നിയന്ത്രണം; എ ടി എം ഇടപാടുകള്‍ കുറഞ്ഞു

Posted on: December 9, 2014 12:18 am | Last updated: December 9, 2014 at 12:18 am

ചെന്നൈ: എ ടി എം ഇടപാടില്‍ ബേങ്കുകള്‍ നിയന്ത്രണമെര്‍പ്പെടുത്തിയതിന് പിന്നാലെ എ ടി എം ഇടപാടുകളില്‍ കുറവ്. നാഷനല്‍ പേമെന്റസ്് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ കണക്കുകളാണ് രാജ്യത്ത് എ ടി എം ഉപയോഗത്തിന്റെ എണ്ണം കുറഞ്ഞു വരുന്നതായി വ്യക്തമാക്കുന്നത്. ഏകദേശം ഒന്‍പത് ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞ മാസമുണ്ടായത്.
ഈ വര്‍ഷം ഒക്‌ടോബറില്‍ 26.8 കോടി രൂപയുടെ ഇടപാടാണ് എ ടി എം വഴി നടന്നത്. അതേസമയം നവംബറില്‍ ഇത് 24. 4 കോടി രൂപയായി കുറഞ്ഞു. റിസര്‍വ് ബേങ്കിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ബേങ്കുകള്‍ എ ടി എം ഇടപാടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നവംബര്‍ മുതലാണ് മുംബൈ, ചെന്നൈ, ഡല്‍ഹി കൊല്‍ക്കത്ത, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കിയത്. ഒരു മാസത്തില്‍ അഞ്ച് സൗജന്യ ഇടപാട് മാത്രമാണ് എ ടി എം വഴി മറ്റു ബേങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ തവണ ഉപയോഗിക്കുന്നവരില്‍ നിന്ന് ഓരോ ഇടപാടിനും 20 രൂപ വീതം ഈടാക്കുന്നുണ്ട്. എസ് ബി ഐ, എച്ച് ഡി എഫ് സി, ആക്‌സിസ് ബേങ്കുകളില്‍ ഇത് നല്‍കാതെ എ ടി എം ഉപയോഗിക്കാന്‍ സാധിക്കില്ല. ദിവസവും എ ടിഎം ഉപയോഗങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി എന്‍ പി സി ഐ വൃത്തങ്ങള്‍ പറഞ്ഞു. ആറ് ശതമാനത്തോളമാണ് ദിവസവും എ ടി എം ഉപഭോക്താക്കളുടെ എണ്ണം കുറയുന്നത്.