ജി എം വിളകളെ ന്യായീകരിച്ച് കേന്ദ്രം

Posted on: December 5, 2014 3:24 am | Last updated: December 4, 2014 at 11:25 pm

ന്യൂഡല്‍ഹി: ജനിതക മാറ്റം വരുത്തിയ വിത്തിനങ്ങള്‍ മണ്ണിനും മനുഷ്യനും വിനാശകാരിയാണെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനിറ്റിക് എന്‍ജിനീയറിംഗ് അപ്രൈസല്‍ കമ്മിറ്റി 12 ജി എം വിളകള്‍ പാടങ്ങളില്‍ പരീക്ഷിക്കാന്‍ അനുമതി നല്‍കിയത് സംബന്ധിച്ച് രാജ്യസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങളോട് പ്രതികരിക്കവെ പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോതമ്പ്, സോയാബീന്‍, പരുത്തി തുടങ്ങിയവയില്‍ നിരവധി രാജ്യങ്ങള്‍ ജി എം വിത്തുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവ മനുഷ്യര്‍ക്കോ കന്നുകാലികള്‍ക്കോ മണ്ണിനോ ദോഷകരമായി തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു.
ജി എം വിളകള്‍ കീടങ്ങളെ പ്രതിരോധക്കുന്നതും അത്യുത്പാദന ശേഷിയുള്ളതും വരള്‍ച്ച പോലുള്ളവ അതിജീവിക്കുന്നതുമാണ്. അവയില്‍ നിന്നുള്ള ഫലങ്ങള്‍ പോഷക സമ്പന്നമെന്നും തെളിഞ്ഞിട്ടുണ്ട്. ഭക്ഷ്യ സുരക്ഷക്ക് അവ വലിയ തോതില്‍ സഹായിക്കും- ജാവദേക്കര്‍ ന്യായീകരിച്ചു. ആര്‍ എസ് എസിന്റെ കീഴിലുള്ള സംഘടന പോലും ജി എം പരീക്ഷണത്തിനെതിരെ രംഗത്ത് വന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ന്യായീകരണം. ആര്‍ എസ് എസ് അനുകൂല സംഘടനകളായ സ്വദേശി ജാഗരണ്‍ മഞ്ച്, ഭാരതീയ കിസാന്‍ സംഘ് എന്നിവയുടെ പ്രതിനിധികള്‍ ജൂലൈയില്‍ ജാവദേക്കറെ കണ്ടിരുന്നു.