അര്‍ബുദ രോഗം മറന്ന് അബ്ദുല്‍ മജീദ് ജൈവ പച്ചക്കറി കൃഷിയില്‍

Posted on: December 9, 2014 11:05 am | Last updated: December 9, 2014 at 11:05 am

വേങ്ങര: അര്‍ബുദ രോഗത്തെ അതിജീവിച്ച് പുതിയ ജീവിതം പച്ച പിടിപ്പിക്കുവാന്‍ ജൈവ പച്ചക്കറി കൃഷിയില്‍ അഭയം തേടുകയാണ് എ ആര്‍ നഗര്‍ കൊടക്കല്ലിലെ കൊടുവാപറമ്പന്‍ കോതേരി അബ്ദുല്‍ മജീദ്.
ടെലിഫോണ്‍ ഓഫീസുകളിലെ രേഖകള്‍ ശരിയാക്കുന്ന സഹായിയായി ജീവിത മാര്‍ഗം കണ്ടെത്തുന്നതിനിടയിലാണ് മജീദിന് രോഗ ലക്ഷണങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് മൂന്ന് വര്‍ഷമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും തുടര്‍ച്ചയായി ചികിത്സ നടത്തി വരുന്നു. രോഗത്തെ തുടര്‍ന്ന് പഴയ വരുമാനം നിലച്ചപ്പോള്‍ ജൈവ പച്ചക്കറി ഉത്പ്പാദിപ്പിക്കുവാന്‍ മനസ്സിലുദിച്ച ആശയത്തിന് പഞ്ചായത്തിലെ കൃഷി ഭവന്റെ സഹായം ഏറെ തുണയാവുകയായിരുന്നു. നിലവില്‍ അന്യ സംസ്ഥാനത്തു നിന്നും വരുന്ന വിഷം കലര്‍ന്ന പച്ചക്കറിയെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ മാതൃകയാവുകയാണ് അബ്ദുല്‍ മജീദിന്റെ പച്ചക്കറിത്തോട്ടം. കൃത്യമായ വളവും വെള്ളവും നല്‍കി ജൈവ പച്ചക്കറിയെ പരിചരിക്കാന്‍ ഭാര്യ ആസ്യയും കൂടെയുണ്ടാകുമെന്ന് മജീദ് പറയുന്നു. പ്രധാനമായും കൈപ്പക്ക, പടവലം, ചീര, വിവിധതരം മുളക്, പയര്‍, വാഴ, തുടങ്ങിയവ കൃഷി ചെയ്തു വരുന്നു. സ്വന്തമായിട്ടുള്ള വീടിന്റെ പരിസരത്താണ് കൃഷി ചെയ്തു വരുന്നത്. കൂടുതല്‍ ഉത്പാദനവും വിപണനവും ലക്ഷ്യമാക്കി ജീവിതത്തിന്റെ പുതിയ പച്ചപ്പ് സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് മജീദും കുടുംബവും.