Connect with us

Ongoing News

ബ്ലാസ്റ്റേഴ്‌സ് ത്രിശങ്കുവില്‍

Published

|

Last Updated

കൊച്ചി: ഗോളടിക്കാനറിയാതെ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മുഖത്ത് അലഞ്ഞുനടന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്തേക്ക്. സെമിഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും ഗോളടിക്കാതെ പിരിഞ്ഞു (0-0). ഒരു റൗണ്ട് മത്സരം അവശേഷിക്കുന്ന കേരളത്തിന് സെമി കാണണമെങ്കില്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. അടുത്ത മത്സരം പതിനാറ് പോയിന്റോടെ നാലാം സ്ഥാനത്ത് നില്‍ക്കുന്ന പൂനെ സിറ്റി എഫ് സിയോടാണ്. ഗോളെന്നുറപ്പിച്ച നിരവധി നിമിഷങ്ങളായിരുന്നു മല്‍സരത്തില്‍ പിറന്നത്. പ്രധാന താരങ്ങളായ ഇയാന്‍ ഹ്യൂമും സ്റ്റീവന്‍ പിയേഴ്‌സനും തുടരെ സുവര്‍ണാവസരങ്ങള്‍ തുലച്ചത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശയിലാഴ്ത്തി.
ജയം ലക്ഷ്യമിട്ട് നോര്‍ത്ത് ഇൗസ്റ്റിനെതിരെ വന്‍ അഴിച്ചുപണി നടത്തിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ആറ് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. മാര്‍ക്വൂതാരവും ഗോളിയുമായ ഡേവിഡ് ജെയിംസ് പുറത്തിരുന്നതാണ് പ്രധാന മാറ്റം. കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ ജെയിംസിന് പകരം സന്ദീപ് നന്ദിയാണ് വല കാത്തത്. ഉഗ്രന്‍ സേവുകളോടെ നന്ദി കളിയിലെ താരമാവുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന സെന്റര്‍ ബാക്ക് സെഡ്രിക് ഹെംഗ്ബര്‍ട്ട് ഇന്നലെ കളത്തിലിറങ്ങി. അവിനാബോ ബാഗിന് പകരമായാണ് ഹെംഗ്ബര്‍ട്ട് ആദ്യഇലവനില്‍ സ്ഥാനം പിടിച്ചത്.
എന്നാല്‍ കാണികളുടെ ഇഷ്ടതാരം സന്ദേശ് ജിംഗാന്‍ ടൂര്‍ണമെന്റിലാദ്യമായി ആദ്യഇലവനില്‍ നിന്ന് പുറത്തായി. പരുക്കേറ്റ ജിംഗാന് പകരമായി ക്യാപ്റ്റന്‍ പെന്‍ ഓജിയാണ് ആദ്യഇലവനില്‍ ഇടംപിടിച്ചത്. മറ്റ് മാറ്റങ്ങള്‍ റാഫേല്‍ റോമിക്ക് പകരം നിര്‍മല്‍ ഛേത്രിയും കോളിന്‍ ഫാല്‍വെക്ക് പകരമായി മെഹ്താബ് ഹുസൈനും സബീത്തിന് പകരം സ്പാനിഷ് താരം വിക്ടര്‍ ഹെരേരയും കളത്തിലിറങ്ങി. മൂന്ന് മാറ്റങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റും നിര്‍ണായക മത്സരത്തിനിറങ്ങിയത്. സൂപ്പര്‍താരം കോകെ പുറത്തിരുന്നപ്പോള്‍ സ്‌ട്രൈക്കറായി ആദ്യ ഇലവനില്‍ സ്ഥാനംപിടിച്ചത് ജെയിംസ് കീന്‍. മധ്യനിരയിലെ ഇസാക്ക് ചന്‍സക്ക് പകരം റോബിന്‍ ഗുരുങ്ങും രാള്‍ട്ടെക്ക് പകരമായി കേപ്ഡിവിയ്യയും കളത്തിലിറങ്ങി. ഇരുടീമുകളും 4-2-2 ശൈലിയിലാണ് ടീമിനെ ആദ്യപകുതിയില്‍ കളത്തിലിറക്കിയത്.