മനുഷ്യപ്പറ്റുള്ള നിയമജ്ഞന്‍

Posted on: December 5, 2014 3:46 am | Last updated: December 4, 2014 at 11:47 pm

ഒരു നിയമജ്ഞന്‍ എങ്ങനെയാണ് നിയമത്തിന്റെ ഔപചാരികതകളില്‍ നിന്ന് പൗരന്‍മാരുടെ പച്ച ജീവിതത്തിലേക്ക് നേരിട്ട് ഇറങ്ങിവരുന്നതെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ഒരു നൂറ്റാണ്ട് നീണ്ട ജീവിതം കാണിച്ചുതരുന്നു. തന്റെ നിയമ പരിജ്ഞാനം അദ്ദേഹത്തിന് തൊഴില്‍പരമായ പൂര്‍ണതക്കും മുന്നേറ്റങ്ങള്‍ക്കുമുള്ള ഇന്ധനമായിരുന്നില്ല. മറിച്ച്, രാഷ്ട്രീയവും സാമൂഹികവുമായ ഉത്തരവാദിത്വ നിര്‍വഹണത്തിനുള്ള ഉപാധിയായിരുന്നു. അതുകൊണ്ടാണ് കൃഷ്ണയ്യര്‍ ഭരണനിപുണനും ഗ്രന്ഥകാരനും ആയിരിക്കെ തന്നെ സാംസ്‌കാരിക ഇടപെടലുകളുടെയും അഭിപ്രായ രൂപവത്കരണത്തിന്റെയും ആള്‍രൂപവുമാകുന്നത്. അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്കും ഇത്രമേല്‍ പ്രധാന്യം കൈവരുന്നതും അതുകൊണ്ട് തന്നെ.
കേരളത്തില്‍ സാധ്യമായ ഏറ്റവും യുക്തമായ മന്ത്രിപദ തിരഞ്ഞെടുപ്പായിരുന്നു കൃഷ്ണയ്യരുടേത്. 1957ല്‍ ഐക്യകേരളത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്ന് ഇടതുസ്വതന്ത്രനായി നിയമസഭയിലെത്തി. ഇ എം എസ് മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹികക്ഷേമം, വൈദ്യുതി, ജലം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്ത്രിയെന്ന നിലയില്‍ കൃഷ്ണയ്യരുടെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയങ്ങളുടെ പൂര്‍ത്തീകരണത്തിനായി അര്‍പ്പിക്കപ്പെട്ടതായിരുന്നു. കാര്‍ഷിക ബില്‍ അടക്കമുള്ള നിയമ നിര്‍മാണങ്ങളുടെ അണിയറയില്‍ അദ്ദേഹം ഉപയോഗിച്ചത് തന്റെ നിയമപരിജ്ഞാനത്തിന് അപ്പുറം ദീര്‍ഘമായി സഞ്ചരിച്ചും ജനങ്ങളോട് സംസാരിച്ചും കൈവരിച്ച അറിവും അനുഭവവുമായിരുന്നു.
നിയമപരമായ തീര്‍പ്പുകള്‍ യാന്ത്രികമാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. നിയമജ്ഞന്‍ വിധി പ്രഖ്യാപിക്കുമ്പോള്‍ പൊതുജനവികാരം കണക്കിലെടുക്കണമെന്നതായിരുന്നു കൃഷ്ണയ്യരുടെ അടിസ്ഥാനപരമായ തത്വം. കോടതി മുറിയുടെ നിശ്ശബ്ദതക്ക് പുറത്തുള്ള ജനതയെ മുന്നില്‍ കണ്ടായിരിക്കണം ന്യായാധിപന്‍ വിധിക്കേണ്ടത്. ഈ നിലപാടിനുള്ള അംഗീകാരമെന്ന നിലയിലായിരുന്നു 1970ല്‍ ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ അംഗത്വം ലഭിച്ചത്. 1973ല്‍, പാവങ്ങള്‍ക്ക് നിയമസഹായം ലഭ്യമാക്കുന്നതിന് രൂപരേഖ തയ്യാറാക്കാനുള്ള കേന്ദ്ര സമിതിയുടെ അധ്യക്ഷനും 1973 ജൂലൈയില്‍ സുപ്രീം കോടതി ജഡ്ജിയുമായി.
