Malappuram
തിരൂരങ്ങാടി പഞ്ചായത്ത് വിഭജനം: സി പി എം പ്രക്ഷോഭത്തിലേക്ക്

തിരൂരങ്ങാടി: ഗ്രാമപഞ്ചായത്ത് വിഭജനത്തിനെതിരെ സി പി എം പ്രക്ഷോഭത്തിലേക്ക്. തിരൂരങ്ങാടി പഞ്ചായത്തിലെ വെന്നിയൂര്‍ ചുള്ളിപ്പാറ ഭാഗങ്ങള്‍ തിരൂരങ്ങാടി പഞ്ചായത്തില്‍ നിന്നും മാറ്റുന്നതിനെതിരെയാണ് സി പി എം ശക്തമായി രംഗത്ത് വന്നിട്ടുള്ളത്.
സി പി എം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. മുപ്പതിനായിരത്തിലേറെ ജനസംഖ്യയുള്ള തിരൂരങ്ങാടി പഞ്ചായത്ത് വിഭജിക്കുന്നത് സംബന്ധിച്ച് ഓദ്യോഗിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. അതിനിടെ തിരൂരങ്ങാടി മുനിസിപ്പാലിറ്റിയാക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് ആവശ്യപ്പെടുന്നുണ്ടെങ്കിലും സ്ഥലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രിയുടെ പഞ്ചായത്തായ പരപ്പനങ്ങാടിയെ മുനിസിപ്പാലിറ്റിയാക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. അപ്പോള്‍ തിരൂരങ്ങാടിക്ക് ഈ തവണ സാധ്യത നന്നേകുറവാണ്.
തിരൂരങ്ങാടി പഞ്ചായത്തിലെ കീഴക്കന്‍ ഭാഗങ്ങളായ ചുള്ളിപ്പാറ, വെന്നിയൂര്‍ പ്രദേശങ്ങള്‍ തെന്നലയിലേക്ക് മാറ്റാന്‍ പഞ്ചായത്ത് അധികൃതര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ ഈ പ്രദേശത്തുകാര്‍ രംഗത്തു വന്നിരിക്കുകയാണ്. ഇവിടത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഇതിനെതിരാണ്. പ്രാദേശിക വികാരമായിട്ടാണ് ഇത് ഉയര്‍ന്നിട്ടുള്ളത്. സി പി എം ഈ വിഷയമുന്നയിച്ച് സമരരംഗത്തിറങ്ങിയിരിക്കുകയാണ്.
വെന്നിയൂര്‍ കേന്ദ്രമാക്കി പുതിയൊരു പഞ്ചായത്ത് രൂപവത്കരിക്കുന്നതിനെ കുറിച്ചും ആലോചനയുണ്ട്. ഇതിനെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും അനുകൂലിക്കുന്നുണ്ടെങ്കിലും സി പി എം ഇതിനേയും എതിര്‍ക്കുന്നു. പഞ്ചായത്തിലെ പടിഞ്ഞാറ് ഭാഗമോ, മാനിപ്പാടം ഭാഗമോ, തൊട്ടടുത്തുള്ള പഞ്ചായത്തുകളിലേക്ക് മാറ്റണമെന്ന ആലോചന വന്നുവെങ്കിലും ഈരണ്ടു ഭാഗവും പുഴ അതിരിടുന്നതിനാല്‍ അവ അസാധ്യമാണ്.