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇടതുവിംഗില്‍ നിന്ന് ഇയാന്‍ ഹ്യൂം ബോക്‌സിലേക്ക് നല്‍കിയ ക്രോസിന് മിലാഗ്രസ് തലവെക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്നേ നോര്‍ത്ത് ഈസ്റ്റ് താരം കോര്‍ണറിന് വഴങ്ങി അപകടം ഒഴിവാക്കി. ആറാം മിനിറ്റില്‍ പിയേഴ്‌സണ്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസിന് ഹ്യൂം തലവെച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി പന്ത് അനായായം കൈപ്പിടിയിലൊതുക്കി.
എട്ടാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ സുന്ദരമായ മുന്നേറ്റം. ഹ്യൂം ബോക്‌സിലേക്ക് തള്ളിക്കൊടുത്ത പന്ത് മിലാഗ്രസ് കാലിലൊതുക്കുമ്പോള്‍ എതിര്‍ഗോളി മാത്രമായിരുന്നു. എന്നാല്‍ മിലാഗ്രസിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി തട്ടിയകറ്റി. റീബൗണ്ട് പന്ത് ഹ്യൂം വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നീട് 12-ാം മിനിറ്റില്‍ ബ്ലാസ്‌റേഴ്‌സിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഇയാന്‍ ഹ്യൂം കണക്ട് ചെയ്യുന്നതിന് മുന്നേ നോര്‍ത്ത്ഈസ്റ്റ് ഗോളി രഹനേഷ് അഡ്വാന്‍സ് ചെയ്ത് കയറി അപകടം ഒഴിവാക്കി. 16-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് റഫറി പുറത്തെടുത്തു. 22-ാം മിനിറ്റില്‍ പിയേഴ്‌സണ്‍ പായിച്ച ഷോട്ടും രഹ്‌നേഷ് കയ്യിലൊതുക്കി. 26-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖം വിറകൊണ്ടു. ഗ്വില്ലര്‍മോ കാസ്‌ട്രോ എടുത്ത ഒരു കോര്‍ണറിനൊടുവില്‍ മിഗ്വേല്‍ ഗാര്‍ഷ്യ ഹെഡ്ഡറിലൂടെ പന്ത് ബ്ലാസ്‌റ്റേഴ്‌സ് വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും മെഹ്താബ് ഹുസൈന്‍ സുന്ദരമായ ഗോള്‍ലൈന്‍ സേവോടെ അപകടം ഒഴിവാക്കി.32-ാം മിനിറ്റില്‍ 30 മീറ്റര്‍ അകലെ നിന്ന് ബ്ലാസ്‌റ്റേഴ്‌സിന് ഒരു ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ മക്അലിസ്റ്റര്‍ എടുത്ത കിക്ക് ക്രോസ് ബാറിനെ ചുംബിച്ച് പുറത്തേക്ക് പറന്നു.
തൊട്ടുപിന്നാലെ മറ്റൊരു അവസരം കൂടി ബ്ലാസ്‌റ്റേഴ്‌സിന് ലഭിച്ചെങ്കിലും പിയേഴ്‌സന്‍ പായിച്ച ആംഗുലര്‍ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തേക്കുപോയി. 38-ാം മിനിറ്റില്‍ പെന്‍ ഓര്‍ജി പന്തുമായി കുതിച്ചുകയറി ബോക്‌സില്‍ പ്രവേശിച്ച ശേഷം നല്‍കിയ പാസ് കോംഗ്ജി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. തുടര്‍ന്ന് പിയേഴ്‌സണ്‍ എടുത്ത കോര്‍ണറിന് ബ്ലാസ്‌റ്റേഴ്‌സ് താരം നിര്‍മല്‍ ഛേത്രി വെടിയുണ്ട കണക്കെ ഹെഡ്ഡ് ചെയ്‌തെങ്കിലും നേരിയ വ്യത്യാസത്തിന് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ഇഞ്ചുറി സമയത്ത് കീനിന്റെ പാസില്‍ നിന്ന് ഗ്വില്ലര്‍മോ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ലോംഗ്‌റേഞ്ചര്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ് നന്ദി അതിസാഹസികമായി കുത്തിയകറ്റിതിന് പിന്നാലെ ആദ്യപകുതി അവസാനിച്ചുകൊണ്ടുള്ള റഫറിയൂടെ ലോംഗ് വിസിലും മുഴങ്ങി.
