Connect with us

Kerala

വിമോചന സമരത്തിന്റെ നാളുകള്‍

Published

|

Last Updated

അടിയുറച്ച ഇടതുപക്ഷക്കാരനായ കൃഷ്ണയ്യര്‍ വിമോചന സമരത്തെ ശക്തമായ ഭാഷയിലാണ് എക്കാലത്തും വിമര്‍ശിച്ചിട്ടുള്ളത്. അക്കാലത്തെ അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: കേരള നിയമസഭയിലേക്കുള്ള ആദ്യതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായ ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ തലശ്ശേരിയില്‍നിന്ന് വിജയിച്ചു. ഇങ്ങനെയുള്ള പിന്തുണയോടെ ജയിച്ച ഏതാനും സ്വതന്ത്രന്മാരും ചേര്‍ന്ന് പാര്‍ട്ടി നേരിയ ഭൂരിപക്ഷം കരസ്ഥമാക്കുകയും സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കപ്പെടുകയും ചെയ്തു. അങ്ങനെ കേരളനിയമസഭയിലേക്ക് നടന്ന ആദ്യതിരഞ്ഞെടുപ്പ് ബൂര്‍ഷ്വാ ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നേടിക്കൊടുക്കുകവഴി ചരിത്രസംഭവമായി. ലോകനയതന്ത്രജ്ഞനായി പേരുകേട്ട നെഹ്‌റു നയിക്കുന്ന കോണ്‍ഗ്രസിനെതിരെയാണ് പാര്‍ട്ടി ആ ജയം നേടിയത്. ഇ എം എസ് മന്ത്രിസഭയില്‍ നിയമം, ജയില്‍, സാമൂഹ്യക്ഷേമം, ഊര്‍ജം, ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം എന്നീ വകുപ്പുകളായിരുന്നു എനിക്ക്. ഏതൊരു സര്‍ക്കാറിനും ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ ആഭ്യന്തരവും നീതിന്യായവും കൂടി പിന്നീടെനിക്ക് തന്നു.
കൃഷിഭൂമി കര്‍ഷകനെന്നത് മുദ്രാവാക്യത്തില്‍ നിന്നു മാറി നിയമമാകാന്‍ പോകുന്നതോടെ ഭൂപ്രഭുക്കളില്‍ ശത്രുത പടര്‍ന്നു. എന്നാല്‍, കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്ന് പിന്മാറാതെ സംസ്ഥാന സര്‍ക്കാര്‍ കേരള കാര്‍ഷികബന്ധ ബില്‍ പാസ്സാക്കി. സഭയും എന്‍ എസ് എസും ഉള്‍പ്പെട്ട സ്ഥാപിതതാത്പര്യക്കാരുടെ കച്ചവടപ്പിടിയില്‍നിന്ന് വിദ്യാഭ്യാസത്തെ വിമോചിപ്പിച്ച വിദ്യാഭ്യാസ ബില്ലായിരുന്നു പിന്നെ. കമ്യൂണിസ്റ്റുകാരാണ് നടപ്പാക്കുന്നതെന്നതുകൊണ്ടുമാത്രം അതില്‍ “”ചുകപ്പ്” കാണേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. ഇടതുപക്ഷ സ്വതന്ത്രനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രൊഫ. മുണ്ടശ്ശേരിക്ക് തനിക്ക് ചെയ്യാനുള്ളതെന്താണെന്ന് നന്നായറിയുമായിരുന്നു. അതിനോട് ധീരമായ പ്രതിബദ്ധതയുമുണ്ടായിരുന്നു അദ്ദേഹത്തിന്.
സര്‍ക്കാറിന്റെ പൂര്‍ണ ധനസഹായത്തോടെയുള്ള നിയമമില്ലാവ്യവസ്ഥയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്ന സഭക്ക് അതോടെ മുറിവേറ്റു. കലാപവുമായി ഉണര്‍ന്നെണീറ്റ അവര്‍ പ്രക്ഷോഭത്തിന്റെ എല്ലാ രീതികളും പുറത്തെടുത്തു. സര്‍ക്കാര്‍ ബസുകള്‍, സര്‍ക്കാര്‍ ആപ്പീസുകള്‍, മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഇവയെല്ലാം സംശയകരമായ സാമ്പത്തിക ബലത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട ജനരോഷത്തിന്റെ പ്രകടനവേദികളായിത്തീര്‍ന്നു.
വിമോചനസമരമെന്നായിരുന്നു പേരെങ്കിലും സര്‍ക്കാരിനെ അക്രമത്തിലൂടെ അട്ടിമറിക്കുകയായിരുന്നു അര്‍ധസൈനികസ്വഭാവത്തിലുള്ള അക്രമിസംഘങ്ങളുടെ പ്രഖ്യാപിതലക്ഷ്യം.
