Connect with us

Gulf

നാഷനല്‍ ഡേ കപ്പില്‍ ശൈഖ് മുഹമ്മദ് അതിഥിയായി

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നാഷനല്‍ ഡേ കപ്പില്‍ അതിഥിയായി പങ്കെടുത്തു. ഏറ്റവും വേഗതയുള്ള കുതിരയെ കണ്ടെത്താനായി നടത്തിയ 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മത്സരത്തിലാണ് ശൈഖ് മുഹമ്മദ് അതിഥിയായി പങ്കെടുത്തത്. അല്‍ വത്ബയിലെ ഇന്റര്‍നാഷനല്‍ എന്‍ഡ്യൂറന്‍സ് വില്ലേജിലായിരുന്നു മത്സരം.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയും അബുദാബി ഇക്യൂസ്ട്രിയന്‍ ക്ലബ്ബ് ചെയര്‍മാനുമായ ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബൈ ഇന്റര്‍നാഷനല്‍ മറൈന്‍ ക്ലബ്ബ് പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവും എമിറേറ്റ്‌സ് ഇക്യൂസ്ട്രിയന്‍ ഫെഡറേഷന്‍ പ്രസിഡന്റുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ അല്‍ നഹ്‌യാന്‍ എന്നിവരും പങ്കെടുത്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളും പുരുഷന്മാരും മത്സരത്തില്‍ മാറ്റുരച്ചു. അബുദാബി ഇക്യൂസ്ട്രിയന്‍ ക്ലബ്ബിന്റെയും ഗ്ലോബല്‍ അറേബ്യന്‍ ഇന്റര്‍നാഷനല്‍ ശൈഖ് ഹോഴ്‌സ് റൈസിംഗ് ഫെസ്റ്റിവലിന്റെയും ആഭിമുഖ്യത്തിലായിരുന്നു കുതിരയോട്ട മത്സരം സംഘടിപ്പിച്ചത്. ഫസ ത്രി സ്റ്റാബിള്‍ വിഭാഗത്തില്‍ സ്വദേശിയായ അബ്ദുല്ല ഗാനെം ഒന്നാമതെത്തി. മണിക്കൂറില്‍ ശരാശരി 27.72 കിലോമീറ്റര്‍ വേഗത്തില്‍ ഓടിയാണ് അബ്ദുല്ലയുടെ കുതിര ഒന്നാമതെത്തിയത്. നാലു മണിക്കൂറും 10 മിനുട്ടും 39 സെക്കന്റുമായിരുന്നു ഓടിയെത്താന്‍ എടുത്ത സമയം. അല്‍ ആസിഫ സ്റ്റാബിള്‍സിനെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയ മുഹമ്മദ് അല്‍ അബ്ബാര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി.