ഭാര്യക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും ഭര്‍ത്താവ് ചെലവിന് നല്‍കണമെന്ന് കോടതി

Posted on: December 9, 2014 11:03 am | Last updated: December 9, 2014 at 11:03 am

മഞ്ചേരി: വിവാഹ സമയത്ത് ഭാര്യക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും ഭര്‍ത്താവ് ചെലവിന് നല്‍കണമെന്ന് കുടുംബ കോടതി. ചോക്കാട് പള്ളിപ്പുറവന്‍ മൊയ്തീന്റെ മകള്‍ ഫില്‍സിനയും കാളികാവ് ഐലാശ്ശേരി അക്കരമ്മല്‍ ജംശീദും 2009 ഒക്‌ടോബര്‍ 29ന് വിവാഹിതരായിരുന്നു. വിവാഹ സമയത്ത് ഫില്‍സിന മൈനറായിരുന്നതു കൊണ്ട് വിവാഹത്തിന് നിയമ പ്രാബല്യമില്ലെന്നും അതിനാല്‍ ചെലവിനു നല്‍കാന്‍ അര്‍ഹതയില്ലെന്നുമുള്ള ഭര്‍ത്താവിന്റെ വാദം തള്ളിയാണ് ജഡ്ജി കെ ബാലസുബ്രഹ്മണ്യന്‍ വിധി പ്രസ്താവിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്താലും ചെലവിന് നല്‍കാന്‍ ഭര്‍ത്താവിന് നിയമപ്രകാരം ബാധ്യതയുണ്ടെന്ന അഡ്വ. യു എ ലത്വീഫിന്റെ വാദം കോടതി അംഗീകരിച്ചു. പ്രതിമാസം 2250 രൂപ ചെലവിന് നല്‍കാനും ഭര്‍ത്താവ് എടുത്തുപറ്റിയ 10 പവന്‍ സ്വര്‍ണാഭരണത്തിന്റെ വിലയും വേറിട്ടു താമസിച്ച 17 മാസത്തെ മുന്‍കാല ചെലവും നല്‍കാനും കോടതി ഉത്തരവിട്ടു.