നന്മയുടെ ശബ്ദം

Posted on: December 5, 2014 3:47 am | Last updated: December 4, 2014 at 11:48 pm

krishna ayyerഅസുലഭമായ അനേകം കഴിവുകളുടെ കലവറയായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കാഴ്ചയില്‍ തന്നെ വലിയ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ ബുദ്ധിശക്തി ആ ശരീരഘടനയെക്കാള്‍ എത്രയോ വലുപ്പമുള്ളതാണ്. ഏത് വിഷയവും വായിച്ചു ഗ്രഹിക്കാന്‍ കഴിവുള്ള ബുദ്ധിയായിരുന്നു. അദ്ദേഹവുമായി സംസാരത്തിലേര്‍പ്പെടാന്‍ അവസരമുണ്ടായിട്ടുള്ളവര്‍ക്കെല്ലാം അത് മനസ്സിലായിക്കാണും. അദ്ദേഹത്തിന്റെ രചനകളില്‍ ആ പാടവം വിശദമായി കലര്‍ന്നിരിക്കുന്നു. നിയമവും സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയമീമാംസയും മാത്രമല്ല, ഫിലോസഫിയും സാഹിത്യവും ആത്മീയ ചിന്തയും കൂടി അവയില്‍ സന്ദര്‍ഭാനുസരണം കലര്‍ന്നിരിക്കുന്നതു കാണാം. വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ആ മനസ്സില്‍ എപ്പോഴും നീതിക്കു വേണ്ടിയുള്ള അദമ്യമായ ദാഹമാണ് അസ്വാസ്ഥ്യമായി നിറഞ്ഞുനിന്നിരുന്നത്.
കര്‍മരംഗങ്ങളില്‍ പലതിലും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ശോഭിച്ചിട്ടുണ്ട്. ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും വലിയ കഴിവുകളാണ് അദ്ദേഹം പ്രകടമാക്കിയത്. അഭിഭാഷകനെന്ന നിലയില്‍ അദ്ദേഹം അതുല്യനായിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജഡ്ജിയെന്ന പദവിയില്‍ അദ്ദേഹം വ്യത്യസ്തമായ കഴിവുകളാണ് കാഴ്ചവെച്ചത്. ഏതു സദസ്സിനെയും വശീകരിക്കാന്‍ കെല്‍പ്പുള്ള പ്രസംഗകനെന്ന നിലയില്‍ അദ്ദേഹം നേടിയിട്ടുള്ള സ്ഥാനം കിടയറ്റതാണ്. എഴുത്തുകാരനെന്ന നിലയിലും അനാദൃശമായ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. നൂറിലേറെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹം പ്രകാശിപ്പിച്ചിട്ടുണ്ട്. അവയില്‍ സിംഹഭാഗവും നിയമശാസ്ത്രത്തെയും നിയമത്തെയും സംബന്ധിക്കുന്നവയാണ്. അപൂര്‍വമായ ആശയങ്ങളാല്‍ സമ്പന്നമായ ആ ഗ്രന്ഥങ്ങള്‍ക്ക് നിയമലോകം വലിയ വില കല്‍പ്പിച്ചിരുന്നു. ഇപ്രകാരം കര്‍മ മേഖലകള്‍ വിഭിന്നമായിരിക്കുമ്പോഴും അവയിലൊക്കെയും ഒരു പൊതുസ്വഭാവം കാണാനുണ്ട്. മാനവരാശിയുടെ നേര്‍ക്കുള്ള സീമാതീതമായ സ്‌നേഹമാണത്; ദുരിതങ്ങളില്‍ നിപതിച്ചുപോയ ജീവിതങ്ങളുടെ നേര്‍ക്കുള്ള അനുതാപമാണത്.
