ഗര്‍ഭഛിദ്രത്തിനിടെ 16കാരി മരിച്ചു; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

Posted on: December 9, 2014 12:18 am | Last updated: December 9, 2014 at 12:18 am

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ മൂന്നാമത്തെ ഗര്‍ഭഛിദ്രത്തിനിടെ 16കാരി മരിച്ചു. രണ്ട് വര്‍ഷത്തിലേറെയായി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഹെഡ്മാസ്റ്ററെയും മറ്റൊരു അധ്യാപകനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്‌കൂള്‍ വിട്ട ശേഷം മറ്റ് വിദ്യാര്‍ഥികളോടൊപ്പം വിദ്യാര്‍ഥിനി സ്‌പെഷ്യല്‍ ക്ലാസുകളില്‍ പങ്കെടുക്കാറുണ്ടായിരുന്നു. വിദ്യാര്‍ഥിനിയുടെ സ്‌കൂള്‍ ഫീസും മറ്റ് പഠനസംബന്ധിയായ ചെലവുകളും ഹെഡ്മാസ്റ്ററായിരുന്നു വഹിക്കാറ്. ഇതില്‍ കുടുംബത്തിന് സംശയകരമായി ഒന്നും തോന്നിയില്ല. കഴിഞ്ഞ ജനുവരിയില്‍ ഹെഡ്മാസ്റ്റര്‍ വിരമിച്ചെങ്കിലും ഈ വിഷയം ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ബ്ലാക്‌മെയ്ല്‍ ചെയ്യുക പതിവായിരുന്നു. ഹെഡ്മാസ്റ്ററുമായുള്ള അടുപ്പം ഉന്നയിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും പതിവായിരുന്നു. പെണ്‍കുട്ടിയുടെ ഇളയവരായ പെണ്‍കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് കുടുംബം പോലീസില്‍ പരാതിപ്പെട്ടിരുന്നില്ല. പെണ്‍കുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹെഡ്മാസ്റ്റര്‍ അടുത്തിടെ അരയേക്കര്‍ ഭൂമി മൂന്നാം കക്ഷി മുഖേന വാങ്ങിയിരുന്നു.