ഷാര്‍ജ നഗരസഭ ആസ്ഥാന മന്ദിരം നിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: December 5, 2014 2:21 pm | Last updated: December 5, 2014 at 2:21 pm

altAnya6Txhq53ii35McpWslyUD0jFB3FcTnXcNpdXQIRYqഷാര്‍ജ: ഷാര്‍ജ നഗരസഭ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക്. കെട്ടിടത്തിന്റെ 90 ശതമാനത്തില്‍ അധികം ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇപ്പോള്‍ മിനുക്കുപണികളാണ് നടക്കുന്നത്. താമസിയാതെ ഉദ്ഘാടനം നടന്നേക്കുമെന്നാണ് പ്രതീക്ഷ. കെട്ടിട നിര്‍മാണം നേരത്തെ പൂര്‍ത്തിയായിരുന്നു. മുന്‍ഭാഗത്തെ നിര്‍മാണ ജോലികളാണ് അവശേഷിച്ചിരുന്നത്. അവ ഇപ്പോള്‍ ഏതാണ്ട് പൂര്‍ത്തിയായി.

കുവൈത്ത് സ്ട്രീറ്റില്‍ ജനങ്ങള്‍ക്കു ഏറെ സൗകര്യപ്രദമായ സ്ഥലത്താണ് പുതിയ നഗരസഭാ മന്ദിരം. ഇസ്‌ലാമിക വാസ്തുശില്‍പകലയിലാണ് നിര്‍മാണം. ഖുബ്ബകളോട് കൂടിയ കെട്ടിടം അതിമനോഹരമാണ്. അതിവിശാലമായ കെട്ടിടത്തിന്റെ നിര്‍മാണം ഏതാനും വര്‍ഷം മുമ്പാണ് ആരംഭിച്ചത്.
മുസല്ലാ ഈദ് ഗാഹിന് സമീപത്താണ് മന്ദിരം. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കിക്കഴിഞ്ഞു. മന്ദിരത്തിന്റെ മുന്‍ഭാഗവും വിശാലമാണ്. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഈ കെട്ടിടത്തിലേക്ക് മാറ്റുമെന്നാണ് കരുതപ്പെടുന്നത്.
ഇപ്പോള്‍ എമിറേറ്റിന്റെ പലഭാഗങ്ങളിലുമായാണ് ഓരോ വിഭാഗവും പ്രവര്‍ത്തിക്കുന്നത്. മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ എല്ലാ വിഭാഗവും ഒരു കുടക്കീഴിലാകും. ഇതാകട്ടെ ജനങ്ങള്‍ക്കു ഏറെ സൗകര്യപ്രദമാകും. പുതുതായി തുറന്ന ലുലു സെന്റര്‍ സമീപത്താണ്. കഴിഞ്ഞ വര്‍ഷം വെളിച്ചോത്സവം ഈ മന്ദിരത്തില്‍ നടന്നിരുന്നു. ആയിരങ്ങളെയാണ് വെളിച്ചോത്സവം ആകര്‍ഷിച്ചത്. ഇതു വഴി മന്ദിരത്തിന്റെ സൗന്ദര്യവും കാണികള്‍ക്കു ആസ്വദിക്കാനായി.
കാഴ്ചക്കാരെ ആശ്ചര്യപ്പെടുത്തുന്നതാണ് പുതിയ കെട്ടിടത്തിന്റെ കെട്ടും മട്ടും. മന്ദിരത്തിന്റെ ഓരോ ശില്‍പകലയും കാണികള്‍ക്കു കൗതുകം പകരുന്നു. എമിറേറ്റിന്റെ പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ക്കു പ്രയാസമില്ലാതെ എത്തിപ്പെടാന്‍ സൗകര്യപ്രദമായ സ്ഥലം കൂടിയാണിത്.