ലോറി വീട്ടില്‍ പാഞ്ഞുകയറി വന്‍ നാശനഷ്ടം

Posted on: December 5, 2014 10:46 am | Last updated: December 5, 2014 at 10:46 am

കോഴിക്കോട്: കയറ്റത്തില്‍ െവച്ച് നിയന്ത്രണംവിട്ട മണല്‍ ലോറി വീട്ടിലേക്ക് പാഞ്ഞുകയറി. വീടിന്റെ വരാന്തയില്‍ ഉണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി.
കുതിരവട്ടം ദേശപോഷിണി വായനശാലക്ക് സമീപം ഇന്നലെ രാവിലെ 8.15 ഓടെയാണ് സംഭവം. മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് വരികയായിരുന്ന ലോറി കയറ്റംകയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ടുവരികയായിരുന്നു. നിയന്ത്രണംവിട്ട ലോറി ഇറക്കത്തില്‍ റോഡരികിലുള്ള പി വിശ്വനാഥന്റെ വീടിന്റെ മതിലും ഗേറ്റും തകര്‍ത്തശേഷം വരാന്തയിലേക്ക് ഇടിച്ചുകയറി. വീടിന്റെ വരാന്തയില്‍ ഉണ്ടായിരുന്ന വിശ്വനാഥന്റെ ഭാര്യ സ്മിജിതയും മകള്‍ ദീപ്തിയും ലോറി വരുന്നതുകണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു.
ലോറിയിടിച്ച് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കൂടാതെ വരാന്തയിലെ ഇരുമ്പ് കൈവരിയും സോഫയും മറ്റും തകര്‍ന്നിട്ടുണ്ട്. വീടിന്റെ ചുമരുകള്‍ക്ക് വിള്ളലും സംഭവിച്ചു. ലോറിയിലെ മണല്‍ വീട്ടുവരാന്തയില്‍ കുന്നുകൂടിക്കിടക്കുകയാണ്. ട്രാഫിക് പോലീസില്‍ പരാതി നല്‍കി.