Connect with us

Kerala

മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള ടൂറിസത്തിന് അംഗീകാരം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരള ടൂറിസത്തിന് അംഗീകാരം. ആറ് മുഖ്യമന്ത്രിമാര്‍ അവരുടെ സംസ്ഥാനങ്ങളില്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയ പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചത് കേരള ടൂറിസം. കേരളത്തില്‍ ടൂറിസം രംഗത്തെ ഈ വിജയഗാഥയെ പ്രധാനമന്ത്രിയും മറ്റു മുഖ്യമന്ത്രിമാരും ശ്രദ്ധാപൂര്‍വം ശ്രവിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
സ്‌പൈസ് റൂട്ട് ടൂറിസമാണ് കേരളത്തിന്റെ ഏറ്റവും പുതിയ സംരംഭമെന്നും മുഖ്യമന്ത്രി അറിയിച്ചു. യൂറോപ്പിലേക്കും ഏഷ്യയിലേക്കും വിദൂര പൗരസ്ത്യദേശങ്ങളിലേക്കും ഉണ്ടായിരുന്ന ചിരപുരാതനമായ റൂട്ടിലൂടെയുള്ള യാത്രയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ടൂറിസത്തോടൊപ്പം, സംസ്‌കാരത്തെയും മതസഹിഷ്ണുതയെയും പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണിത്. കൊടുങ്ങല്ലൂരിനടുത്ത് അടുത്ത കാലത്ത് കണ്ടെത്തിയ മുസിരിസ് തുറമുഖത്തിന് മൂവായിരം വര്‍ഷം കാലപ്പഴക്കം ഉണ്ടെന്നു കരുതുന്നു.
സ്‌പൈസ് റൂട്ട് ടൂറിസം പദ്ധതിയുടെ ഭാഗമായി മുസിരിസിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റേയ്‌സ് കോഴ്‌സ് റോഡിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഉദ്യാനത്തിലാണ് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയോടൊപ്പം സമ്മേളിച്ചത്. ഒരു കോടി ആഭ്യന്തര ടൂറിസ്റ്റുകളും 8.58 ലക്ഷം വിദേശ ടൂറിസ്റ്റുകളും പ്രതിവര്‍ഷം കേരളത്തില്‍ എത്തുന്നുണ്ട്. 14 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. 5560 കോടി രൂപയുടെ വിദേശനാണ്യം ലഭിക്കുമ്പോള്‍, സംസ്ഥാന ഖജനാവിലേക്ക് 22,926 കോടി രൂപ ലഭിക്കുന്നുണ്ട്. ഹോം സ്റ്റേ, ഗ്രാമീണജീവിതം അനുഭവവേദ്യമാക്കുന്ന യാത്രകള്‍, പാചകവുമായി ബന്ധപ്പെട്ട യാത്രകള്‍, പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയുള്ള പരിപാടികള്‍ തുടങ്ങിയവ ശ്രദ്ധേയമാണ്.

Latest