ഇന്ത്യാവിഷനു പിന്നാലെ ടി വി ന്യൂ ചാനലും വാര്‍ത്താ സംപ്രേഷണം നിര്‍ത്തി

Posted on: December 7, 2014 4:09 pm | Last updated: December 8, 2014 at 10:20 am

TVINDകൊച്ചി: ശമ്പളം ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് മലയാളത്തിലെ രണ്ട് ചാനലുകള്‍ വാര്‍ത്താ സംപ്രേഷണം നിര്‍ത്തി. കഴിഞ്ഞ ആറ് ദിവസമായി ജീവനക്കാര്‍ നടത്തുന്ന സമരം കാരണം മലയാളത്തിലെ ആദ്യ വാര്‍ത്താ ചാനലായ ഇന്ത്യാവിഷനില്‍ വാര്‍ത്തയില്ല. ഇതിനു പിന്നാലെയാണ് ഈയിടെ തുടങ്ങിയ ടിവി ന്യൂ ചാനലിലെ ജീവനക്കാര്‍ ഇന്നലെ സമരം തുടങ്ങിയത്.
മൂന്ന് മാസമായി ശമ്പളം ലഭിക്കാത്തതിനാലാണ് ഇന്ത്യാവിഷനില്‍ സമരം തുടങ്ങിയത്. മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തയ്ക്കിടെ ഇന്ത്യാവിഷനില്‍ സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം വാര്‍ത്താ സംപ്രേഷണം പുനരാരംഭിച്ചെങ്കിലും നിരവധി മാധ്യമ പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷം വീണ്ടും ശമ്പളത്തര്‍ക്കത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ടി വി ന്യൂ ചാനലിലും ശമ്പളം ലഭിക്കാത്തതു തന്നെയാണ് വാര്‍ത്ത മുടങ്ങാന്‍ കാരണം. പരസ്യത്തില്‍ നിന്നുള്ള വരുമാനം കുറഞ്ഞത് ചാനലുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.