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം മുതലായ വകുപ്പുകള്‍ വിദഗ്ധമായി കൈകാര്യം ചെയ്തത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനുതകുന്ന രീതിയില്‍ ദീര്‍ഘവീക്ഷണത്തോടെ നിയമം നിര്‍മിക്കാന്‍ അന്നു തന്നെ അദ്ദേഹം ശ്രദ്ധവെച്ചു. വനസംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി അതിനനുചിതമായ നടപടികള്‍ ആദ്യമായി കൈക്കൊണ്ടത് അദ്ദേഹമാണ്. അതോടൊപ്പം നിയമം സാധാരണക്കാര്‍ക്കുപയോഗിക്കാനാവശ്യമായ നടപടികള്‍ അദ്ദേഹം കൈക്കൊള്ളുകയും ചെയ്തു. പോലീസിന് ജനോപകാരപ്രദമായ പരിശീലനം നല്‍കുന്നതിന് വേണ്ടി ആദ്യമായി വാദിച്ചതും ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരായിരുന്നു. സാമ്രാജ്യത്വ മേല്‍ക്കോയ്മ ഏര്‍പ്പെടുത്തിയ പരിശീലന സമ്പ്രദായമാണ് പോലീസിന് ഇപ്പോഴും നല്‍കിക്കൊണ്ടിരിക്കുന്നത്. സ്വന്തം നാട്ടില്‍ നിലവിലുള്ള സമ്പ്രദായത്തില്‍ നിന്ന് അത് വ്യത്യസ്തമായിരിക്കണമെന്ന് ആ മേല്‍ക്കോയ്മക്കും നിര്‍ബന്ധമുണ്ടായിരുന്നു.
നാട്ടുകാരെ ശത്രുക്കളായി കരുതുകയും മര്‍ദനമുറകളിലൂടെ അവരെ അടിമകളാക്കിത്തീര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആ പരിശീലനം സംവിധാനം ചെയ്തിട്ടുള്ളത്. സ്വാതന്ത്ര്യം ലഭിച്ചിട്ടും നമ്മുടെ നാട്ടില്‍ ആ സമ്പ്രദായത്തിന് മാറ്റമില്ല. അത് ഇപ്പോഴും തുടരുന്നു. ജനങ്ങളെ ശത്രുക്കളായി കാണാന്‍ പ്രേരിപ്പിക്കുന്ന ആ പരിശീലന സമ്പ്രദായത്തിനാണ് ആദ്യം മാറ്റമുണ്ടാകേണ്ടതെന്ന് ക്രാന്തദര്‍ശിയായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ കണ്ടു. അതനുസരണമായ ഒരു പരിശീലന രീതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനുള്ള പദ്ധതി അദ്ദേഹം ആസൂത്രണം ചെയ്യുകയും ചെയ്തു. അത് നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മുടെ ജനാധിപത്യം എത്രമേല്‍ ആരോഗ്യകരമായ വികാസമാണ് നേടുമായിരുന്നത്? നിര്‍ഭാഗ്യവശാല്‍ ആ പദ്ധതി ഏതോ ഇരുളില്‍ മറഞ്ഞുപോകുകയാണുണ്ടായത്.
ഇതുപോലെ ജനോപകാരപ്രദമായ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ക്ക് സാധിച്ചു. അദ്ദേഹത്തിന്റെ ഭരണവൈഭവം എത്ര ശാസ്ത്രീയവും കിടയറ്റതുമാണെന്ന് മന്ത്രിസഭാംഗമായിരുന്ന കാലത്ത് വെളിപ്പെടുകയും ചെയ്തു. കോടതി സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്ന ധാരണക്ക് മാറ്റം വരുത്തുന്നത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ്. നീതി നിഷേധിക്കപ്പെട്ടവരുടെ കത്തുകള്‍- അവ പ്രഥമദൃഷ്ട്യാ ന്യായമാണെന്ന് കണ്ടാല്‍ ഹരജിയായി പരിഗണിക്കാമെന്ന വിധിയിലൂടെ എത്രയധികം നിസ്സഹായരെയാണ് അദ്ദേഹം സഹായിച്ചിട്ടുള്ളത്. വിചാരണ കൂടാതെ തടവില്‍ കഴിയുന്നവര്‍, അടിമകള്‍, മര്‍ദിതര്‍ ഇവര്‍ക്കെല്ലാവര്‍ക്കും നീതി ലഭിക്കുന്ന കാര്യത്തില്‍ അദ്ദേഹം എന്നും അത്താണിയായിരുന്നു. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പുറപ്പെടുവിച്ച നവീനാശയ സമ്പുഷ്ടമായ വിധികള്‍ നിയമലോകത്ത് എന്നും പഠനവിധേയമായിക്കൊണ്ടിരിക്കും. ഇതിനകം നാലഞ്ച് ഗവേഷകര്‍ ആ വിധികളെ ആസ്പദമാക്കിയുള്ള പഠനത്തിലൂടെ ഡോക്ടറേറ്റ് ബിരുദം നേടിയെന്ന വസ്തുത സ്മരണീയമാണ്.