വാക്‌സിനുകളില്ല; കുരങ്ങുപനി പ്രതിരോധം അവതാളത്തില്‍

Posted on: December 7, 2014 9:32 am | Last updated: December 7, 2014 at 9:32 am

നിലമ്പൂര്‍: സംസ്ഥാനത്ത് ആദ്യമായി നിലമ്പൂര്‍ മേഖലയില്‍ ഒരേ സമയം മനുഷ്യരിലും കുരങ്ങുകളിലും കുരങ്ങുപനി(കയ്‌സന്നൂര്‍ ഫോറസ്റ്റ് ഡിസിസ്) കണ്ടെത്തിയെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാവാതെ അധികൃതര്‍ ബുദ്ധിമുട്ടുന്നു. രോഗ പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാക്കാന്‍ കഴിയാത്തതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
മനുഷ്യരില്‍ കുരങ്ങുപനി സ്ഥിരീകരിച്ച കരുളായി ഉള്‍വനത്തിലെ നാഗമലയില്‍ കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് പ്രതിരോധ വാക്‌സിനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വാക്‌സിന്‍ തുടര്‍ന്ന് നല്‍കാനാവില്ലന്നാണ് അറിയുന്നത്. കുരങ്ങുകള്‍ കുരങ്ങുപനി ബാധിച്ച് ചത്തതായി കണ്ടെത്തിയ പനിച്ചോല, കൂടുതല്‍ കുരങ്ങുകള്‍ ചത്ത ഭൂമിക്കുത്ത് ഭാഗങ്ങളില്‍ പ്രതിരോധ വാക്‌സിനുകള്‍ നല്‍കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. വനത്തിനു സമീപമുള്ള ജന വാസ മേഖലകളിലാണ് കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കുരങ്ങുകള്‍ ചാകാന്‍ കാരണം കുരങ്ങുപനിയാണെന്ന് സ്ഥിരീകരിച്ചത് പ്രദേശവാസികളെ ഏറെ ആശങ്കയിലക്കിയിട്ടുമുണ്ട്. കുരങ്ങുപനി അപൂര്‍വമായതിനാല്‍ പ്രതിരോധ വാക്‌സിനുകള്‍ കേരളത്തില്‍ സൂക്ഷിക്കുന്നില്ല. കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നെത്തിച്ച വാക്‌സിനുകളാണ് കഴിഞ്ഞ ദിവസം നാഗമലകോളനിയിലെ ആദിവാസികള്‍ക്ക് നല്‍കിയത്. 90 ഡോസ് വാക്‌സിനുകളാണ് ലഭിച്ചിരുന്നത്. 30 എണ്ണം നാഗമലയില്‍ നല്‍കി ബാക്കിയുള്ള 60 ഡോസ് വാക്‌സിനുകള്‍ കരുളായി വനത്തിലെ ആദിവാസി കോളനികളില്‍ തന്നെ നല്‍കാന്‍ മതിയാകില്ല.
കഴിഞ്ഞ ജൂണില്‍ സംസ്ഥാനത്ത് ആദ്യമായി കരുളായി വനത്തിലെ നാഗമലയില്‍ മനുഷ്യരില്‍ കുരങ്ങുപനി കണ്ടെത്തിയിരുന്നെങ്കിലും പ്രതിരോധ വാക്‌സിനുകള്‍ സൂക്ഷിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കാത്തതാണ് പ്രതിസന്ധിക്കുകാരണം.
വന പ്രദേശങ്ങളിലും സമീപത്തെ ജന വാസമേഖലകളിലും കുരങ്ങുകള്‍ സ്ഥിരമായി മനുഷ്യരോട് ഇടപഴകുന്നതിനാല്‍ കുരങ്ങുപനി വ്യാപിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴും പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാക്കാനാവാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. രോഗം പരത്തുന്ന ഹോമോ ഫൈസിലിസ് എന്ന ചെള്ളുകള്‍ മാരക വിഷം ചീറ്റുന്നവയാണ്. രോഗം പിടിപ്പെട്ടാല്‍ പ്രതിരോധ പ്രവര്‍ത്തനം സങ്കീര്‍ണവും അപകട സാധ്യത കൂടുതലുമാണ്.