തം ആവശ്യപ്പെടുന്നതാണ് തന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
ജനങ്ങളെ പങ്കാളികളാക്കാത്ത റിപ്പോര്‍ട്ട് നടപ്പാക്കുന്നത് അവരുടെ ജീവിത നിലവാരത്തിലും വികസനത്തിലും പ്രശ്‌നങ്ങളുണ്ടാക്കും. തന്റെ റിപ്പോര്‍ട്ടിന് അനുകൂലമായി കൂടുതല്‍ പേര്‍ രംഗത്തുവരുന്നതിനാല്‍ ഇതുനടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാവുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലാ പരിസ്ഥിതി കൂട്ടായ്മ സംഘടിപ്പിച്ച പരിസ്ഥിതി വിവരാവകാശ പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗാഡ്ഗില്‍. വികസനം ജനകീയമാക്കുകയാണ് ലക്ഷ്യമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ഥതയോടെ ആണെങ്കില്‍ പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്തുന്ന തന്റെ റിപ്പോര്‍ട്ട് മുഴുവന്‍ അര്‍ഥത്തിലും നടപ്പാക്കണം. ഭൗതിക, ജൈവ, മാനുഷിക, സാമൂഹിക സമ്പത്തില്‍ ഒരുപോലെ വര്‍ധനവുണ്ടായാലേ വികസനം സാധ്യമാകൂ. സമ്പന്നരുടെ വികസനമാണ് ഉറപ്പുവരുത്തുന്നതെങ്കില്‍ ഭൗതികസമ്പത്ത് മാത്രം വികസിച്ചാല്‍ മതി. ഭൗതിക സമ്പത്ത് വര്‍ധിക്കുകയും അവ കുറച്ചു പേര്‍ മാത്രം കൈവശപ്പെടുത്തുന്ന അവസ്ഥയാണ് നിലവില്‍. നിയമവിരുദ്ധമായ ഖനികളുടെ കണക്ക് മാത്രമെടുത്താല്‍ മതി ഇക്കാര്യം മനസിലാക്കാന്‍. നിയമം പണക്കാര്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെയാവണം. അനീതിക്കെതിരെ ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രതികരിക്കാനാവണം.
വികസനം ജനകീയമാക്കുന്നതിലെ നയരേഖകൂടിയാണ് തന്റെ റിപ്പോര്‍ട്ട്. മുബൈയിലും ഡല്‍ഹിയിലും ഇരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നവര്‍ പ്രകൃതിയെ ചൂഷണം ചെയ്തു പടുത്തുയര്‍ത്തിയ സൗധങ്ങള്‍ കണ്ടാണ് വികസനത്തെ കുറിച്ചു പറയുന്നത്. ഖനനവും നിര്‍മാണപ്രവര്‍ത്തനങ്ങളും വികസനത്തിന്റെ ഒരുഭാഗം മാത്രമാണ്. ജി ഡി പി അളവുകോലില്‍ വികസനത്തെ കാണുന്നവര്‍ യഥാര്‍ഥ കണക്കെടുത്താല്‍ വളര്‍ച്ചക്കു പകരം തളര്‍ച്ചയാവും കാണാനാവുകയെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ജില്ലാ പരിസ്ഥിതി കൂട്ടായ്മ ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ഫൈറ്റ് ഫോര്‍ റൈറ്റ് പുരസ്‌കാരം മാധവ് ഗാഡ്ഗില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ചെന്ത്രത്തിലിന് സമ്മാനിച്ചു. പി സുന്ദരരാജന്‍ അധ്യക്ഷനായി. നര്‍ഗീസ് ടീച്ചര്‍, ലത്തീഫ് കുറ്റിപ്പുറം, റഫീഖ് ബാബു പ്രസംഗിച്ചു.