Connect with us

National

കെജ്‌രിവാളിന്റെ ബിസിനസ് ക്ലാസ് യാത്ര വിവാദമായി

Published

|

Last Updated

ന്യൂഡല്‍ഹി: എ എ പി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ബിസിനസ് ക്ലാസിലുള്ള വിമാന യാത്ര ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഛായ തകര്‍ക്കുന്നു. ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ ദുബൈയിലേക്കുള്ള കെജ്‌രിവാളിന്റെ യാത്ര വൈറലായിട്ടുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍റ്റേഡ് അക്കൗണ്ട് ഓഫ് ഇന്ത്യയുടെ അദൂദബി ചാപ്റ്ററിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് കെജ്‌രിവാള്‍ ദുബൈ യാത്ര നടത്തിയത്. എ എ പിയുടെ ഇരട്ടമുഖത്തിന് തെളിവാണെന്ന് ഇതെന്ന് കോണ്‍ഗ്രസും ബി ജെ പിയും കുറ്റപ്പെടുത്തി.
ഐ സി എ ഐയുടെ ക്ഷണപ്രകാരമാണ് കെജ്‌രിവാള്‍ ബിസിനസ് ക്ലാസിലുള്ള യാത്ര നടത്തിയതെന്നും മുഴുവന്‍ ചെലവും വഹിച്ചത് അവരാണെന്നും പാര്‍ട്ടി ഒരു ചില്ലിക്കാശ് പൊലും ചെലവ് വന്നിട്ടില്ലെന്നും വ്യക്തമാക്കി എ എ പി വൃത്തങ്ങള്‍ രംഗത്തെത്തി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കെജ്‌രിവാളിന്റെ ഇരട്ട മുഖമായിരിക്കും ബി ജെ പി ഉയര്‍ത്തിക്കാട്ടുകയെന്ന് ബി ജെ പി ഡല്‍ഹി ഘടകം ജനറല്‍ സെക്രട്ടറി പറഞ്ഞു. കെജ്‌രിവാളിന്റെ ദുബൈയിലേക്കും ന്യൂയോര്‍ക്കിലേക്കുമുള്ള യാത്ര തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിക്കാനാണെന്ന് മുമ്പ് ആക്ഷേപമുയര്‍ന്നിരുന്നു. പ്രവാസികളായ ഇന്ത്യക്കാര്‍ പാര്‍ട്ടിക്ക് പണം നല്‍കുകയാണെങ്കില്‍ അതു സ്വാഗതം ചെയ്യുമെന്ന് മറുപടിയായി എ എ പി പാര്‍ട്ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് അഞ്ച് വിവസത്തെ ദുബൈ, ന്യൂയോര്‍ക്ക് യാത്രക്ക് കെജ്‌രിവാള്‍ തിരിച്ചത്. ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് വിഭാഗത്തിലെ പരിപാടിയില്‍ കൂടി അദ്ദേഹം പങ്കെടുക്കും.