ഭരണഘടനയെ സര്‍ഗാത്മകമായി വ്യാഖ്യാനിച്ച ന്യായാധിപനായിരുന്നു കൃഷ്ണയ്യര്‍. നിയമജ്ഞരോട് സംസാരിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം അദ്ദേഹം ഉപദേശിച്ചത് ഭരണഘടനയുടെ വരികള്‍ക്കിടയിലുള്ളത് കാണാനായിരുന്നു. രാജ്യത്തിന്റെ ഭരണഘടന തയ്യാറാക്കിയവര്‍ വരികള്‍ക്കുള്ളില്‍ ഒളിപ്പിച്ച ഉത്തമ താത്പര്യങ്ങളിലേക്ക് അദ്ദേഹം സഞ്ചരിച്ചു. മനുഷ്യാവകാശങ്ങള്‍ക്ക് അങ്ങേയറ്റത്തെ വിലകല്‍പ്പിച്ചു അദ്ദേഹം. നിയമ നിര്‍മാണത്തിനും വ്യാഖ്യാനത്തിനും നിര്‍വഹണത്തിനുമിടയില്‍ ചതഞ്ഞരഞ്ഞുപോകുന്ന സ്വാഭാവിക നീതിയെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് അദ്ദേഹം വ്യാകുലപ്പെട്ടു. അതുകൊണ്ടാണ് വിചാരണത്തടവുകാര്‍ക്ക് വേണ്ടി അദ്ദേഹം ശക്തമായി വാദിച്ചത്. ജയിലുകളില്‍ സഞ്ചരിച്ച് തടവുകാരുടെ പ്രശ്‌നങ്ങള്‍ പഠിച്ചു. കുറ്റവാളിക്കും അവകാശങ്ങളുണ്ടെന്ന് കൃഷ്ണയ്യര്‍ ഉറക്കെ പറഞ്ഞു. വധശിക്ഷക്കെതിരായ അദ്ദേഹത്തിന്റെ സമീപനം പോലും മനുഷ്യാവകാശ സംരക്ഷണത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു. നീതിയുടെ സാമ്പത്തിക വശത്തെക്കുറിച്ച് അദ്ദേഹം അങ്ങേയറ്റം ബോധവാനായിരുന്നു. പണം ഇല്ലാത്തതു കൊണ്ട് മാത്രം ഗ്രാമീണ ജനതക്ക് നിയമപരമായ പ്രാതിനിധ്യം ലഭിക്കാതെ പോകുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമസഹായ സംവിധാനങ്ങള്‍ക്ക് അടിത്തറയിട്ടു. പൊതു താത്പര്യ ഹരജികള്‍ക്ക് വഴിയൊരുക്കിയതും കൃഷ്ണയ്യരുടെ നിയമവ്യാഖ്യാനങ്ങളായിരുന്നു.
ഇന്ദിരാഗാന്ധിക്കെതിരായ വിധിയടക്കം അദ്ദേഹം നടത്തിയ വിധിപ്രസ്താവങ്ങള്‍ ഇന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ പാഠ്യ ഗവേഷണ വിഷയമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിനുമുണ്ട് അനാദൃശമായ ആഴവും പരപ്പും സങ്കീര്‍ണതയും. ഇടതുപക്ഷത്തായിരുന്നു എക്കാലത്തും അദ്ദേഹം. എന്നാല്‍ ഒരിക്കലും കമ്മ്യൂണിസ്റ്റായിരുന്നില്ല. ഒടുവില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ചപ്പോള്‍ ആ രാഷ്ട്രീയം പിന്നെയും പുതിയ പകര്‍ച്ച പ്രകടിപ്പിച്ചു. മരണാനന്തര ജീവിതത്തെക്കുറിച്ച് സവിശേഷമായ ധാരണകള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു.
‘ഞാന്‍ ഒരു മനുഷ്യനാണ്. എനിക്ക് പക്ഷമുണ്ട്. ആ മനുഷ്യപക്ഷം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് ഒന്നും എന്നെ തടയുന്നില്ലെ’ന്ന ധീരതയാണ് കൃഷ്ണയ്യര്‍ അവശേഷിപ്പിക്കുന്നത്. വാര്‍ധക്യ സായാഹ്നത്തിലും സജീവമായ പ്രതികരണത്തിന്റെ നട്ടുച്ച തീര്‍ത്ത, മനുഷ്യപ്പറ്റുള്ള നിയമജ്ഞന്‍ വിടവാങ്ങുമ്പോള്‍ ആ ശൂന്യത മുഴുവന്‍ മനുഷ്യ സ്‌നേഹികള്‍ക്കും വേദനപൂര്‍ണമാണ്.