ഔദ്യോഗിക ബഹുമതികളോടെ കൃഷ്ണയ്യര്‍ക്ക് വിട

Posted on: December 5, 2014 9:55 pm | Last updated: December 5, 2014 at 11:51 pm

krishna ayyer last

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇനി ചരിത്രത്തിലെ അനശ്വരസ്മരണ. പതിനായിരങ്ങളുടെ അന്ത്യയാത്രാമൊഴികള്‍ ഏറ്റുവാങ്ങിയ കൃഷ്ണയ്യരുടെ ഭൗതികശരീരത്തിന് തീ കൊളുത്തിയതോടെ നൂറ്റാണ്ടിന്റെ വ്യക്തിത്വം ഓര്‍മച്ചിത്രമായി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബ്രാഹ്മണാചാര പ്രകാരം നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, മക്കളായ രമേശ് കൃഷ്ണയ്യര്‍, പരമേശ് കൃഷ്ണയ്യര്‍ എന്നിവര്‍ രവിപുരം പൊതുശ്മശാനത്തില്‍ ചിതക്ക് തീകൊളുത്തി.
പാലക്കാടന്‍ ബ്രാഹ്മണരുടെ പരമ്പരാഗതമായ കൗശികഗോത്ര ശൈലിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സദ്ഗമയയില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം രവിപുരം ശ്മശാനത്തിലും ആചാരപരമായ ചടങ്ങുകള്‍ നടന്നു. എറണാകുളം ഗ്രാമജനസഭയിലെ മുഖ്യതന്ത്രി നാരായണ വാധ്യാരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. സദ്ഗമയയില്‍ നിന്ന് കൊളുത്തി നല്‍കിയ പന്തത്തില്‍ നിന്ന് രമേശ് കൃഷ്ണയ്യരും പരമേശ് കൃഷ്ണയ്യരും മൃതദേഹത്തില്‍ പ്രതീകാത്മകമായി തീ പകര്‍ന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. സദ്ഗമയയിലും ശ്മശാനത്തിലും പോലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
നിയമത്തെ ജനപക്ഷത്ത് നിന്ന് വ്യാഖ്യാനിച്ച ജനകീയ ന്യായാധിപന് ആദരാഞ്ജലികളുമായി വന്‍ ജനസഞ്ചയമാണ് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും സദ്ഗമയയിലും ഒഴുകിയെത്തിയത്. ഇന്ത്യയില്‍ ഒരു ന്യായാധിപനും ലഭിച്ചിട്ടില്ലാത്തത്ര ജനകീയമായ വിടവാങ്ങല്‍ ചടങ്ങിനാണ് കൊച്ചി സാക്ഷ്യം വഹിച്ചത്. രാഷ്ട്രീയ, നിയമ, ഭരണ രംഗങ്ങളിലെ പ്രമുഖര്‍ മുതല്‍ അന്ധരും അഗതികളുമടക്കം സമൂഹത്തിന്റെ സമസ്ത മേഖലകളില്‍ നിന്നുമുള്ളവരാണ് കൃഷ്ണയ്യര്‍ക്ക് അന്ത്യയാത്രാമംഗളങ്ങള്‍ നേരാനായി എത്തിയിരുന്നത്.
രാവിലെ ഒമ്പത് മുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും വൈകീട്ട് നാല് മുതല്‍ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയയിലും പൊതുദര്‍ശനത്തിനു വെച്ച ഭൗതിക ശരീരത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, മന്ത്രിമാരായ കെ എം മാണി, ആര്യാടന്‍ മുഹമ്മദ്, കെ ബാബു, പി ജെ ജോസഫ്, കെ പി മോഹനന്‍, അനൂപ് ജേക്കബ്, എം പിമാരായ പ്രൊഫ. കെ വി തോമസ്, വയലാര്‍ രവി, പി കെ ശ്രീമതി, പി രാജീവ്, എം ബി രാജേഷ്, ചാള്‍സ് ഡയസ്, എം എല്‍ എമാരായ തോമസ് ഐസക്, വി ഡി സതീശന്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, അന്‍വര്‍ സാദത്ത്, സി ദിവാകരന്‍, എ കെ ശശീന്ദ്രന്‍, സാജു പോള്‍, വി പി സജീന്ദ്രന്‍, ടി വി രാജേഷ്, ഷാഫി പറമ്പില്‍, ടി യു കുരുവിള, ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, എം എ ബേബി, എസ് ശര്‍മ, സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, കോണ്‍ഗ്രസ് എസ് പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍, സി പി ജോണ്‍, ടി എച്ച് മുസ്തഫ, എം ടി രമേശ്, വി മുരളീധരന്‍, എന്‍ എന്‍ കൃഷ്ണദാസ്, പി സി തോമസ്, സെബാസ്റ്റ്യന്‍ പോള്‍, ബിനോയ് വിശ്വം, കെ ചന്ദ്രന്‍പിള്ള, കെ എം ഐ മേത്തര്‍, ഖാലിദ് സുലൈമാന്‍ സേഠ് തുടങ്ങി രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. എ കെ ആന്റണിക്ക് വേണ്ടി ഡി സി സി പ്രസിഡന്റ് വി ജെ പൗലോസും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വേണ്ടി ജില്ലാ സെക്രട്ടറി സി എം ദിനേശ് മണിയും അന്ത്യോപചാരമര്‍പ്പിച്ചു.
സ്വാമി അഗ്നിവേശ്, ഫിലിപോസ് മാര്‍ ക്രിസോസ്റ്റം മെത്രാപോലീത്ത, വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് കല്ലറക്കല്‍, സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവരും കൃഷ്ണയ്യര്‍ക്ക് ശ്രദ്ധാഞ്ജലി നല്‍കി. സാംസ്‌കാരിക പ്രവര്‍ത്തകരായ കവയത്രി വി എം ഗിരിജ, പ്രൊഫ. കെ അരവിന്ദാക്ഷന്‍, പ്രൊഫ. എം കെ സാനു, സിനിമാ സംവിധായകരായ കമല്‍, സിബി മലയില്‍, വിനയന്‍, മാലതി ടീച്ചര്‍ തുടങ്ങിയവരും ആദരാഞ്ജലികളര്‍പ്പിച്ചു.
ഹൈക്കോടതി ജഡ്ജിമാര്‍, ഹൈക്കോടതിയിലെയും വിവിധ ജില്ലാ കോടതികളിലെയും അഭിഭാഷകര്‍, വിവിധ ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരുടെ വലിയൊരു നിരതന്നെ ചടങ്ങുകളിലുടനീളം സംബന്ധിച്ചു.