സ്‌കൂളിലെത്താന്‍ ആറ് കിലോമീറ്റര്‍ കാല്‍നടയാത്ര

Posted on: December 4, 2014 10:21 am | Last updated: December 4, 2014 at 10:21 am

എടവണ്ണപ്പാറ: ഓമാനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിളയില്‍, മുണ്ടക്കല്‍ പ്രദേശങ്ങളിലുള്ള വിദ്യാര്‍ഥികള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ബസ് സര്‍വീസില്ലാത്തതിനാല്‍ സ്‌കൂളിലെത്തന്‍ ആറ് കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു.
നൂറ്കണക്കിന് വിദ്യാര്‍ഥികളാണ് ദുരിതപര്‍വം താണ്ടി സ്‌കൂളിലെത്തുന്നത്. വിളയില്‍, മുണ്ടക്കല്‍ പ്രദേശങ്ങളില്‍ നിന്ന് രാവിലെ 7.30ന് ഓമാനൂരിലേക്ക് ഉണ്ടായിരുന്ന ബസ് സര്‍വീസ് പൊടുന്നനെ നിര്‍ത്തലാക്കിയതാണ് യാത്രാ ദുരിതങ്ങളെ സങ്കീര്‍ണമാക്കിയത്.
വിദ്യാര്‍ഥികളില്‍ ഏറെയും പെണ്‍കുട്ടികളാണ്. വൈകുന്നേരം 4.45ന് സ്‌കൂള്‍ വിട്ട് വിദ്യാര്‍ഥികള്‍ നടന്ന് വീട്ടിലെത്തുമ്പോഴേക്കും ഏറെ വൈകുന്നു. പെണ്‍കുട്ടികള്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ വൈകി വീട്ടിലെത്തുന്നതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
വിളയില്‍, മുണ്ടക്കല്‍ ഭാഗത്ത് നിന്ന് ഓമാനൂരിലേക്ക് കിഴിശ്ശേരി, കൊണ്ടോട്ടി വഴി സര്‍വീസുണ്ട്. അത് 20 കിലോമീറ്റര്‍ യാത്ര ചെയ്യണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഗവ. ആശുപത്രിയും ബേങ്കും സ്‌കൂളും സ്ഥിതി ചെയ്യുന്ന ഓമാനൂരിലേക്ക് വിളയില്‍, മുണ്ടക്കല്‍ ഭാഗങ്ങളില്‍ നിന്ന് ഓമാനൂരിലേക്ക് ബസ് സര്‍വീസ് ഉടന്‍ പുനരാരംഭിക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.