മദ്യത്തില്‍ വെള്ളം ചേര്‍ത്താല്‍

Posted on: December 7, 2014 8:59 am | Last updated: December 7, 2014 at 8:59 am

പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിക്കുകയാണ്. നാട് മുഴുവന്‍ പിന്തുണച്ച മദ്യനയത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. കോഴ ആരോപണവും കോടതി നിരീക്ഷണങ്ങളും ഉഴുത് മറിച്ച പശ്ചാത്തലത്തിലാണ് മദ്യനയത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ ഒരുങ്ങുന്നത്. പ്രതിച്ഛായ യുദ്ധത്തിനിടയില്‍ രൂപപ്പെട്ടതാണെങ്കിലും കേരളം ഇരുകൈയും നീട്ടി സ്വീകരിച്ച നയമാണിത്. പ്രഖ്യാപനം വന്ന നാള്‍ മുതല്‍ പാത്തും പതുങ്ങിയും ഇത് പൊളിക്കാന്‍ കരുനീക്കിയവര്‍ വിജയത്തിലേക്ക് അടുക്കുന്നുവെന്ന് വേണം കരുതാന്‍. കെ എം മാണിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തില്‍ തെളിവ് നല്‍കാന്‍ മടിക്കുന്ന ബാറുടമകളുടെ നിലപാടും ലഭ്യമായ വിവരങ്ങളില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന, വിജിലന്‍സ് വൃത്തങ്ങള്‍ ചോര്‍ത്തി നല്‍കുന്ന വാര്‍ത്തകളും സൂചനയും ചേര്‍ത്ത് വായിക്കുമ്പോള്‍ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ടെന്ന് സംശയിക്കണം. മദ്യനിരോധനത്തിനായി ഘോരഘോരം പ്രസംഗിച്ച മതമേലധ്യക്ഷന്‍മാരില്‍ ചിലരെങ്കിലും പ്രായോഗികതയുടെ വക്താക്കളാകുന്നതിനെയും സംശയത്തോടെയല്ലാതെ കാണാനാകില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം സുതാര്യമായിട്ടായിരിക്കും തീരുമാനമെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അടിസ്ഥാനതത്വം മാറ്റില്ലെന്നും എന്നാല്‍ പ്രായോഗികമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. പത്ത് വര്‍ഷത്തിന് ശേഷമുള്ള ഒക്‌ടോബര്‍ രണ്ടിന് സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് നയമെന്ന് പറഞ്ഞിട്ട് ആഴ്ചകള്‍ അധികമായിട്ടില്ല. ഇപ്പോള്‍ നിലപാട് മാറിയിരിക്കുന്നു. മദ്യനിരോധനവും മദ്യവര്‍ജനവുമല്ല ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള എന്തോ സംഗതിയാണ് പുതിയ നയമെന്നുമുള്ള സര്‍ക്കാറിന്റെ ഈ നിലപാട് മാറ്റവും സമീപകാല രാഷ്ട്രീയ വിവാദങ്ങളും ചേര്‍ത്തുവെക്കുമ്പോള്‍ സംശയിക്കാവുന്ന ചില വസ്തുതകള്‍ ആര്‍ക്കും ബോധ്യപ്പെടും.
മന്ത്രി കെ എം മാണിക്കെതിരെ ഡോ. ബിജുരമേശ് ആരോപണം ഉന്നയിച്ച ശേഷമാണ് മദ്യനയത്തിലെ ‘പ്രായോഗിക പ്രശ്‌നങ്ങള്‍’ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വരുന്നതെന്ന് വേണം കരുതാന്‍. ബാറില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ വല്ലാത്ത പ്രതിസന്ധിയിലാണെന്ന് തോന്നിത്തുടങ്ങിയതും ഇതിന് ശേഷം തന്നെ! സംസ്ഥാനത്തെ 418 ബാറുകള്‍ പൂട്ടിയിട്ട് എട്ടു മാസം കഴിഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ രണ്ടിന് പത്ത് ബീവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടി. ഇത്രയും ദിവസമായിട്ടും തൊഴിലാളികളുടെ പ്രശ്‌നം ഇന്നലെയാണോ ശ്രദ്ധയില്‍ വരുന്നത്? ഓണ്‍ലൈന്‍ ലോട്ടറിയുടെ ഭീഷണി നേരിടാന്‍ അന്ധരും വികലാംഗരുമായ പതിനായിരങ്ങള്‍ ഉപജീവനമാര്‍ഗമാക്കിയിരുന്ന സംസ്ഥാന ലോട്ടറി തന്നെ നിരോധിക്കാന്‍ ധൈര്യവും ഇച്ഛാശക്തിയും കാണിച്ച മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. എ കെ ആന്റണി ചാരായം നിരോധിച്ചപ്പോഴും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കാണാതെ ആയിരുന്നില്ല. ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചും നടപ്പാക്കിയും അത് മറികടക്കുകയായിരുന്നു. ഒരു സാമൂഹ്യവിപത്ത് നേരിടുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് വേണ്ടത്.