ആദ്യപകുതിയിലെന്നപോലെ രണ്ടാം പകുതിയിലും ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമായിരുനനു മൈതാനത്ത് കണ്ടത്. 48-ാം മിനിറ്റില്‍ മിലാഗ്രസും ഹ്യൂമും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ പെന്‍ഓര്‍ജിക്ക് പന്ത് ലഭിച്ചു. ഓര്‍ജി വീണ്ടും പന്ത് ഹ്യൂമിന് കൈമാറിയെങ്കിലും ഹ്യൂം പായിച്ച വോളി പുറത്തേക്ക് പറന്നു. പിന്നീട് 55-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും അവസരം ലഭിച്ചു. മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച പിയേഴ്‌സണ്‍ ക്ലോസ് റേഞ്ചില്‍ നിന്ന് ഒരു വോളി പറത്തിയെങ്കിലും ലക്ഷ്യം പിഴച്ചു.
60-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മിലാഗ്രസിന് വീണ്ടും ഒരു അര്‍ദ്ധാവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 63-ാം മിനിറ്റില്‍ വിക്ടര്‍ ഹെരേരയെ തിരിച്ചുവിളിച്ച് മൈക്കല്‍ ചോപ്രയെബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കി. പിന്നീട് 69-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ ശ്രമത്തിന് പോസ്റ്റ് വിലങ്ങുതടിയായി.
മക്അലിസ്റ്റര്‍ എടുത്ത കോര്‍ണര്‍ കിക്കിന് നിര്‍മല്‍ ഛേത്രി തലവെച്ചെങ്കിലും സൈഡ് പോസ്റ്റില്‍ തട്ടി പന്ത് പുറത്തുപോയതോടെ ഇന്നലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ദിനമല്ല എന്ന് ഉറപ്പായി. 75-ാം മിനിറ്റില്‍ കൊച്ചിയിലെ ആദ്യ ചുവപ്പുകാര്‍ഡ് റഫറി പുറത്തെടുത്തു. മൈക്കല്‍ ചോപ്രക്കെതിരെ കയ്യാങ്കളിക്ക് മുതിര്‍ന്ന നോര്‍ത്ത് ഈസ്റ്റ് സട്രൈക്കര്‍ ജെയിംസ് കീനിനാണ് റഫറി ചുവപ്പുകാര്‍ഡ് കാട്ടിയത്. ഇരുവരും തമ്മില്‍ പന്തിന് വേണ്ടി പൊരുതുന്നതിനിടെ രണ്ടുപേരും നിലത്ത് വീണു. എന്നാല്‍ പിന്നീട് എഴുന്നേറ്റുവന്ന ജെയിംസ് കീന്‍ മൈക്കല്‍ ചോപ്രയുടെ മുഖത്ത് അടിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടര്‍ന്നാണ് റഫറി ചുവപ്പുകാര്‍ഡ് പുറത്തെടുത്തത്. ഈ വഴക്കിന് കാരണക്കാരനായ ചോപ്രക്ക് മഞ്ഞകാര്‍ഡും റഫറി നല്‍കി. പിന്നീട് 84-ാം മിനിറ്റില്‍ ചോപ്രയുടെ ഹെഡ്ഡറിനും ലക്ഷ്യം പിഴച്ചു. അവസാന മിനിറ്റുകളില്‍ നോര്‍ത്ത് ഈസ്റ്റും ബ്ലാസ്‌റ്റേഴ്‌സും മിന്നുന്ന ചില നീക്കങ്ങള്‍ നടത്തിയെങ്കിലും അവയ്‌ക്കൊന്നും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ പോരാട്ടം സമനിലയിലായി. മത്സരം കാണാന്‍ 43229 പേരെത്തി.