സേനാ നേതാക്കളുടെ സമ്മര്‍ദം; ഉദ്ധവ് തലകുലുക്കി

Posted on: December 6, 2014 4:31 am | Last updated: December 5, 2014 at 11:31 pm

ന്യൂഡല്‍ഹി: ബി ജെ പിയുമായി സഖ്യത്തില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതത്തെ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രാ സര്‍ക്കാറിന്റെ ഭാഗമാകാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട്. അധികാരം ലഭിക്കുന്നതിന്റെ മേന്‍മ ചൂണ്ടിക്കാട്ടി നിരവധി നേതാക്കള്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. അതേസമയം, ഈ തീരുമാനത്തില്‍ സേനാ അനുയായികള്‍ അതൃപ്തിയിലാണ്. ഉദ്ധവ് താക്കറെ തങ്ങളെ വഞ്ചിച്ചുവെന്ന നിലപാടിലാണ് അവര്‍.
25 വര്‍ഷത്തെ സഖ്യം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുകയും മോദി പിന്നില്‍ നിന്ന് കുത്തിയെന്ന് ആരോപിച്ച് ബി ജെ പിയെ ഉദ്ധവ് താക്കറെ ശക്തമായി ആക്രമിക്കുകയും ചെയ്തതിനാല്‍, ബി ജെ പിയുമായി പോരാടാനുള്ള മാനസികാവസ്ഥയിലായിരുന്നു അനുയയായികള്‍. എന്നാല്‍, പാര്‍ട്ടിയുടെ അതിജീവനത്തിന് അധികാരം പങ്കിടുകയെന്ന വഴിയേയുള്ളുവെന്ന നിലപാട് ഉദ്ധവ് സ്വീകരിക്കുകയായിരുന്നു. രാഷ്ട്രീയപരമായി ഉദ്ധവ് ആശയക്കുഴപ്പത്തിലായിരുന്നെന്ന് രാഷ്ട്രീയ നിരീക്ഷകനായ പ്രകാശ് ബാല്‍ ചൂണ്ടിക്കാട്ടുന്നു. അധികാരം നുണയാന്‍ പാര്‍ട്ടിയില്‍ നിന്ന് ശക്തമായ ഒഴുക്ക് ബി ജെ പിയിലേക്ക് ഉണ്ടാകുമെന്നതും ഉദ്ധവിനെ ഭയപ്പെടുത്തിയിരുന്നു. ശിവസേനയെ മറികടന്ന് എന്‍ സി പി മഹാരാഷ്ട്രയില്‍ പ്രബലമാകുമെന്നതും ഉദ്ധവിനെ അലട്ടിയിരുന്നു. അദ്ദേഹം നിരീക്ഷിക്കുന്നു.
വരാനിരിക്കുന്ന മുംബൈ, താനെ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഈ ബന്ധം സേനക്ക് മുതല്‍ക്കൂട്ടാകും. ഇവിടങ്ങളില്‍ സേനക്ക് കൂടുതല്‍ കോര്‍പറേറ്റര്‍മാരുണ്ട്.