തൊഴില്‍ പ്രശ്‌നം വെറും ബാര്‍ ജീവനക്കാരില്‍ ഒതുങ്ങുന്നതുമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്ന സംസ്ഥാനമാണ് കേരളം. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സ്വദേശിവത്കരണം നടപ്പാക്കിയപ്പോള്‍ തൊഴില്‍ രഹിതരായവരുടെ എണ്ണത്തിലും കേരളം തന്നെയാണ് മുന്നില്‍. കാര്‍ഷിക, നിര്‍മാണ മേഖലകളില്‍ യന്ത്രവത്കരണം നടപ്പാക്കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട എത്രയോപേര്‍ നമ്മുടെ നാട്ടിലുണ്ട്. സര്‍ക്കാര്‍ നല്‍കിയ പാക്കേജുകള്‍ ഉപയോഗപ്പെടുത്തിയും അല്ലാതെയും ഇവരെല്ലാം മറ്റുവഴികള്‍ തേടി. ബാര്‍ തൊഴിലാളികളുടെ കാര്യവും അങ്ങനെ തന്നെ. നേരത്തെ അടച്ചുപൂട്ടിയ ബാറുകളാണെങ്കിലും പൂട്ടാന്‍ ഉത്തരവിടുകയും ഹൈക്കോടതി വിധിയുടെ ബലത്തില്‍ പ്രവര്‍ത്തിക്കുന്നവയാണെങ്കിലും – ഇവയൊന്നും മദ്യം മാത്രം വിളമ്പുന്ന സ്ഥാപനങ്ങളല്ല. ഭക്ഷണ, താമസ സൗകര്യങ്ങള്‍ കൂടി നല്‍കി പ്രവര്‍ത്തിക്കുന്നവയാണ്. ബാറുകള്‍ അടച്ചെന്ന് കരുതി ഇവയുടെയൊന്നും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല. പ്രത്യേകിച്ച് ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ കാര്യത്തില്‍. ത്രീ സ്റ്റാറും അതിനും മുകളിലും നിലവാരമുള്ള ഹോട്ടലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. പിന്നെ തൊഴിലാളികളുടെ പ്രശ്‌നം പുതുതായി ഉയര്‍ത്തുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല.
ടൂറിസം രംഗത്തെ പ്രതിസന്ധിയാണ് മറ്റൊരു ‘പ്രായോഗിക പ്രശ്‌നം’. പുതിയ മദ്യനയം പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ ഈ രംഗത്തുള്ളവര്‍ ഈ ആശങ്ക ഉയര്‍ത്തിയതാണ്. ടൂറിസം മന്ത്രി പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ മദ്യം ലഭിച്ചില്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് പോകുമെന്ന വിമര്‍ശമാണ് പ്രധാനമായും ഉയര്‍ത്തിയത്. മദ്യപിക്കാനാണ് ടൂറിസ്റ്റുകള്‍ കേരളത്തിലേക്ക് വരുന്നതെന്ന അഭിപ്രായം വിമര്‍ശിക്കുന്നവര്‍ക്ക് പോലുമുണ്ടെന്ന് കരുതാനാകില്ല. ഇനി അങ്ങനെയൊരു വാദം അംഗീകരിച്ചാല്‍ തന്നെ, കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കുന്ന ഒരു വിപത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവില്‍ നിലനിര്‍ത്തേണ്ടതുണ്ടോ. ?
ബിജുരമേശിന്റെ ആരോപണത്തിന് ശേഷം ചേര്‍ന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സര്‍ക്കാറിനെ വീഴ്ത്താന്‍ തക്ക തെളിവുകള്‍ നമ്മുടെ പക്കലുണ്ടെന്നും അത് ഇപ്പോള്‍ പുറത്തുവിടേണ്ടെന്നും വെളിപ്പെടുത്തിയ വിവരങ്ങള്‍ ഉപയോഗിച്ച് നമ്മുടെ കാര്യം നേടിയെടുക്കുകയാണ് വേണ്ടതെന്നും ബിജുരമേശ് സഹപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നുണ്ട്. ‘എനിക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല, എന്നെ മുന്നില്‍നിര്‍ത്തി, നമുക്ക് വേണ്ടത് നേടിയെടുക്കാം’. ബിജുരമേശിന്റെ ഈ വാക്കുകളും പിന്നീടുണ്ടായ സംഭവവികാസങ്ങളും ചേര്‍ത്ത് വെക്കുമ്പോഴാണ് ന്യായമായ സംശയങ്ങള്‍ ഉയരുന്നത്. കെ എം മാണിക്കെതിരെ കേസെടുക്കാന്‍ തക്ക തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പണം നല്‍കിയെന്ന് ബിജു രമേശ് വിജിലന്‍സിനെ അറിയിച്ച അസോസിയേഷന്‍ നേതാക്കളില്‍ പലരും ഇനിയും മൊഴി നല്‍കാന്‍ തയ്യാറായിട്ടില്ല. വിജിലന്‍സ് നല്‍കിയ നോട്ടീസിനെല്ലാം അവര്‍ സമയം നീട്ടി ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ് ഒത്തുതീര്‍പ്പുകളെക്കുറിച്ച് സംശയം ഉയരുന്നത്.
