ഒന്നാം ടെസ്റ്റ്: വാര്‍ണര്‍ക്ക് സെഞ്ച്വറി; ഓസ്‌ട്രേലിയ 6ന് 354

Posted on: December 9, 2014 1:11 pm | Last updated: December 10, 2014 at 12:28 am

Australia v India - 1st Test: Day 1അഡ്‌ലെയ്ഡ്: കളിക്കളത്തില്‍ പരിക്കേറ്റ് മരണപ്പെട്ട ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മകളുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയുടെ ആദ്യദിനം മികച്ച തുടക്കം. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 354 റണ്‍സെന്ന നിലയിലാണ് കംഗാരുക്കള്‍. സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറുടെ മികവിലാണ് ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് കുതിക്കുന്നത്.
ആദ്യവിക്കറ്റ് ടീം സ്‌കോര്‍ 50 റണ്‍സിലെത്തി നില്‍ക്കേ ഓസീസിന് നഷ്ടമായി. ഇശാന്തിന്റെ പന്തില്‍ ധവാന്‍ പിടിച്ച് 9 റണ്‍സെടുത്ത റോജേഴ്‌സ് പുറത്തായി. 88ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത വാട്‌സനും മടങ്ങി. വരുണ്‍ ആരോണിന്റെ പന്തില്‍ ധവാന് തന്നെയായിരുന്നു ക്യാച്ച്. പിന്നീട് ക്ലാര്‍ക്കും വാര്‍ണറും ചേര്‍ന്ന് 118 റണ്‍സിന്റെ കൂട്ടുകെട്ടുമായി കുതിക്കവേ 60 റണ്‍സ് നേടിയ ക്ലാര്‍ക്ക് പേശി വലിവ് കാരണം ക്രീസ് വിട്ടു. സ്‌കോര്‍ 258ല്‍ നില്‍ക്കേ 145 റണ്‍സെടുത്ത വാര്‍നറെ കരണ്‍ ശര്‍മ മടക്കി. ഇശാന്ത് ശര്‍മയ്ക്ക് ക്യാച്ച്. 41 റണ്‍സെടുത്ത മാര്‍ഷിനെ വരുണ്‍ ആരോണ്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. 3 റണ്‍സെടുത്ത ലിയോണിനേയും റണ്‍ എടുക്കും മുമ്പെ ബ്രാഡ് ഹാഡിനേയും ഷാമി പുറത്താക്കി.
മുഹമ്മദ് ഷാമിയും വരുണ്‍ ആരോണും രണ്ട് വീതം വിക്കറ്റ് വീതം നേടിയപ്പോള്‍, ഇശാന്ത് ശര്‍മയും കരണ്‍ ശര്‍മയും ഓരോ വിക്കറ്റ് നേടി.