ഇസ്‌റാഈലിന്റെത് യുദ്ധക്കുറ്റമെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍

Posted on: December 10, 2014 1:14 am | Last updated: December 9, 2014 at 11:14 pm

ലണ്ടന്‍: ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിവിലിയന്‍ കെട്ടിടങ്ങള്‍ തകര്‍ത്തത് യുദ്ധക്കുറ്റമാണെന്നും അന്വേഷണം നടത്തണമെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍ ആവശ്യപ്പെട്ടു. പ്രൊട്ടക്റ്റീവ് എഡ്ജ് എന്ന 50 ദിവസം നീണ്ട ആക്രമണത്തിന്റെ അവസാനത്തെ നാല് ദിവസങ്ങളില്‍ നാല് ബഹുനില കെട്ടിടം തകര്‍ത്തത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം പൊളിക്കുന്നതാണെന്നും സംഘടന കുറ്റപ്പെടുത്തി. ഇതിന് ആവശ്യമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും സൈന്യത്തിന് ഇതില്‍ യാതൊരു ന്യായീകരണവും ഇല്ലെന്നും പശ്ചിമേഷ്യന്‍ ആംനസ്റ്റി ഡയറക്ടര്‍ ഫിലിപ്പ് ലൂതര്‍ പറഞ്ഞു. ഗാസയിലെ ജനങ്ങളുടെ താത്കാലിക ജീവിതം പോലും തകര്‍ക്കാനും ജനങ്ങള്‍ക്കെതിരെയുള്ള കൂട്ടായ ശിക്ഷയായിട്ടുമാണ് കെട്ടിടങ്ങള്‍ നശിപ്പിച്ചതെന്ന് സംഭവ സ്ഥലത്ത് നിന്ന് ശേഖരിച്ച വിവരങ്ങളും ഇസ്‌റാഈല്‍ സൈനിക വക്താവിന്റെ പ്രസ്താവനയും വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ആംനസ്റ്റിയുടെ കടുത്ത ആരോപണങ്ങള്‍ക്കെതിരെ ഇസ്‌റാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഫയിലെ വളരെ പ്രധാനപ്പെട്ട കെട്ടിടമാണ് സൈന്യം തകര്‍ത്ത്. ഷോപ്പിംഗ് മാളും മെഡിക്കല്‍ ക്ലിനിക്കും ഓഫീസും അടങ്ങിയ കെട്ടിടം നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് അഭയ കേന്ദ്രമായിരുന്നു. എന്നാല്‍, ഇതില്‍ ഒരു കെട്ടിടം ഹമാസിന്റെ പ്രവര്‍ത്തനം നടക്കുന്ന കെട്ടിടമാണെന്നാണ് ഇസ്‌റാഈലി അധികൃതരുടെ വാദം. കെട്ടിടത്തിലെ സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ആക്രമണം എന്നത് പലനിലക്കും വ്യക്തമാകുന്നതായി സംഘടന ആരോപിക്കുന്നു. കെട്ടിടത്തില്‍ നിന്ന് അവശ്യവസ്തുക്കള്‍ പോലും നീക്കം ചെയ്യാന്‍ അനുവദിക്കാതെയാണ് സൈന്യം ആക്രമണം നടത്തിയത്.