Connect with us

Kerala

വാളകം കേസന്വേഷണം സി ബി ഐ അവസാനിപ്പിക്കുന്നു

Published

|

Last Updated

കൊട്ടാരക്കര: വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവത്തില്‍ സി ബി ഐ അന്വേഷണം ഈ മാസം അവസാനിപ്പിക്കും. കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടതാണെന്ന് സി ബി ഐ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം പൂര്‍ത്തിയാക്കാതെ തന്നെ കേസ് ഫയല്‍ മടക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് സൂചന. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ ഇക്കാര്യത്തില്‍ നടക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴും കൃഷ്ണകുമാറും ഭാര്യ ഗീതയുമടക്കം കേസ് അന്വേഷണത്തില്‍ നിസ്സഹകരണം കാണിക്കുന്നതിനാലാണ് സി ബി ഐ ഇത്തരമൊരു നിലപാടെടുക്കുന്നതെന്നാണ് ലഭ്യമായ വിവരം.

അതേ സമയം കേസുമായി ബന്ധപ്പെട്ട ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട കൊട്ടാരക്കര സ്വദേശി ജാക്‌സണിനെയും ശിവസേന പ്രവര്‍ത്തകനായ മനോജിനെയും ഇന്നലെ സി ബി ഐ കൊട്ടാരക്കര റസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 20ന് ഇരുവരെയും ഗുജറാത്തിലെ ഫോറന്‍സിക് ലാബില്‍ കൊണ്ടുപോയി നുണ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം പുറത്ത് വന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. മുച്ചിറി മനോജ് എന്ന് വിളിക്കുന്ന മനോജ് കൃഷ്ണകുമാറിനെ ആക്രമിക്കുന്നത് താന്‍ കണ്ടുവെന്നായിരുന്നു ജാക്‌സണ്‍ മുമ്പ് സി ബി ഐക്ക് മൊഴി നല്‍കിയിരുന്നത്. നുണ പരിശോധനയില്‍ ഇത് കളവാണെന്ന് കണ്ടെത്തിയതായാണ് സൂചന.
ഇതിന്റെ അടിസ്ഥാനത്തില്‍ മനോജിനെ കേസില്‍ നിന്ന് ഒഴിവാക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സി ബി ഐയെ കേസ് അന്വേഷണത്തില്‍ നിന്ന് വഴിതിരിച്ചു വിടുന്നതരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് ജാക്‌സണെതിരെ നിയമ നടപടിക്കും സാധ്യതയുണ്ട്. മനോജ് ഇയാള്‍ക്കെതിരെ നിയമ നടപടിക്ക് നീങ്ങുന്നതായും സൂചനയുണ്ട്. 2011 സെപ്തംബര്‍ 27ന് രാത്രി 10.10ന് ആയിരുന്നു കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ടത്. വാളകം എം എല്‍ എ ജംഗ്ഷനില്‍ പരുക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പിള്ളയുടെ ഉടമസ്ഥയിലുള്ള വാളകം രാമവിലാസം സ്‌കൂളിലെ അധ്യാപകനായ കൃഷ്ണകുമാര്‍ മാനേജരായ പിള്ളക്കെതിരെ നിയമ യുദ്ധം നടത്തിവരുന്നതിനിടയിലായിരുന്നു സംഭവമെന്നതിനാല്‍ പിള്ളക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ അടക്കം ആരോപണം ഉന്നയിച്ചതിനാലാണ് വാളകം കേസിന് രാഷ്ട്രീയ പ്രാധാന്യം കൈവന്നത്. പിള്ളയെയും ഗണേശനയെും ചോദ്യം ചെയ്തിരുന്നു.

Latest