മോദി സര്‍ക്കാര്‍ വര്‍ഗീയ കലാപങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു: രാഹുല്‍ഗാന്ധി

Posted on: December 9, 2014 7:17 pm | Last updated: December 10, 2014 at 10:15 am

RAHUL 01..TVMതിരുവനന്തപുരം: അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ പോരാടുമെന്ന് പറഞ്ഞ് ഭരണത്തിലേറിയ നരേന്ദ്ര മോദി രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ നടത്തിയ ജനപക്ഷയാത്രയുടെ സമാപന സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മതവിദ്വേഷവും വര്‍ഗീയ സ്പര്‍ധയും വളര്‍ത്തുന്ന നിലപാടുകളാണ് ഇപ്പോഴും നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. മോദി അധികാരത്തിലെത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലെല്ലാം ഉണ്ടായ വര്‍ഗീയ കലാപങ്ങള്‍ ഇതിന് തെളിവാണ്.
കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിലൂടെ രാജ്യത്തെ ഓരോ പൗരനും 15 ലക്ഷം രൂപ നല്‍കുമെന്ന് പറഞ്ഞ മോദി അധികാരത്തിലേറി നൂറ് ദിവസം പിന്നിട്ടിട്ടും നൂറ് രൂപപോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. അധികാരം ജനങ്ങളിലേക്കെത്തിക്കണമെന്ന കോണ്‍ഗ്രസിന്റെ ആശയവും അധികാരം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തില്‍ നരേന്ദ്ര മോദി മുന്നോട്ട് വെക്കുന്ന ആശയവുമാണ് പ്രധാനമായും രാജ്യത്ത് നിലനില്‍ക്കുന്നത്. ഡല്‍ഹിയിലിരുന്ന് രാജ്യത്തെ മാറ്റാന്‍ കഴിയുമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഇവരിലൂടെ രാജ്യം വികസിക്കുമെന്ന് കരുതാനാകില്ല. തൊഴിലുറപ്പ് പദ്ധതിയുടെ പണം പോലും വകമാറ്റി ചെലവഴിക്കുകയാണ് മോദി സര്‍ക്കാര്‍. നാട് ശുചീകരിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അതിനായി ചില്ലിക്കാശ് പോലും നീക്കിവെച്ചിട്ടില്ല. ഗ്രാമങ്ങള്‍ ഏറ്റെടുക്കല്‍ പദ്ധതിയിലും സമാനമാണ് അവസ്ഥ. കഴിഞ്ഞ ആറ് മാസം വാഗ്ദാനങ്ങളല്ലാതെ ഒന്നും ചെയ്യാത്ത ബി ജെ പി സര്‍ക്കാര്‍ അടുത്ത നാലര വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എന്ത് നടപ്പാക്കുമെന്നും അദ്ദേഹം ചോദിച്ചു.
യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഒട്ടനവധി ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഹരിത, ധവള, ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളെ ക്കൂടാതെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസുരക്ഷാ പദ്ധതി, വിവരാവകാശനിയമം, ഭൂമിയേറ്റെടുക്കല്‍ നിയമം തുടങ്ങി പ്രവര്‍ത്തനങ്ങളെല്ലാം രാജ്യത്തെ ജനങ്ങള്‍ക്ക് സഹായകമായി. കൈയ്യടിക്കുമ്പോഴുള്ള ശാരീരികമായ ഐക്യം മാത്രം പോരാ, മാനസികമായ ഐക്യം കൂടി വേണമെന്ന് ചടങ്ങില്‍ എ കെ ആന്റണി പറഞ്ഞത് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. നവംബര്‍ നാലിന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്രക്കാണ് ഇന്നലെ തിരുവനന്തപുരത്ത് പരിസമാപ്തിയായത്.

ALSO READ  രാഹുൽ തരംതാണ രാഷ്ട്രീയ നിലവാരത്തിൽ നിന്നുയരണമെന്ന് അമിത്ഷാ