ഒരു വിധത്തിലുള്ള തിരിച്ചടിക്കും ഞങ്ങള്‍ മുതിര്‍ന്നില്ല. ഗാന്ധിയന്മാരായി ചിന്തിക്കുകയും ഗാന്ധിയന്മാരായി പ്രസംഗിക്കുകയും ചെയ്യല്‍ അന്ന് സര്‍വസാധാരണമായിരുന്നു. എന്നാല്‍, ഗാന്ധിയനായി പ്രവര്‍ത്തിക്കുകയെന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപകടം നിറഞ്ഞ പണിയായിരുന്നു. മൃഗതുല്യനായ പ്രകടനങ്ങള്‍ തടയുകയും പിരിച്ചുവിടുകയും ചെയ്യേണ്ടിയിരുന്ന ഘട്ടങ്ങളില്‍പോലും പോലീസ് അങ്ങനെ ചെയ്തില്ല. അക്രമിസംഘങ്ങള്‍ക്കുനേര്‍ക്ക് വെടിവെക്കാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കുകയും തുടര്‍ന്ന് അതില്‍ പേരില്‍ രംഗം കൊഴുപ്പിച്ച് സര്‍ക്കാരിനെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുകയോ രാഷ്ട്രപതിയെക്കൊണ്ട് പിരിച്ചുവിടുവിക്കുകയോ ചെയ്യുകയെന്നതായിരുന്നു അക്രമങ്ങളുടെ ആസൂത്രകരുടെ മനസ്സിലിരുപ്പ്. പോലീസ് പ്രതിരോധത്തിന് തുനിയാതിരിക്കുകയെന്ന എന്റെ നയത്തോട് മന്ത്രിമാരെല്ലാം യോജിച്ചു. അതിനാല്‍, സര്‍വസന്നാഹങ്ങളും ഉണ്ടായിട്ടും പോലീസ് തിരിച്ചടിക്ക് മുതിര്‍ന്നില്ല. തീര്‍ച്ചയായും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായ ഒന്നോരണ്ടോ വേളകളില്‍ പോലീസിന് അങ്ങനെയല്ലാതെയും ഇടപെടേണ്ടിവന്നു. ഒരു യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ട ഒരു സംഭവത്തില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മൈസൂരില്‍ സഹകരണമന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞുവരും വഴി, മദ്രാസിലുണ്ടായിരുന്ന ഉപരാഷ്ട്രപതി രാധാകൃഷ്ണനെ ഞാന്‍ സന്ദര്‍ശിച്ചു. ഹീനമായ സംഭവങ്ങളുടെ ലഘുചരിത്രവും പിരിച്ചുവിടല്‍ ഭീഷണിയെക്കുറിച്ചും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു. ഡല്‍ഹിയില്‍ ചെന്നയുടന്‍ പ്രധാനമന്ത്രിയെ കാണാമെന്നും കടുത്ത നടപടിയില്‍ നിന്ന് പിന്‍മാറാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്നും ഉപരാഷ്ട്രപതി വാഗ്ദാനം ചെയ്തു.
അദ്ദേഹം ആ ദൗത്യത്തില്‍ വിജയിക്കുമോയെന്നത് സംശയമായിരുന്നു. ഉപരാഷ്ട്രപതി ഡല്‍ഹിയിലെത്തുംമുമ്പേ 356ാം വകുപ്പുപ്രകാരമുള്ള ഉത്തരവുമായി ആഭ്യന്തരമന്ത്രി (ശങ്കര്‍) തിരുവനന്തപുരത്തേക്ക് തിരിച്ചിരുന്നു.മദ്രാസില്‍നിന്ന് തിരുവനന്തപുരംവരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര. ഞങ്ങളുടെ മരണവിധിയുമായാണ് ആഭ്യന്തരസെക്രട്ടറിയുടെ വരവെന്ന് ഞാന്‍ ഊഹിച്ചു. അന്നു വൈകിട്ട് ഗവര്‍ണര്‍ ബി.രാമകൃഷ്ണറാവു അടിയന്തരസന്ദേശമയച്ച് ഞങ്ങളെയെല്ലാവരെയും വിളിപ്പിച്ചു. രാജ്ഭവനില്‍ ഞങ്ങള്‍ക്ക് ചായ പകര്‍ന്നുതന്ന് അദ്ദേഹം പറഞ്ഞു, നിങ്ങളുടെ സര്‍ക്കാര്‍ ഇല്ലാതാകാന്‍ പോകുകയാണെന്ന്. പിറ്റേന്ന് ഇ.എം.എസിനും മന്ത്രിസഭാംഗങ്ങള്‍ക്കും സെക്രട്ടറിയറ്റ് ഉദ്യോഗസ്ഥരുടെ യാത്ര അയപ്പായിരുന്നു. ഉജ്ജ്വലമായ ഉപസംഹാരപ്രസംഗത്തില്‍ സര്‍ക്കാര്‍ പോകുകയാണെന്ന് ഇ.എം.എസ് പ്രഖ്യാപിച്ചു.

Latest