Connect with us

International

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിനായി ബെല്‍ജിയവും

Published

|

Last Updated

ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയന്‍ അംഗമായ ബെല്‍ജിയവും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് അനുകുലമായി രംഗത്തെത്തി. ഇസ്‌റാഈലിനെയും ഫലസ്തീനിനെയും ചര്‍ച്ചകളുടെ മാര്‍ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് യൂറോപ്യന്‍ യൂനിയന് മേല്‍ സമ്മര്‍ദം ചെലുത്തലാകും തങ്ങളുടെ ആദ്യ പ്രവര്‍ത്തനമെന്ന് ബെല്‍ജിയം വിദേശമന്ത്രി ദീദിയര്‍ റെയ്ന്‍ഡേഴ്‌സ് പറഞ്ഞു. ബെല്‍ജിയത്തിലെ പാര്‍ലിമെന്റംഗങ്ങള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ നല്‍കുന്നവരാണ്. ഇതുസംബന്ധിച്ച് പ്രമേയം ഉടന്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെക്കുമെന്നാണ് കരുതപ്പെടുന്നത്. ആദ്യമായി ഒരു കരട് രേഖ ഇതുസംബന്ധിയായി പൂര്‍ത്തികരിക്കുമെന്നും ഇതിന് ശേഷം ഇത് പാര്‍ലിമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വെക്കുമെന്നും എന്‍ വിഎ പാര്‍ട്ടിയുടെ അംഗം പീറ്റര്‍ ലയക്‌സ് പറഞ്ഞു. അതേസമയം, പ്രമേയം ഉപാധിരഹിതമായി ഫലസ്തീനിനെ അംഗീകരിക്കുന്നതായിരിക്കില്ലെന്നും അനുയോജ്യമായ സമയത്ത് ഇത് സര്‍ക്കാറിന്റെ അംഗീകാരത്തിന് വേണ്ടി മുന്നോട്ടുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഫ്രഞ്ച് പാര്‍ലിമെന്റ് എം പിമാര്‍ സ്വതന്ത്ര ഫലസ്തീനിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ വിവിധ രാജ്യങ്ങള്‍ ഇപ്പോള്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണയേകി രംഗത്തെത്തിക്കഴിഞ്ഞു. ഇസ്‌റാഈല്‍ ഈ നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഒക്‌ടോബര്‍ 30ന് സ്വീഡനായിരുന്നു യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങളായ രാജ്യങ്ങളില്‍ നിന്ന് ആദ്യമായി സ്വതന്ത്ര ഫലസ്തീനിനെ അംഗീകരിച്ച് രംഗത്തെത്തിയിരുന്നത്. ഇതിന് പുറമെ ബ്രിട്ടനും സ്‌പെയിനും അയര്‍ലന്റും സമാനമായ നടപടിയുമായി മുന്നോട്ടുവന്നു. എന്നാല്‍ ജര്‍മനി സ്വതന്ത്ര ഫലസ്തീനിനെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

Latest