കോടതിയുടെ നിരീക്ഷണങ്ങളാണ് നയം മാറ്റത്തിനുള്ള മറ്റൊരു കാരണമായി അവതരിപ്പിക്കുന്നത്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവാണ് ഏറ്റവുമൊടുവില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഹെറിറ്റേജ്, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നത് വിവേചനപരമാണെന്നും ഫോര്‍സ്റ്റാര്‍ ലൈസന്‍സ് അപേക്ഷകള്‍ പരിഗണിക്കണമെന്നുമുള്ള രണ്ട് നിരീക്ഷണങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. ഇതില്‍ തന്നെ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ പോകുന്നതില്‍ കാലതാമസമുണ്ടായെന്ന ആക്ഷേപവുമുണ്ട്. എന്തായാലും സര്‍ക്കാറിന്റെ മദ്യനയത്തില്‍ ഇതുവരെയും കോടതി ഒരു തീര്‍പ്പിലെത്തിയിട്ടില്ല. ആ സാഹചര്യത്തില്‍ നയം തിരുത്തുന്നതിനെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ നടത്തുന്നത് എത്രമാത്രം ഉചിതമാകും. നിലനില്‍ക്കുന്ന കേസുകളിലെ തുടര്‍നടപടികളെ അത് സ്വാധീനിക്കാനുമിടയുണ്ട്. ഇപ്പോള്‍ തന്നെ, മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ തന്നെ, സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ബാറുടമകളുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്ന സാഹചര്യമുണ്ടായി. നയത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കയുമാണ്. എന്തായാലും, ഇങ്ങനെയൊരു നയം രൂപപ്പെടാന്‍ കാരണമായ രാഷ്ട്രീയ സാഹചര്യം എന്തോ അത്, വീണ്ടും രൂപപ്പെടുന്നതിന്റെ സൂചനകളുണ്ട്. നയം മാറ്റുന്ന പ്രശ്‌നമില്ലെന്ന നിലപാടില്‍ വി എം സുധീരന്‍ എത്രത്തോളം ഉറച്ച് നില്‍ക്കുമോ അതിനെ ആശ്രയിച്ചിരിക്കും കേരളത്തിലെ മദ്യനയത്തിന്റെ ഭാവി. ഇപ്പോള്‍ ഉന്നയിക്കുന്ന പ്രായോഗിക പ്രശ്‌നങ്ങളെല്ലാം മുമ്പ് ചൂണ്ടിക്കാണിച്ചതാണെന്നും ഇതിലൊന്നും പുതുമയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ സന്ദേശവുമായി കാസര്‍കോഡ് നിന്ന് തുടങ്ങിയ ജനപക്ഷ യാത്ര സമാപിക്കാറായ ഘട്ടത്തില്‍ നയം മാറ്റം ചര്‍ച്ചയായതിന് പിന്നില്‍ രാഷ്ട്രീയം കാണുന്നവരുമുണ്ട്.
പ്രായോഗിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളെ നിരുത്സാഹപ്പെടുത്താന്‍ കഴിയില്ല. സ്വാഭാവിക നീതി നിഷേധിക്കുന്നത് വിവേചനപരവുമാണ്. എന്നാല്‍, ജനം ഇരുകൈയും നീട്ടി സ്വീകരിച്ച നയമാണിതെന്ന് സര്‍ക്കാര്‍ മറക്കരുത്. കേരളീയ പൊതുസമൂഹം ഈ നയത്തിന്റെ പേരില്‍ സര്‍ക്കാറിനെ മതിമറന്ന് അഭിനന്ദിച്ചിട്ടുണ്ട്. മദ്യവിപത്ത് മൂലം കലുഷിതമായ കുടുംബാന്തരീക്ഷത്തില്‍ ജീവിക്കുന്ന ആയിരങ്ങളുടെ പ്രാര്‍ഥനയുമുണ്ട്. നയത്തിന്റെ അടിസ്ഥാനതത്വത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രതീക്ഷയോടെയാണവര്‍ കാണുന്നതും.