സ്വത്ത് വെളിപ്പെടുത്താന്‍ ബി ജെ പി എം പിമാര്‍ക്ക് അന്ത്യശാസനം

Posted on: December 10, 2014 1:49 am | Last updated: December 9, 2014 at 11:50 pm

ന്യൂഡല്‍ഹി: ഇതുവരെ സ്വത്ത് വെളിപ്പെടുത്താത്ത പാര്‍ട്ടി എം പിമാരോട് ഇന്നേക്കകം സ്വത്ത് വിവരം കൈമാറാന്‍ ബി ജെ പി. ഇന്നലെ ചേര്‍ന്ന പാര്‍ലിമെന്ററി ബോര്‍ഡ് യോഗത്തിലാണ് എം പിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലായതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തില്‍ പങ്കെടുത്തില്ല. സത്ഭരണവും കള്ളപ്പണത്തിനെതിരെ പോരാട്ടവും ഉയര്‍ത്തിപ്പിടിക്കാന്‍ എം പിമാര്‍ സ്വത്ത് പ്രഖ്യാപിക്കണമെന്ന കര്‍ക്കശ നിലപാടിലാണ് മോദി.
നേരത്തെയും ഇതുപോലെ സ്വത്ത് വെളിപ്പെടുത്തുന്നതില്‍ എം പിമാര്‍ക്ക് ബി ജെ പി അന്ത്യശാസനം നല്‍കിയിരുന്നു. കഴിഞ്ഞ മാസമാണ് അന്ത്യശാസനം നല്‍കിയത്. എന്നാല്‍ ഇത് അവസാനത്തേതാകുമെന്നും കര്‍ശന നിലാപാട് പാര്‍ട്ടി സ്വീകരിക്കുമെന്നുമാണ് സൂചന. 48 മണിക്കൂറിനകം പാര്‍ട്ടി വെബ്‌സൈറ്റില്‍ എം പിമാരുടെ സ്വത്ത് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നതാണ് മോദിയുടെ കല്‍പ്പന.
അധികാരക്കസേരയില്‍ മോദി ആറ് മാസം പിന്നിടുമ്പോള്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാന വജ്രായുധമായിരുന്ന കള്ളപ്പണം തിരികെകൊണ്ടുവരുന്ന വിഷയത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വികാരമാണ് പൊതുവെയുള്ളത്. ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഇത് മുഖ്യ ആയുധമാക്കിയിരുന്നു. മോദി മന്ത്രിസഭയിലെ 41 പേര്‍ (91 ശതമാനം) കോടിപതികളാണെന്ന് പഠന റിപ്പോര്‍ട്ടുണ്ടായിരുന്നു. യു പി എ സര്‍ക്കാറിലെ അംഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വലിയ കണക്കാണ്. രണ്ടാം യു പി എ സര്‍ക്കാറില്‍ 79 മന്ത്രിമാരില്‍ 47 പേര്‍ (60 ശതമാനം) ആയിരുന്നു കോടിപതികള്‍.
114.03 കോടി രൂപയുടെ സമ്പത്തിന് ഉടമയായ അരുണ്‍ ജെയ്റ്റ്‌ലിയാണ് മന്ത്രിസഭയിലെ സമ്പന്നന്മാരില്‍ ഒന്നാം സ്ഥാനത്ത്. 108.31 കോടിക്ക് ഉടമയായ ഹര്‍സിംറാത്ത് കൗര്‍ ബാദല്‍ രണ്ടാം സ്ഥാനത്തും 94.66 കോടിയുടെ സമ്പത്തുള്ള പിയൂഷ് ഗോയല്‍ മൂന്നാം സ്ഥാനത്തുമാണ്. മന്ത്രിയായ ശേഷം 16 പേരുടെ സമ്പത്തില്‍ കുറവുണ്ടായി. സുഷമാ സ്വരാജിന് മന്ത്രിയാകുമ്പോള്‍ 17.55 കോടി രൂപയുടെ സ്വത്തുണ്ടായിരുന്നതില്‍ അഞ്ച് മാസത്തിന് ശേഷം 3.89 കോടി രൂപയുടെ കുറവുണ്ടായി. വടക്കു കിഴക്കന്‍ മേഖലാ വികസന മന്ത്രി വി കെ സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവരുടെയും സ്വത്ത് കുറഞ്ഞിട്ടുണ്ട്. ഏകീകൃത രൂപത്തിലല്ല മന്ത്രിമാര്‍ സ്വത്ത് പരസ്യപ്പെടുത്തിയത്. സ്വത്തിന്റെ ഗണത്തില്‍ മൂല്യം എത്രയെന്ന് മന്ത്രിമാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മൂല്യം കണക്കാക്കുക പ്രയാസമാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.