Connect with us

Gulf

ഇന്റര്‍നെറ്റ് ഗുരുക്കള്‍ക്ക് ദുബൈയുടെ ആദരം

Published

|

Last Updated

ദുബൈ: വിവര സാങ്കേതിക വിദ്യയുടെ അതിര്‍വരുമ്പുകള്‍ ഇല്ലാതാക്കിയ വേള്‍ഡ് വൈഡ് വെബ് ഉപജ്ഞാതാവ് സര്‍ ടിം ബെര്‍നേര്‍സ് ലിക്കിനും വിക്കിപീഡിയ സ്ഥാപകന്‍ ജിമ്മി വെല്‍സിനും ദുബൈയുടെ ആദരം. ഇന്നലെ ദുബൈയില്‍ ആരംഭിച്ച ഒന്നാമത് വൈജ്ഞാനിക സമ്മേളനത്തിലാണ് 10 ലക്ഷം യു എസ് ഡോളര്‍ സമ്മാനത്തുകയുള്ള, ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം നോളജ് അവാര്‍ഡ് ഇരുവര്‍ക്കും സമ്മാനിച്ചത്. പുതുയുഗത്തിലെ വൈജ്ഞാനിക മേഖലക്ക് അതുല്യമായ സംഭാവനയര്‍പിച്ചതിന്റെ അംഗീകാരമായാണ് ഇരുവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചത്.
ഭാവിതലമുറയുടെ ശാക്തീകരണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന മൂന്നു ദിവസത്തെ സമ്മേളനത്തില്‍ വൈജ്ഞാനിക രംഗത്തെ ആഗോള പ്രശസ്തര്‍ സംബന്ധിക്കുന്നുണ്ട്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫൗണ്ടേഷനാണ് മേഖലയിലെ ഇത്തരത്തിലുള്ള പ്രഥമ സമ്മേളനം ഒരുക്കിയിരിക്കുന്നത്.
സാമ്പത്തിക പുരോഗതിയുടെയും സ്ഥായിയായ സാമൂഹിക പുരോഗതിയുടെയും ജനങ്ങളുടെ സര്‍വോന്മുഖമായ വളര്‍ച്ചയുടെയും അടിക്കല്ല് വിജ്ഞാനമാണെന്നും വിജ്ഞാനത്തിന്റെ പ്രസരണം കൃത്യമായി തലമുറകളിലേക്ക് ഉണ്ടാവേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് സമ്മേളനം.
ഉദ്ഘാടന സെഷനില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങി മുതിര്‍ന്ന ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. യു എന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ സമ്മേളനത്തിന് സന്ദേശം നല്‍കി.

Latest