Connect with us

Kerala

അഞ്ച് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം

Published

|

Last Updated

തിരുവനന്തപുരം: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെപ്പ് നടത്തിയ പശ്ചാത്തലത്തില്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനം. പോലീസ് മേധാവി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി രമേശ് ചെന്നിത്തല നടത്തിയ ഉന്നതതല യോഗത്തില്‍ തുടര്‍നടപടികള്‍ക്ക് രൂപം നല്‍കി. സമീപ പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ തണ്ടര്‍ബോള്‍ട്ട് നടത്തുന്ന പതിവ് പരിശോധന കൂടുതല്‍ പേരെ നിയോഗിച്ച് വ്യാപിപ്പിക്കും. സ്ഥിതിഗതികള്‍ അപ്പപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെയും കേന്ദ്ര ഇന്റലിജന്‍സിനെയും അറിയിക്കുന്നുണ്ട്. വനത്തിനുള്ളില്‍ കേരള, കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയായ ട്രൈ ജംഗ്ഷനടുത്താണ് മാവോയിസ്റ്റ് സാന്നിധ്യം കൂടുതലെന്ന് വ്യക്തമായ സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉന്നതതല യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും.
മൂന്ന് സംസ്ഥാനങ്ങളിലെ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റ് ഭീഷണിയുള്ളതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചു. ഈ മൂന്ന് സംസ്ഥാനങ്ങളിലെ ഡി ജി പിമാര്‍ ഈ വിഷയം മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. വയനാട്ടിലെ ചാപ്പ കോളനിയിലുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടുള്ള ഭീഷണികള്‍ നിരീക്ഷിച്ചു വരികയാണ്. ആദിവാസി മേഖലയിലെ വിവിധ പ്രശ്‌നങ്ങളാണ് മാവോയിസ്റ്റുകള്‍ മുതലെടുക്കുന്നത്. ആദിവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിനായി പട്ടികവര്‍ഗ വകുപ്പിലെ പതിനാറ് ഉദ്യോഗസ്ഥരുടെ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വെടിവെപ്പില്‍ ആളപായം ഉണ്ടായില്ലെങ്കിലും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തിലും രമേശ് ചെന്നിത്തല വ്യക്തമാക്കി. മലബാര്‍ മേഖലയിലെ അഞ്ച് ജില്ലകളില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്. ആദിവാസി ഊരുകളിലെ പ്രശ്‌നങ്ങള്‍ മുതലെടുത്ത് അവരെ മാവോയിസ്റ്റുകളോടൊപ്പം ചേര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.