യുവാവിന്റെ ദുരൂഹമരണം; അന്വേഷണം വ്യാപിപ്പിച്ചു

Posted on: December 5, 2014 2:00 pm | Last updated: December 5, 2014 at 2:51 pm

ഫുജൈറ: സ്വദേശി യുവാവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫുജൈറ പോലീസ് വ്യക്തമാക്കി. ദിബ്ബ സ്വദേശിയായ 25 കാരന്‍ മുഹമ്മദ് അല്‍ ഹമൂദിയാണ് ആളൊഴിഞ്ഞ സ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു. മരണം കൊലപാതകമാണെന്നും ശരീരത്തില്‍ പലയിടങ്ങളിലായി ധാരാളം കുത്തേറ്റ അടയാളങ്ങളുണ്ടെന്നുമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്. മരണം കൊലപാതകമാണെന്നോ ആണെങ്കില്‍ തന്നെ കാരണമെന്താണെന്നോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതേയുള്ളൂവെന്നും പോലീസ് അറിയിച്ചു.
ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളിലൂടെ അടിസ്ഥാന രഹിതവും സംശയാസ്പദവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോടഭ്യര്‍ഥിച്ചു ബുധനാഴ്ച രാത്രി ഒമ്പതിനാണ് ആളൊഴിഞ്ഞ സ്ഥലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി പോലീസില്‍ വിവരം ലഭിക്കുന്നത്.
സ്ഥലത്തെത്തിയ വിരലടയാള വിദഗ്ധരടങ്ങിയ പോലീസ് സംഘം മൃതദേഹം പരിശോധിച്ചു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൃതദേഹം പോലീസ് ക്രിമിനല്‍ ലാബിലേക്ക് മാറ്റി. മരണകാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നു. ഫുജൈറയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര പ്രദേശത്താണ് യുവാവ് കൊല്ലപ്പെട്ടതെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഫുജൈറയിലെ വിനോദ സഞ്ചാര സ്ഥലങ്ങളെല്ലാം അതീവ സുരക്ഷിതമാണെന്ന് മറിച്ചുള്ള പ്രചരണങ്ങളില്‍ വിശ്വസിക്കരുതെന്നും സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.