നക്‌സല്‍വിരുദ്ധ പോരാട്ടം: ബസ്തര്‍ മേഖലയിലേക്ക് കൂടുതല്‍ സേന

Posted on: December 8, 2014 10:39 am | Last updated: December 8, 2014 at 11:40 pm

CRPF_19662fന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ നക്‌സല്‍വിരുദ്ധ നടപടികള്‍ക്ക് 11,000 അര്‍ധ സൈനികരെ കൂടി നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം 14 സി ആര്‍ പി എഫ് ജവാന്‍മാരെ മാവോയിസ്റ്റുകള്‍ വധിച്ച പശ്ചാത്തലത്തിലാണ് ഇവിടെ സൈനിക സാന്നിധ്യം ശക്തമാക്കുന്നത്. 10 സി ആര്‍ പി എഫ് ബറ്റാലിയനും ഒരു അതിര്‍ത്തി രക്ഷാ സേനാ (ബി എസ് എഫ്) ബറ്റാലിയനും ആണ് ഇവിടേക്ക് കൂടുതലായി എത്തുക. ഇതോടെ ഛത്തീസ്ഗഢില്‍ ഏറ്റവും ശക്തമായ സൈനിക സന്നാഹമുള്ള മേഖലയായി ബസ്തര്‍ മാറും.
11 ബറ്റാലിയനുകളെ പുതുതായി നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി മുതിര്‍ന്ന സൈനിക വക്താവ് പറഞ്ഞു. ബസ്തര്‍ മേഖലയില്‍ ഏഴ് ജില്ലകളാണ് ഉള്ളത്. ഇവിടുത്തെ നിബിഡ വനമേഖലയില്‍ മൂന്ന് ബറ്റാലിയന്‍ അര്‍ധ സൈനികര്‍ ഇതിനകം എത്തിക്കഴിഞ്ഞു. മാവോയിസ്റ്റ് ശക്തി കേന്ദ്രങ്ങളായ മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഒഡീഷ എന്നിവക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമെന്ന നിലയില്‍ ഇവിടെ പഴുതടച്ച സുരക്ഷ ഒരുക്കുകയെന്നത് വെല്ലുവിളിയാണ്. പുതിയ ബാച്ച് അര്‍ധ സൈനികരെ നിയോഗിക്കാന്‍ ഇതും കാരണമാണ്. അടുത്ത ഏപ്രിലിലോടെ 11 ബറ്റാലിയന്‍ സൈനികരും മേഖലയില്‍ എത്തും.
ബീജാപൂര്‍, സുക്മ, ദന്തേവാഡ, ബസ്തര്‍, കൊണ്ടോഗാവ്, നാരായണ്‍പൂര്‍, കാങ്കര്‍ എന്നീ ജില്ലകള്‍ അടങ്ങിയ ബസ്തര്‍ മേഖലയില്‍ ഇപ്പോള്‍ തന്നെ 31 ബറ്റാലിയന്‍ (31,000) അര്‍ധ സൈനികര്‍ ഉണ്ട്. കോബ്രാ കാമാന്‍ഡോകളുടെയും സി ആര്‍ പി എഫ് കമാന്‍ഡോകളുടെയും യൂനിറ്റുകള്‍ ഉണ്ട്. 10 പുതിയ സി ആര്‍ പി എഫ് ബറ്റാലിയനുകളില്‍ കൂടുതലും സുക്മ, ദന്തേവാഡ ജില്ലകളിലാകും പ്രവര്‍ത്തിക്കുക. ഏക ബി എസ് എഫ് ബറ്റാലിയന്‍ കാങ്കറില്‍ നിലയുറപ്പിക്കും. ഇവിടെ ഇപ്പോള്‍ തന്നെ ഏഴ് ബി എസ് എഫ് ബറ്റാലിയനുകള്‍ ഉണ്ട്. ബസ്തറിലേക്കുള്ള സൈനികര്‍ മിക്കവാറും പരിശീലനം നേടുന്നത് ജമ്മു കാശ്മീരിലെയും മഹാരാഷ്ട്രയിലെ ഗാഡ്ചിരോളിയിലെയും പരിശീലന കേന്ദ്രങ്ങളില്‍ നിന്നാണ്.
ബസ്തര്‍ ഡിവിഷനിലെ കാടുകളില്‍ നക്‌സല്‍ സാന്നിധ്യം അത്യന്തം ശക്തമാണ്. 2010ല്‍ ദന്തേവാഡയില്‍ 76 സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം കോമ്ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ മാവോയിസ്റ്റുകള്‍ വിധിച്ചിരുന്നു.

ALSO READ  ജമ്മുകാശ്മീരില്‍ നിന്ന് 10,000 അര്‍ധസൈനികരെ ഉടന്‍ പിന്‍വലിക്കും