Connect with us

Kozhikode

സിറ്റി സ്‌പൈഡേഴ്‌സ് വലവിരിച്ച് തുടങ്ങി

Published

|

Last Updated

കോഴിക്കോട്: നഗരത്തിലെ ക്വട്ടേഷന്‍- ഗുണ്ടാ സംഘങ്ങളെ തുരത്താന്‍ പോലീസിന്റെ ഗുണ്ടാവിരുദ്ധ സ്‌ക്വാഡായ സിറ്റി സ്‌പൈഡേഴ്‌സ് പ്രവര്‍ത്തനമാരംഭിച്ചു. കറുപ്പ് യൂനിഫോമില്‍ നീല ക്വാളിസിലായിരിക്കും സ്‌പൈഡേഴ്‌സ് പ്രത്യക്ഷപ്പെടുക. അടുത്തിടെ നഗരത്തിലുണ്ടായ ക്വട്ടേഷന്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് രൂപവത്കരിച്ചത്. കായികക്ഷമതയുടെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് സേന തയാറാക്കിയ 30 പേരുടെ ലിസ്റ്റില്‍ നിന്നാണ് ഗുണ്ടാവിരുദ്ധ സ്‌ക്വാഡിലേക്കുള്ള സേനാംഗങ്ങളെ തിരഞ്ഞെടുത്തത്. ടീമില്‍ കിക്ക് ബോക്‌സിംഗ് ഇന്റര്‍നാഷനല്‍ മത്സരത്തിലെ വിജയിയും കരാട്ടേ ബ്ലാക്ക് ബല്‍റ്റ് നേടിയ അഭ്യാസികളുമുണ്ട്. നഗരത്തിലെ എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സ്‌ക്വാഡിന്റെ സേവനം ലഭ്യമാക്കും.
സ്‌പൈഡേഴ്‌സിന് എ ആര്‍ ക്യാമ്പില്‍ നിന്ന് റയറ്റ് ഗണ്‍, ഗ്രേനേഡ് എന്നിവയുടെ പരിശീലനവും നല്‍കിയിട്ടുണ്ട്. ഒരു എസ് ഐ ഉള്‍പ്പെടെയുള്ള ആറംഗ സംഘമാണ് സ്‌പൈഡേഴ്‌സിലുള്ളത്. ഇതില്‍ നാല് പേര്‍ എ ആര്‍ ക്യാമ്പില്‍ നിന്നുള്ളവരാണ്. സേനാംഗങ്ങള്‍ക്ക് പ്രത്യേക ആയുധങ്ങളും അനുവദിച്ചതായി സിറ്റി പോലീസ് കമ്മീഷ്ണര്‍ എ വി ജോര്‍ജ് പറഞ്ഞു.
സിറ്റി കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ മൊയ്തീന്‍കുട്ടിയെ നോഡല്‍ ഓഫീസറാക്കിയാണ് സിറ്റി സ്‌പൈഡേഴ്‌സ് രൂപവത്കരിച്ചത്. സേനയുടെ മേല്‍നോട്ടം കമ്മീഷണര്‍ വഹിക്കും. കമ്മീഷണര്‍ ഓഫീസിലാണ് സ്‌പൈഡേഴ്‌സ് ഉണ്ടായിരിക്കുക. മലബാറില്‍ ആദ്യമായാണ് പോലീസിനുള്ളില്‍ ഇത്തരമൊരു സേന. സിറ്റി പോലീസ് പരിധിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ വിവരം വയര്‍ലസ് വഴി സ്‌പൈഡേഴ്‌സ് അറിയും. പൊതുജനങ്ങള്‍ക്കും പോലീസിന് വിവരങ്ങള്‍ കൈമാറാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ വഴിയും ഇ -മെയില്‍ വഴിയും 9497963508 വാട്‌സ് ആപ്പ് വഴിയും 100 എന്ന നമ്പറില്‍ അറിയിക്കാം.

Latest