യു ഡി എഫ് സംവിധാനം നിഷ്‌ക്രിയം -യൂത്ത്‌ലീഗ്

Posted on: December 9, 2014 12:19 pm | Last updated: December 9, 2014 at 12:19 pm

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലക്കായി അനുവദിച്ച ഗവ. മെഡിക്കല്‍ കോളജ് ചുരംബദല്‍ റോഡ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ യു ഡി എഫ് സംവിധാനം കാര്യക്ഷമത വീണ്ടെടുക്കണമെന്ന് യൂത്ത്‌ലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയോഗം അഭിപ്രായപ്പെട്ടു.
മുന്നണിക്ക് നേതൃത്വം നല്‍കുന്നവര്‍ അത്തരം കാര്യങ്ങളില്‍ ഗൗരവതരമായ ഇടപെടലുകള്‍ നടത്തുന്നതില്‍ വീഴ്ചവരുത്തുന്നതായി യോഗം കുറ്റപ്പെടുത്തി. പലയിടങ്ങളിലും ഘടക കക്ഷികളെ അവഗണിക്കുന്നതില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ആനന്ദം കണ്ടെത്തുകയാണ്. സഹകരണ സ്ഥാപനങ്ങളിലേക്ക് ജില്ലയില്‍ അടുത്തിടെ നടന്ന പല തിരഞ്ഞെടുപ്പുകളിലും യു ഡി എഫ് മുന്നണിയില്‍പ്പെട്ടവര്‍ തന്നെ പരസ്പരം മത്സരിക്കുകയായിരുന്നു. അത്തരം സ്ഥാപനങ്ങളിലെല്ലാം ബി ജെ പിക്ക് നേട്ടം കൊയ്യാനാണ് ഈ മത്സരങ്ങള്‍ ഉപകരിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പുകളില്‍ ജയിച്ച് കയറുവാനായി തട്ടിക്കൂട്ടുന്ന താല്‍ക്കാലിക സംവിധാനമായിട്ടാണിപ്പോള്‍ യു ഡി എഫ് സംവിധാനം നിലനില്‍ക്കുന്നത്. യു ഡി എഫ് സംവിധാനം നിഷ്‌ക്രിയ മായതിനാല്‍ സി പി എമ്മിന്റെ മുതലെടുപ്പ് രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ പോലും സാധിക്കാത്തത് ഖേദകരമാണ്. ജനപ്രതിനിധികളുടെ കഴിവുകള്‍ ഉപയോഗ പ്പെടുത്തുന്നതിലും ജില്ലയുടെ സമഗ്ര വികസനത്തിനായി അജണ്ടകള്‍ തയ്യാറാക്കു ന്നതിനും യു ഡി എഫ് ജാഗ്രത കാട്ടണം. ജനക്ഷേമ പദ്ധതികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനും മുന്നണി സംവിധാനം കുറ്റമറ്റ രീതിയില്‍ കാര്യക്ഷമമാക്കാനും കഴിഞ്ഞാല്‍ മാത്രമേ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പു വരുത്താന്‍ കഴിയുകയുള്ളൂവെന്നും യോഗം വിലയിരുത്തി.
മെഡിക്കല്‍ കോളേജ് ഉടന്‍ പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിനെ ബഹുജനങ്ങള്‍ പൂര്‍ണ്ണമായി പിന്തുണക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. പ്രശ്‌നത്തിന് ശാശ്വതമായ തീരുമാനമു ണ്ടായില്ലെങ്കില്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് യഹ്‌യാഖാന്‍ തലക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഇസ്മായില്‍, ട്രഷറര്‍ കെ എം ഷബീര്‍അഹമ്മദ്, കെ പി അഷ്‌ക്കര്‍അലി, കെ ഹാരിസ് പടിഞ്ഞാറത്തറ, ഇബ്രാഹിം തൈത്തൊടി, ഷുക്കൂര്‍ തരുവണ, അബ്ബാസ് പുന്നോളി, ജാസര്‍ പാലക്കല്‍, ഷമീം പാറക്കണ്ടി, മുസ്തഫ കമ്മോം, അഡ്വ: എ പി മുസ്തഫ, സി. ഹാരിസ്, സി കെ അബ്ദുള്‍ ഗഫൂര്‍, നൂര്‍ഷ ചേനോത്ത്, സി എച്ച്. ഫസല്‍, എം പി നവാസ്, റിയാസ് കല്ലുവയല്‍ എന്നിവര്‍ സംസാരിച്ചു.