ടാക്‌സി ഡ്രൈവര്‍ മൂന്ന് വര്‍ഷം മുമ്പ് പീഡനക്കേസില്‍ ജയിലില്‍ കിടന്നയാള്‍

Posted on: December 9, 2014 12:17 am | Last updated: December 9, 2014 at 12:17 am

ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ മുമ്പ് പീഡനക്കേസില്‍ ഏഴ് മാസം തടവില്‍ കഴിഞ്ഞയാളാണെന്ന് പോലീസ്. ഗുഡ്ഗാവിലെ പബ്ബില്‍ ഇരുപത്തിരണ്ടുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ശിവ്കുമാര്‍ യാദവ് (32) തിഹാര്‍ ജയിലില്‍ കഴിഞ്ഞതെന്ന് പോലീസ് കണ്ടെത്തി. കേസില്‍ തന്നെ കുറ്റവിമുക്തമാക്കിയെന്നാണ് യാദവ് പറയുന്നത്. എന്നാല്‍ ഇരയുടെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം ജയില്‍ മോചിതനായെന്നാണ് പോലീസിന് ലഭിച്ച വിവരം. ദക്ഷിണ ഡല്‍ഹിയിലെ മെഹ്‌റോലി പോലീസ് സ്റ്റേഷനിലാണ് 2011ല്‍ ഈ കേസെടുത്തത്.
യാദവിന്റെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാതെയാണ് പ്രമുഖ ടാക്‌സി സേവന ദാതാക്കള്‍ യാദവിനെ ഡ്രൈവറായി നിയോഗിച്ചതെന്ന് വ്യക്തമായി. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുരാഷ്ട്ര കമ്പനിയായ യുബറിന് പോലീസ് കത്തയച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ യാദവ് കുറ്റം സമ്മിതിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്ത് ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.
അതിനിടെ, ആം ആദ്മി പാര്‍ട്ടി, എന്‍ എസ് യു പ്രവര്‍ത്തകര്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് അന്വേഷണം ഫലപ്രദമല്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. സംഭവം സമൂഹത്തിനാകെ തീരാകളങ്കമാണെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.
കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലാണ് ഡല്‍ഹി പോലീസ്.